മണ്മറഞ്ഞു പോകുന്ന കൗതുകങ്ങൾ

Prepared by
ഹിമ . വി.  മാവുങ്കാൽ 
 മുംബൈ
     

🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

തേക്കൊട്ട /തേക്കുകൊട്ട

തേക്കൊട്ട അഥവാ തേക്കുകൊട്ട എന്നത് കേരളത്തിൽ കൃഷി ആവശ്യത്തിനും മറ്റുമായ് കർഷകർ വെള്ളം കോരി തേകുന്നതിനുള്ള കൊട്ട ആണ് .പുതിയ കാർഷിക സാമഗ്രികളുടെ കടന്നു വരവിൽ മണ്മറഞ്ഞു പോയ ഒന്നാണിത്. ചെറിയ കുളങ്ങൾ തേകി വെള്ളം വറ്റിക്കാനും തേക്കുകൊട്ട ധാരാളം ഉപയോഗിച്ചിരുന്നു. ഇതിന്റെ മുകൾവശം ദീർഘവൃത്താകൃതിയിലായിരിക്കും. താഴേക്ക് അത് ചുരുങ്ങിവരും. കൊട്ടയുടെ വായിലും അടിയിലും ഓരോ കയർ കെട്ടും. ഇവയെ യഥാക്രമം വാക്കയറെന്നും അടിക്കയറെന്നും വിളിക്കും. കൊട്ടയിൽ വെള്ളം നിറക്കുമ്പോൾ വാക്കയർ വലിച്ച്പിടിച്ച് അടിക്കയർ അയച്ചുവിടും . ഈ സമയത്ത് കൊട്ട ഒരുവശത്തേക്ക് ചരിയുകയും അതിൽ വെള്ളം നിറയുകയും ചെയ്യും. പിന്നീട് വാക്കയർ അയച്ച് കൊട്ട ഉയർത്തുന്നു. കൊട്ട തറനിരപ്പിന് സമാന്തരമാവുമ്പോൾ അടിക്കയർ വലിച്ചുമുറുക്കുകയും വാക്കയർ അയച്ചിടുകയും ചെയ്യുന്നു. അതോടെ കൊട്ട ഒരുവശത്തേക്ക് ചെരിയുകയും വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യും.

ഇരുമ്പ് തകരം കൊണ്ടോ മരം കൊണ്ടോ ഉള്ള തേവുകൊട്ട പ്രവർത്തിപ്പിക്കൽ ഒരു പ്രയാസമേറിയ പണിയാണ്. കൊട്ടയുടെ ഇരു വശങ്ങളിൽ കയർ കെട്ടാനുള്ള പിടിയുണ്ടാകും. ഈ പിടിയിലൂടെ കയർ രണ്ട് മടക്കുകളായി ഇട്ട് (ഇരു വശങ്ങളിലും) വെള്ളമുള്ളപ്രദേശത്തേക്കു താഴ്ത്തി വെള്ളമെത്തിക്കേണ്ടിടത്തേക്ക് വീശി ഒഴിക്കുന്നത് ഒരു ശ്രമകരമായ ജോലിയാണ്. ഇരു വശങ്ങളിലുമുള്ള കയറുകളിൽ രണ്ട് പേർ പിടിച്ചുവലിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. നല്ല ആരോഗ്യമുള്ളവർക്കേ ഇത് കൂടുതൽ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കൂ. ഇത് നല്ലൊരു വ്യായാമമുറകൂടിയായിരുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

പറ

ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, കൃഷി ചെയ്താൽ പത്തു പറ നെല്ല് കിട്ടാവുന്ന സ്ഥലത്തെയാണ്‌.

പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ, പത്താം പറ, ഏട്ടൻ പറ, പാട്ടപറ, വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സമ്പ്രദായപ്രകാരം 10 ഇടങ്ങഴി ഒരു പറ എന്നാണ് കണക്കാക്കി പോരുന്നത്. നാല് നാഴി ഒരിടങ്ങഴി; 6 നാഴി ഒരു സേർ (മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു) എന്നിങ്ങനെയും കണക്കാക്കുന്നു. എന്നാൽ വള്ളുവനാടൻ ഭാഗങ്ങളിൽ 60നാഴി അഥവാ 10 നാരായം കൊള്ളുന്ന നാരായപ്പറയാണ് നിലവിലുണ്ടായിരുന്നത്.

നെൽകൃഷിയുമായി ഇഴചേർന്ന ഒരു അനുഷ്ഠാനമാണിതിത്. പറയിടൽ എന്നും ഇതിനെ പറയുന്നു. നെൽപാടങ്ങളിൽ സമൃദ്ധമായി നെല്ലുവിളയുകയും വിളവു ലഭിക്കുകയും ചെയ്യുമ്പോൾ ആ ഉത്പന്നത്തിന്റെ ഒരു ഭാഗം ദേശദേവനോ ദേവിക്കോ ഭക്തിപൂർവ്വം സമർപ്പിക്കുന്ന ചടങ്ങാണിത്. ഐശ്വശ്യത്തിന്റെ പ്രതീകം എന്ന നിലയിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ നെല്ല് നിറച്ച പറ ഒരുക്കുന്നത് ഒരു കേരളീയ ആചാരമാണ്. പറനിറയെ നെല്ലും അതിൽ തെങ്ങിൻ പൂക്കുലയും വയ്ക്കുന്നു.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കപ്പിക്ക് വഴിമാറികൊടുത്ത തുടിയുടെ കഥ.

മരം കൊണ്ട് നിർമ്മിച്ച "തുടി" ( കപ്പി) ഒരു കാലത്ത് വെള്ളം കോരാൻ ഉപയോഗിച്ചിരുന്നു. നമ്മുടെ വീട്ടിലെ കപ്പിക്ക് വഴിമാറികൊടുത്ത തുടിയുടെ കഥ. അടുക്കളയും കൊട്ടത്തളവും അതിനോട് ചേർന്ന് ഒരു കിളിവാതിലും ഉണ്ടാകും, അത് വഴി അടുക്കളയിൽ നിന്ന് കൊണ്ട്തന്നെ വെള്ളം കോരാനുള്ള സൗകര്യം പഴയകാലങ്ങളിൽ ഉണ്ടായിരുന്നു.  

രണ്ട് വശങ്ങളിൽ ചരിച്ച് വെച്ച തടികളിലാണ് തുടി ഉറപ്പിച്ചിരിക്കുന്നത്. തീർത്തും മരം കൊണ്ട് നിർമ്മിച്ച തുടിയുടെ അഴികളിൽ കയറിട്ട് ഒരറ്റത്ത് തൊട്ടി (പാട്ട) കെട്ടും. പണ്ട് ചെമ്പ് കുടങ്ങഓയിരുന്നു തൊട്ടിക്ക് പകരം ഉപയോഗിച്ചിരുന്നത്. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനനുസരിച്ച് കയർ തുടിയിൽ ചുറ്റികൊണ്ടിരിക്കും ഇതാണ് തുടിയുടെ പ്രവർത്തനം.

വീടിന്റെ ഏത് കോണിലിരിക്കുന്നവർക്കും കിണറ്റിൽ നിന്നും വെള്ളം കോരുന്ന തുടിയുടെ "കട... കട..." ശബ്ദം കേൾക്കാൻ കഴിയുമായിരുന്നു. ഇന്ന് കപ്പി എന്താണ് എന്നറിയുന്ന ഒരു തലമുറയുണ്ട് എന്നാൽ അവർക്ക് പോലും തുടിയെ കുറിച്ചറിയില്ല. ഇന്നത്തെ കുട്ടികൾക്ക് കപ്പി, തുടി  എന്താണെന്ന് പോലും അറിയില്ല.

കുഴൽ കിണറിന്റെ വരവോടെ പുതിയ കിണറുകളുടെ സാധ്യത മങ്ങുന്നു?. കുടുംബം ഫ്ലാറ്റുകളിലേക്ക് ചുരുങ്ങുമ്പോൾ ഇനി വരുന്ന പുതിയ തലമുറക്ക് കപ്പിയും തുടിയും തുടങ്ങി പഴമയുടെ കഥകളെങ്കിലും പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയണം.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

വഴിയമ്പലങ്ങൾ

പുതു തലമുറയ്ക്ക് അറിവില്ലാത്ത പഴമയുടെ വീഥികളിലൂടെ "വിജ്ഞാനലോകം" സഞ്ചരിക്കുകയാണ്. ഒരു അറിവും ചെറുതല്ല. ഓരോ അറിവും മനസിരുത്തി വായിക്കണം. നമ്മുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. അവർ വളരട്ടെ. പഴമയുടെ നന്മയുള്ള മനസും അറിവുകളും കഥകളുമായി. അവരറിയട്ടെ ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നുവെന്ന്... 
പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ.

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും, വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

നിർമ്മാണ ശൈലി
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്.ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്. (താഴികക്കുടങ്ങൾ കീഴ്പ്പോട്ടുള്ള ഒരു വഴിയമ്പലത്തിന്റെ മേൽക്കൂര ചിത്രത്തിൽ ഉണ്ട്).

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു.എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നത്  പ്രശംസാവഹമാണ്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഭഗത് സിംഗിന്റെ തോക്ക്

1928 ഡിസംബര്‍ 17ന് ലാഹോറില്‍ ബ്രിട്ടീഷ് ഓഫീസര്‍ ജെപി സോണ്ടേഴ്‌സിനെ വധിക്കാന്‍ ഭഗത് സിംഗ് ഉപയോഗിച്ച തോക്ക് എവിടെയാണ് എന്ന് ചോദ്യത്തിന് 2016 നവംബര്‍ വരെ ഉത്തരമുണ്ടായിരുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള മാധ്യമപ്രവര്‍ത്തനും ദ ട്രൈബ്യൂണ്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജുപീന്ദര്‍ജിത് സിംഗിന്റെ അന്വേഷണവും യാത്രകളും പുസ്തകരൂപത്തിലായിരിക്കുകയാണ്. ‘Discovery of Bhagat Singh’s Pistol’ എന്ന പുസ്തകം  2016 ബൈശാഖി ആഘോഷ സമയത്ത് പുറത്തിറങ്ങി.  ഗ്യാന്‍ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പഞ്ചാബിലും മധ്യപ്രദേശിലും ഡല്‍ഹിയിലും ഭഗത് സിംഗിന്റെ തോക്കോ, തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളോ തേടി ജുപീന്ദര്‍ജിത് സിംഗ് നടത്തിയ യാത്രകളെക്കുറിച്ചാണ് പറയുന്നത്.

1931 മാര്‍ച്ച് 23ന് ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ വധശിക്ഷ നടപ്പാക്കിയ ശേഷം ഈ തോക്ക് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലാഹോര്‍ പൊലീസിന് കൈമാറിയിരുന്നു. ജലന്ധര്‍ ജില്ലയിലെ ഫില്ലോറിലുള്ള പൊലീസ് ട്രെയ്‌നിംഗി സ്‌കൂളിലെ ഫയര്‍ ആംസ് ബ്യൂറോയില്‍ ഈ തോക്ക് സൂക്ഷിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടത്.

ഏറെക്കാലും മിക്കവരും കരുതിയിരുന്നത് ഇന്ത്യയില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ ആ തോക്ക് മോഷണം പോയി എന്നാണ്. 2005-06 കാലത്ത് ഈ തോക്ക് സംബന്ധിച്ച വിവരങ്ങള്‍ക്കായി താന്‍ നടത്തിയ അന്വേഷണം വിഫലമായെന്ന് ജുപീന്ദര്‍ജിത്ത് സിംഗ് പറയുന്നു. ഈ തോക്കിന്റെ ഒരു ഫോട്ടോ പോലും എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപ്പോളാണ് ജുപീന്ദര്‍ജിത് സംഗിന്റെ അന്വേഷണം സംബന്ധിച്ച് ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ബിഎസ്എഫിന്റെ ശ്രദ്ധയില്‍ പെടുന്നത്.

പഴയ തോക്കുകള്‍ സംരക്ഷിക്കുന്നതിനായി കറുത്ത പെയിന്റ് അടിച്ചാണ് സൂക്ഷിച്ചിരുന്നത്. തോക്കുകളുടെ പെയ്ന്റ് ഇളക്കി പരിശോധിച്ചപ്പോള്‍ അതില്‍ ഒന്ന് ഭഗത് സിംഗ് ഉപയോഗിച്ച തോക്കാണെന്ന് കണ്ടെത്തി. ഹുസൈനിവാലയിലെ ബിഎസ്എഫ് മ്യൂസിയത്തിലാണ് തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഭഗത് സിംഗിനെ മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ച ബ്രിട്ടീഷ് ജഡ്ജിയുടെ പേനയും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


മൺ മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന  കേരളത്തിന്റെ കാര്‍ഷിക ഉപകരണങ്ങള്‍

കാലത്തിന്റെ കുത്തൊഴുക്കിൽ മലയാളിക്ക് നഷ്ടമായത് തന്റെ കാർഷിക പൈതൃകം തന്നെയാണ്. ആധുനിക കാർഷിക ഉപകരണങ്ങൾ വരുന്നതിനും മുമ്പ് കേരളത്തിന് വലിയ ഒരു കാർഷിക പാരമ്പര്യം ഉണ്ടായിരുന്നു അന്ന് മലയാളികൾ ഉപയോഗിച്ചിരുന്ന ചില കാർഷിക ഉപകരണങ്ങളെ പരിചയപ്പെടാം.

 കലപ്പ :കാളകളെ കെട്ടി നിലം ഇളക്കി കൃഷിക്ക് പാകപ്പെടുത്തുന്നതിനുള്ള ഉപകരണം. പ്ലാവ്, തേക്ക്, വാക, കാഞ്ഞിരം, എന്നിവയുപയോഗിച്ചാണ് കലപ്പ നിർമിക്കുന്നത്. അറ്റത്ത് ഉരുമ്പുകൊണ്ട് നിർമിച്ച കൂർത്ത ചട്ടുകം പോലുള്ള ഒരുപകരണം ഉറപ്പിച്ചിരിക്കും.

 നുകം: വയൽ ഉഴുതുമറിക്കാൻ കന്നുകാലികളെ തമ്മിൽകൂട്ടിക്കെട്ടാൻ ഉപയോഗിച്ചിരുന്നു.

 കരി :കോൽപന, കരിമ്പന, തെങ്ങ്, എന്നീ മരങ്ങൾക്കൊണ്ടാണ് കരി ഉണ്ടാക്കുന്നത്. നുകത്തിന് മേലാണ് കരി ഘടിപ്പിക്കുന്നത്.

 കട്ടക്കുഴ: പാടങ്ങളിലെ മൺകട്ട ഉടയ്ക്കുന്നതിനുള്ള ഉപകരണമാണ് കട്ടക്കുഴ

 മുൾക്കരി :വരണ്ട ഇളക്കമുള്ള നിലങ്ങളിൽ വിത്ത് വിതച്ചതിന്ശേഷം നിരത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് മുൾക്കരി. ഒരു തടിയിൽ പത്തിൽ കൂടുതൽ 6 ഇഞ്ചോളം നീളമുള്ള അറ്റം കൂർത്ത കമ്പുകൾ ഉറപ്പിച്ച ഉപകരണം. കലപ്പ പോലെ നുകവുമായി ബന്ധിപ്പിക്കാൻ സാധിക്കും. പ്ലാവ്, തേക്ക്, വാക, എന്നീ തടികളാണ് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. മുള്ളിനായി തേക്ക്, തെങ്ങ്, കരിമ്പന, പന എന്നിവ ഉപയോഗിക്കുന്നു. കൈപിടിക്കായി പന, കരിമ്പന, തെങ്ങ് എന്നിവ ഉപയോഗിച്ചാണ് നിർമാണം.

 ജലചക്രം: പണ്ടുകാലത്ത് ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് ജലചക്രം. ഒരാൾക്ക് തനിയെ പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ചവിട്ടിയാണ് കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചിരുന്നത്.

 ഊർച്ചമരം : കാളകളെ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. തേക്ക്, മാവ്, കശുമാവ്, എന്നിവയുടെ പലകയും, കാഞ്ഞിരം, തെങ്ങ്, മൈലാഞ്ചി എന്നിവയുടെ കോലുകളും ഉപയോഗിച്ചാണ് ഊർച്ചമരം നിർമ്മിക്കുന്നത്.

 ഏത്തക്കൊട്ട :ജലയേജനത്തിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ഏത്തക്കൊട്ട. ആഴമുള്ള ജല സ്രോതസ്സ് നിന്നും വെള്ളമെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈറ്റ കൊണ്ട് ത്രികോണാകൃതിയിൽ നിർമിച്ച കൊട്ട ഒരു മുളയിൽ കെട്ടിയാണ് കിണറുകളിൽ നിന്നും ജലസേജനം നടത്തിയിരുന്നത്.

 വിത്ത് പൊതി :ദീർഘകാലം വിത്ത് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന മാർഗമാണ് വിത്ത് പൊതി. വൈക്കോലുകൊണ്ട് വിത്ത് പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയാണ് ഇത്.

 വിത്തുകൂട്ടി: നിരന്നുകിടക്കുന്ന നെല്ല് വലിച്ചുകൂട്ടാൻ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം.

 വെള്ളിക്കോൽ: പണ്ടുകാലത്ത് ചെറിയതോയിൽ നെല്ല് അളക്കുവാൻ ത്രാസിനു പകരം ഉപയോഗിച്ചിരുന്ന ഉപകരണം. ഇതിന് തുലാൻ അളവാണ് ഉപയോഗിച്ചിരുന്നത്.

 കൂങ്കത്തി : കുറ്റിച്ചെടികളും മറ്റും നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന പഴയ അരിവാൾ.






🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മുറം 

ഒരു കേരളീയ വീട്ടുപകരണം ആണ് മുറം .അരി ,പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നു വിളിക്കുന്നു. അവിടെ മുറം എന്നറിയപ്പെടുന്നത് ധാന്യവും മറ്റും കോരിമാറ്റാൻ ഉപയോഗിക്കുന്ന മറ്റൊരു ഉപകരണത്തെയാണ്.

ഓട(ഈറ്റ) കൊണ്ടാണ് കൊട്ട, മുറം എന്നിവ നിർമ്മിക്കുന്നത്. മൂത്ത ഓടയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂത്ത ഓടകൾ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉണങ്ങിയ ചീളുകൾ ഉപയോഗിച്ച് കൈകൊണ്ട് കൊട്ട, മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു. കത്തിയാണ് ഇതിന്റെ നിർമ്മാണത്തിനായി പ്രധാന ആയുധമായി ഉപയോഗിക്കുന്നത്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


സുരംഗങ്ങൾ
(ഒരു ജനതയുടെ ജലസംസ്‌കാരത്തിന്റെ അടയാളങ്ങള്‍)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെയും കർണാടകയിലെ ദക്ഷിൺ കന്നഡ ജില്ലയിലെയും മലമ്പ്രദേശങ്ങളിൽ ഭുഗർഭജലം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപാധിയാണ് സുരംഗം.മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ.മണ്ണിലൂടെ വെള്ളത്തിന്റെ ഉറവിടംവരെ നീരുറവ തേടിപ്പോകുന്ന ഭാഗീരഥ പ്രയത്‌നമാണ് തുരങ്ക നിര്‍മ്മാണം. 

സുരങ്ക കിണറുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്ന സൃഷ്ടിയാണ്. മലഞ്ചെരിവിലെ ഉള്ളറകളില്‍ പൊടിയുന്ന തെളിനീര്‍, ഭൂമിക്ക് പുറത്തേക്ക് ചാലുകളായി എത്തിക്കുന്നതിന്‍റെ ചുരക്കപ്പേരാണ് തുരങ്കം എന്ന് മലയാളത്തിലും സുരംഗ എന്ന് തുളുവിലും പറയുന്ന ജലസ്രോതസ്സ്. അഞ്ച് കോല്‍ മുതല്‍ 240 കോല്‍ വരെ ഭൂമിയുടെ അകത്തേക്ക് തുരന്നുചെന്ന സുരംഗകള്‍ കാസര്‍കോടുണ്ട്. ഇവ 3,000 ത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

മണ്ണില്‍ പുതച്ചു കിടക്കുന്ന തെളിനീരിനെ കവുങ്ങ് തടികള്‍ പിളര്‍ന്നും, പൈപ്പുകള്‍ വഴിയും കൃഷിയിടങ്ങളിലേക്കും വീട്ടാവശ്യത്തിനും ശേഖരിച്ചുവന്ന രീതിയായിരുന്നു അത്. വരള്‍ച്ച ബാധിച്ച കണറുകളില്‍ തുരങ്കങ്ങള്‍ നിര്‍മ്മിച്ച് വെള്ളത്തെ തിരിച്ചുകൊണ്ടുവരുന്ന രീതിയും ആയിരുന്നു സുരംഗങ്ങൾ. 

ഇത്തരം സുരംഗങ്ങൾ  30-40 മീറ്റർ വരെ നീളത്തിൽ തുരക്കാറുണ്ട്. സുരംഗങ്ങൾക്ക് സാധാരണ 2 മീറ്റർ ഉയരവും അര മീറ്റർ വീതിയും ഉണ്ടാകും. തുറന്ന കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളിലാണ് ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കുന്നത്.
മലഞ്ചെരിവിന് സമാന്തരമായി സുരംഗം  ഉണ്ടാക്കിയാണ് വെള്ളം കണ്ടെത്തുന്നത്. സുരങ്ക കിണറാണ് കാസര്‍ഗോഡിന്‍റെ മലയോരങ്ങളിലെ പ്രധാന ജലസ്രോതസ്. 400 ഉം 500 അടി താഴ്ത്തി ഭൂഗര്‍ഭജലം പരമാവധി ചൂഷണം ചെയ്ത് എടുക്കുന്ന കുഴല്‍കിണര്‍ രീതിയല്ല  സുരങ്ക കിണറിന്‍റേത്. കിണ്ടിപോലെ ആവശ്യത്തിന് ജലം നല്‍കുന്ന നീരുറവകള്‍ കണ്ടെത്തുകയാണ്.

സ്വതന്ത്രമായ തുരംഗങ്ങൾക്കു പുറമേ, തുറന്ന കിണറുകളിലെ ജലലഭ്യത വർദ്ധിപ്പിക്കുന്നതിന് അതിന്റെ ഉൾഭിത്തിയിൽ നിന്ന് വിവിധ വശങ്ങളിലേക്കും സുരംഗങ്ങൾ തുരന്നുണ്ടാക്കുന്നു.സുരങ്കയിലെ വെള്ളം കുഴല്‍കിണറുപോലെ മലിനമാവില്ലെന്ന പ്രത്യേകയുമുണ്ട്. ആവശ്യത്തിനുള്ള വെള്ളം എപ്പോഴും മദക്കങ്ങളില്‍(മണ്ണുകൊണ്ടുള്ള ടാങ്ക്) കൃഷിക്ക് എപ്പോഴും ഉപയോഗിക്കാന്‍ കഴിയും. 

1.8 മുതല്‍ 2 മീറ്റര്‍ വരെ ഉയരവും 0.45 മുതല്‍ 0.70 മീറ്റര്‍ വീതിയും 300 മീറ്ററിലധികം നീളവുമുണ്ടാകും മിക്ക തുരങ്കങ്ങള്‍ക്കും. ഒരെണ്ണത്തില്‍ തന്നെ ഭൂമിക്കകത്ത് കൈവഴികളായി മൂന്നും നാലും എണ്ണം ബന്ധിപ്പിച്ച തരത്തിലുള്ള സുരംഗവുമുണ്ട്. 

വെള്ളം കണ്ടത്തെിയാല്‍ മണ്ണു കൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെ തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്‍റെ സഹായത്തില്‍ പുറത്തേക്കൊഴുക്കും. വെളിമ്പ്രദേശത്ത് മണ്ണു കൊണ്ടു കെട്ടിയുണ്ടാക്കിയ മദക്കങ്ങള്‍ എന്നറിയപ്പെടുന്ന ജലസംഭരണികളിലേക്ക് വെള്ളം വീഴ്ത്തും. ഇപ്പോള്‍ കോണ്‍ക്രീറ്റ് ടാങ്കുകളും വ്യാപകമാണ്. കിണറുകളില്‍ വെള്ളം കുറഞ്ഞാല്‍ അടിത്തട്ടില്‍ നിന്ന് തുരന്ന് വെള്ളം കണ്ടെത്താനും തുരക്കുന്നുണ്ട്.

ഇന്ത്യന്‍ പാരമ്പര്യത്തില്‍ അത്രകണ്ട് പ്രാധാന്യം നേടിയിട്ടില്ലാത്ത തുരങ്കങ്ങള്‍ തുളുനാട്ടിലെത്തിയത് കടലുകടന്നെത്തിയ അറബികളില്‍ നിന്നുമാണ്. ഇറാന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ക്വാനട്ടി (Quanat) ന്റെ തനിപ്പകര്‍പ്പാണ് തുരങ്കങ്ങള്‍. ക്വാനട്ടുകള്‍ക്ക് സമാനമായ മൂന്ന് തുരങ്കജല സ്രോതസ്സുകളാണ് ബിദറിലുള്ളത്. എഡി 1400-500 കളില്‍ ബഹ്മാനി രാജവംശത്തിന്റെ കാലത്താണ് ഇവ നിര്‍മിച്ചത്. സംരക്ഷിക്കപ്പെടേണ്ട ലോകപൈതൃകങ്ങളുടെ നിരീക്ഷണപട്ടികയിലുള്ള ഈ ജലസ്രോതസ്സുകള്‍ ബിദറിന്റെ പൂര്‍വ്വകാല പ്രതാപത്തെ വെളിപ്പെടുത്തുന്നു. ഇവയില്‍ നഗരപരിധിക്ക് തൊട്ടുപുറത്തുള്ള Naubad Karez (ക്വാനട്ട്) ട്യെലോ എന്ന ജലസ്രോതസ്സ് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ 21 കിണര്‍ സമാനമായ ദ്വാരങ്ങളും കാണാം. ഇവയില്‍ ചിലത് കാലക്രമേണ അടഞ്ഞുപോയിട്ടുണ്ട്. തുറന്ന നിലയിലുള്ളവയില്‍നിന്ന് ലഭിക്കുന്ന വെള്ളം കുടിക്കാനടക്കം വീട്ടാവശ്യത്തിനും കൃഷിക്കും ഇപ്പോഴും ഉപയോഗിക്കുന്നു.

ബിസി 700-കളിലാണ് ഇറാനും ഇറാഖും ഉള്‍പ്പെടുന്ന മധ്യേഷ്യയില്‍ ഭൂമി തുരന്ന് ക്വാനട്ടുകള്‍ നിര്‍മിച്ചത്. മുഖാനിസ് എന്നായിരുന്നു നിര്‍മാതാക്കളായ തൊഴിലാളികളെ വിളിച്ചിരുന്നത്. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍മേനിയക്കാരും അതിനും മുമ്പ് മെസപ്പൊട്ടേമിയന്‍ കാലഘട്ടത്തിലും മനുഷ്യന്‍ ഇത്തരത്തില്‍ വെള്ളം കണ്ടെത്തിയിരുന്നുവെന്ന് ചരിത്രത്തില്‍ പറയുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്ന് കച്ചവടത്തിനെത്തിയ അറബികളാണ് തുരങ്കനിര്‍മാണം അത്യുത്തരകേരളത്തിനും ദക്ഷിണ കന്നഡയ്ക്കും പരിചയപ്പെടുത്തിയത്. ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനാപരമായ സവിശേഷതകളുമാണ് തുരങ്കം വ്യാപകമാകാന്‍ കാരണം.

വീട്ടുമുറ്റത്തോട് ചേര്‍ന്നും, പറമ്പുകളിലുമൊക്കെ ചെറിയ മറകൊണ്ട് മൂടിയ തുരങ്കങ്ങള്‍ കാണാം. കാസറഗോഡന്‍ ഗ്രാമങ്ങളില്‍ തുരങ്കങ്ങള്‍ക്കകത്ത് കയറിയും, അകത്തുനിന്നും പുറത്തേക്ക് നിര്‍മ്മിച്ച ചാലുകളും, പൈപ്പുകളും വഴിയും വെള്ളമെത്തും. ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്ന കൊടും വേനലില്‍ കാസറഗോഡിന്റെ നഗരഭാഗം വീര്‍പ്പുമുട്ടുമ്പോഴും ഗ്രാമീണ ജീവിതത്തെ തണുപ്പിക്കാന്‍ ഈ ജലസ്രോതസ്സുകളുണ്ടായിരുന്നു.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

തൂങ്ങുന്ന ശവ മഞ്ചങ്ങള് ‍‍(HANGING COFFINS)

മനുഷ്യരുടെ മൃതുദേഹങ്ങള്‍ അവരുടെ മരണ ശേഷം ഒറ്റമരതടിയില്‍ തീ൪ത്ത് അലങ്കാര പണികള്‍ നടത്തി ഉയര്‍ന്ന കുന്നിന്പുറത്തെ ഗുഹകളിലോ ചെങ്കുത്തായ മലനിരകളിലോ മൂന്നോ നാലോ മരതടികള്‍ പാറയില്‍ ഉറപ്പിച്ച് വച്ച് അതിന് മുകളില്‍ ശവ മഞ്ചങ്ങള്‍ ഉറപ്പിച്ച് വെക്കുന്നതിനെയാണ് തൂങ്ങുന്ന ശവ മഞ്ചങ്ങള്‍ എന്ന് വിളിക്കുന്നത്. ചൈനയിലെ തെക്കന്‍ ഭാഗങ്ങള്‍, ഫിലിപ്പീന്‍സ്‌,തയിലാന്‍റ്,ഇന്തോനെഷ്യാ എന്നീ രാജ്യങ്ങളിലെ ന്യൂന പക്ഷ ജന വിഭാഗങ്ങള്‍‍ക്കിടയിലാണ് ഇത്തരം ആചാരങ്ങള്‍ സാധാരണയായി കണ്ടു വരുന്നത്.3600വര്‍ഷം മുന്‍പേ ചൈനയിലെ ഫുജിയാനിലെ വുയി മല നിരകളിലാണ് ഇത്തരത്തില്‍ ശവമഞ്ചങ്ങള്‍ ആദ്യം കാണാന്‍ ഇടയായത്.ഇത് പിന്നീട് ജനസംഖ്യാ വര്‍ധനവും കുടിയേറ്റവും കാരണം തെക്കന്‍ ചൈന വഴി തെക്ക്‌-കിഴക്കേ ഏഷ്യയിലും എത്തപ്പെട്ടു. ബി സി 722-1027  സോഊ കാല ഘട്ടത്തില്‍( ZHOU DYNASTY) തെക്കന്‍ ചൈനയിലെ വുയീ മലനിരകളില്‍ ന്യൂന പക്ഷ ബോ ഗോത്ര വിഭാഗക്കാരാണ് ഇത്തരത്തില്‍ ശവ മഞ്ചങ്ങള്‍ മലകള്‍ക്ക് മുകളില്‍ ആദ്യമായി പ്രതിഷ്ടിച്ചു തുടങ്ങിയത്.ഇങ്ങനെ ചെയ്യുക വഴി മരണപ്പെട്ട വ്യക്തിക്ക് ഹിംസ്ര ജന്തുക്കളില്‍ നിന്നും രക്ഷ നേടാന്‍ സാദിക്കുകയും അവരുടെ ആത്മാക്കള്‍ക്ക് സ്വര്‍ഗത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാ൯ വഴി ഒരുക്കുകയും ചെയ്യുമെന്ന്  അവര്‍ വിശ്വസിക്കുന്നു.ചൈനയില്‍ എവിടെയും ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അവര്‍ നിര്‍മ്മിച്ചു വെക്കുന്ന ആരാധനാലയങ്ങളില്‍ മിക്കവയും ഒറ്റപ്പെട്ടതും ഉയ൪ന്നതുമായ മല നിരകള്‍ക്ക് മുകളിലായിരിക്കും  പ്രതിഷ്ടിക്കുക. അതുവഴി ആകാശമാകുന്ന സ്വര്‍ഗത്തിലേക്ക്  അവര്‍ക്ക്‌ എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കാം എന്ന് അവര്‍ കരുതുന്നു. ഇതിന്‍റെ ചുവട് പിടിച്ചാണ് ഈ ശവ സംസ്കാര രീതിയും ഇത്തരം ന്യൂന പക്ഷ വിഭാഗങ്ങളില്‍‍ ഉടലെടുത്തത്.ആദ്യ കാലങ്ങളില്‍ സഞ്ചാരികള്‍ അവരുടെ യാത്രാ മദ്ധ്യേ ഇത്തരം ശവ മഞ്ചങ്ങള്‍ കാണാന്‍ ഇടയായാല്‍‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നോ എങ്ങനെ ഇവ അവിടെ പ്രതിഷ്ടിച്ചു എന്നോ ഉള്ള ചോദ്യങ്ങള്‍‍ക്ക് അന്നാട്ടുകാര്‍ ഉത്തരം നല്‍കിയിരുന്നില്ല. സിശുആ൯ പ്രവിശ്യയിലെ ഗോന്ഗ്ശിയാനിലെ ബോ വിഭാഗക്കാ൪, ഡ്രാഗണ്‍ ടൈഗ൪- വുയീ മലനിരകളിലെ ഗുയു വിഭാഗക്കാര്‍, ഫിലിപ്പീനിലെ സഗട വിഭാഗക്കാര്‍, ഇന്തോനേഷ്യയിലെ ലോണ്ട നങ്കല ഗുഹയ്ക്ക് സമീപമുള്ള സദന്‍ ടോറാജ വിഭാഗക്കാര്‍ എന്നിവര്‍ക്കിടയിലാണ് ഇത്തരം ആചാരം ഇന്നും നില നില്‍ക്കുന്നതായി കാണുന്നത്.ഈ അടുത്ത കാലത്ത്‌ നടന്ന ഒരു പഠനത്തില് ‍തെക്കന്‍ ചൈനയിലെയും വടക്ക൯ തായിലാന്റിലെയും ഇത്തരം ആചാരങ്ങള്‍ പിന്തുടരുന്നവരുടെ DNA കള്‍ തമ്മില്‍ ജനിതക പരമായി യുനാനിലെ സഉടോങ്ങ് (ZHAOTONG) ജനവിഭാഗവുമായി പരസ്പരം സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി.





🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

പത്തായം

മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.

തേക്ക്, ഈട്ടി, പ്ലാവ് തുടങ്ങിയ ഈട് നിൽക്കുന്ന മരം കൊണ്ടാണ് നിർമ്മാണം. ചതുരാകൃതിയിൽ, നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിത്, തുറന്നിരിക്കുന്ന വശം, നിരപ്പലകകൾ ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടിൽപ്പത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. കട്ടിലായും എഴുത്തുമേശയായും ഇത്തരം പത്തായങ്ങളെ ഉപയോഗിക്കാറുണ്ടായിരുന്നു.

അറക്കൽക്കൊട്ടാരത്തിലെ പത്തായം
വലിയ തറവാടുകളിൽ, പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയിൽ പത്തായവും അതിനോട് ചേർന്ന് മുറികളും മാളികയും പണിത പത്തായപുരകളും‍‍ സാധാരണയായി നിർമ്മിക്കാറുണ്ടായിരുന്നു.ചില ആരാധനാലയങ്ങളോടനുബന്ധിച്ച് പത്തായപ്പുരകൾ നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

അത്താണി

ആരോ എന്നോ നാട്ടിയതാണ് ഈ മൂന്ന് കല്ലുകൾ. അത്താണിയെന്നും ചുമടുതാങ്ങിയെന്നുമൊക്കെ അറിയപ്പെടുന്ന ഇവയ്ക്ക് ഒരു പക്ഷെ നൂറ്റാണ്ടുകളുടെ തന്നെ  പാരമ്പര്യം അവകാശപ്പെടാനുണ്ടാകും. ഭാരം വഹിച്ചു തളരുന്നവരുടെ ആശ്വാസത്തിനായി പിറവിയെടുത്തതാണ് ഓരോ അത്താണിയും. കാലം മാറിയപ്പോൾ കഥയും മാറി. ഒരു ചുടു നെടുവീർപ്പോടെ ഒരു കാലത്ത് പലരും ഭാരമിറക്കിവെച്ചിരുന്ന ഓരോ അത്താണിക്കും കാണും ഒരുപാട് കഥകൾ പറയാൻ. പടയോട്ടങ്ങളുടെ കഥകൾ.... വിളംബരങ്ങളുടെ കഥകൾ... പകപോക്കലുകളുടെയും ചതിയുടെയും കഥകൾ... എണ്ണമറ്റ കണ്ണീർക്കഥകൾ... പ്രത്യാശകളുടെയും പ്രതീക്ഷകളുടെയും കഥകകൾ...  അങ്ങനെ പലതും നെഞ്ചേറ്റിയാണ് അവശേഷിക്കുന്ന പല അത്താണികളും ഇന്നും നമ്മുടെ മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ നിൽക്കുന്നത്. ഓരോ അത്താണിയും പോയ കാലത്തെയോർത്ത് നെടുവീർപ്പിടുന്നുണ്ടാകാം. അത് തിരിച്ചറിയണമെങ്കിൽ കല്ലിന്റെ മനസ്സറിയുന്നവരായിരിക്കണം നാം. ആധുനിക യുഗത്തിൽ, അഹന്തയാലും ദുരയാലുമൊക്കെ മനസ്സ് കരിങ്കല്ലിന് സമമാക്കിയവർക്കെങ്ങനെ അത്താണികളുടെ ഗദ്ഗദം മനസ്സിലാക്കാനാകും...!

നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന മഹദ് വചനം ഹൃദിസ്ഥമാക്കിയവരെങ്കിലും നമുക്കൊക്കെ നമ്മുടെ കാര്യങ്ങൾ മാത്രമാണ് വലുത്. മറ്റൊരാൾക്ക് ഏതെങ്കിലും തരത്തിലുളള അത്താണിയാകാൻ ഇന്നത്തെ സമൂഹത്തിന് സാധിക്കുന്നുണ്ടോ ? ഒരാൾക്ക് ഒരുപകാരം ചെയ്താൽ അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റിടുന്നവരാണ് ഇന്ന് കൂടുതലും. പ്രതിഫലേച്ഛകൂടാതെയും സമൂഹമറിയാതെയും അർഹരെ സഹായിക്കാൻ ഓരോ അത്താണിയും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്താണികൾക്കും ഹൃദയമുണ്ട്. സ്നേഹവും സഹാനുഭൂതിയുമുളള ഹൃദയം. ഭാരം ചുമന്ന് വാടിത്തളർന്നുവന്ന അനേകമനേകം അജ്ഞാതരായ ആളുകളെ സഹായിച്ച നന്മയുളള ഹൃദയം. ഓരോ അത്താണിയും അലിവിന്റെ പ്രതീകമാണ്. നന്മയാണ്. ആശ്വാസമാണ്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

സൂര്യഘടികാരം

ആദ്യകാലത്ത് മനുഷ്യർ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്ന സാങ്കേതികസാമഗ്രികൾ പൊതുവായി അറിയപ്പെടുന്നതു് സൂര്യഘടികാരം എന്നാണു്. സൂര്യപ്രകാശത്തെ അടിസ്ഥാനമാക്കിയാണിവയുടെ പ്രവർത്തനം. പ്രവർത്തനതത്വം വളരെ ലളിതമാണെങ്കിലും വ്യത്യസ്തമായ വലിപ്പങ്ങളിലും ഘടനകളിലും സൂര്യഘടികാരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. ബി.സി. 900 -ആം ആണ്ടിൽ ഈജിപ്റ്റുകാർ ഇത്തരം ഉപകരണങ്ങൾ സമയനിർണയത്തിനായി ഉപയോഗിച്ചിരുന്നു. ഇസ്രായേലുകാരും ബാബിലോണിയക്കാരും മറ്റു നാഗരികതകളും വലുതും ചെറുതുമായി പലതരത്തിലുള്ള സൂര്യഘടികാരങ്ങൾ കണ്ടുപിടിച്ചു.

ശങ്കു (gnomon) എന്ന വലിയൊരു കമ്പ് മണ്ണിൽ കുത്തിനിർത്തി, അതിന്റെ നിഴൽ(ശങ്കുച്ഛായ) ഭൂമിയിൽ പതിക്കുന്നതിനെ അടിസ്ഥാനമാക്കി സമയം നിർണയിക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തു വന്നിരുന്നത്. പിന്നീട് വ്യത്യസ്തങ്ങളായ സൂര്യഘടികാരങ്ങൾ നിലവിൽ വന്നു. സൂര്യപ്രകാശം ഈ ഉപകരണത്തിന് ഒരു അഭിവാജ്യഘടകമായതിനാൽ തന്നെ സൂര്യപ്രകാശം കുറഞ്ഞ സമയത്തും രാത്രിയിലും സൂര്യഘടികാരത്തെ അടിസ്ഥാനമാക്കിയുള്ള സമയനിർണയം നടന്നിരുന്നില്ല.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

പ്രാചീനകാലത്തെ കല്ലറകൾ 

ഇരുമ്പിന്റെ ഉപയോഗം കേരളത്തിൽ നിലവിൽ വന്നതോടുകൂടിയാണ് വലിയ ശിലകളെ കൈകാര്യം ചെയ്യാൻ മനുഷ്യന് കഴിവുണ്ടായത്. മരണാവശിഷ്ടങ്ങൾ സൂക്ഷിക്കാനല്ലാതെയുള്ള ഗുഹാമന്ദിരങ്ങളും ഇക്കാലയളവിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കാണുന്ന മഹാശിലാവശിഷ്ടങ്ങൾ ഒന്നുപോലെയല്ല കാണപ്പെടുന്നത്. ഉത്തരേന്ത്യയിൽ പശ്ചിമോത്തരഭാഗത്തുള്ള ചുരങ്ങൾ വഴിയായും, ദക്ഷിണേന്ത്യയിൽ കടൽത്തീരം വഴിയുമാണ് മഹാശിലാസംസ്കാരം എത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. 

ഒന്നോ അതിലധികമോ അറകളോടുകൂടി ദീർഘചതുരാകൃതിയിലോ വൃത്താകൃതിയിലോ ആണ് ഗുഹാശവകുടീരങ്ങൾ നിർമ്മിച്ചുകാണുന്നത്. പ്രവേശനകവാടം ഇടുങ്ങിയതും, ചതുരാകാരവുമായിരിക്കും. പ്രധാനഗുഹയിൽ മിക്കപ്പോഴും ഒരു കേന്ദ്രകാണ്ഡം ഉണ്ടായിരിക്കും. ചിലതിൽ ഒന്നോരണ്ടോ തട്ടുകളും തുറന്ന ഒരങ്കണവും ഉണ്ടാവും.ഇങ്ങനയുളള ഗുഹകളിൽനിന്നും കണ്ടെടുത്തിട്ടുള്ള മൺപാത്രങ്ങളും ഇരുമ്പുപകരണങ്ങളും ശവസംസ്കാരത്തോടുള്ള ബന്ധം വ്യക്തമാക്കുന്നു. 

 കല്ലറകൾ (Cists) 

ഭൂമിക്കടിയിൽ, ചീങ്കല്ലിൽ വെട്ടിയുണ്ടാക്കിയ അറകൾ ഒന്നോ ഒന്നിലധികമോ അടുത്തടുത്ത് ഉണ്ടായിരിക്കും. മൃതാവശിഷ്ടങ്ങളും, മരിച്ചയാളിന്റെ അന്ത്യകാലത്തെ വകകളും നിക്ഷേപിച്ചശേഷം മൂടുകല്ല് കൊണ്ട് മുകൾഭാഗം മൂടുന്നു. മൂടുകല്ലിൽ കാറ്റ് കടക്കാൻ പ്രത്യേകം ദ്വാരവും നിർമ്മിക്കും. കുന്നത്ത്നാട് താലൂക്കിൽ കണ്ടെത്തിയ കല്ലറകൾക്ക് ആറുമുതൽ എട്ട് മീറ്റർവരെ ചുറ്റളവ് കണ്ടെത്തിയിരുന്നു. പിരപ്പൻകോട്, പുലിയൂർ, കൊടുമൺ, കല്ലാർ (കോട്ടയം), എടപ്പാൾ എന്നിവിടങ്ങളിൽ നിന്നും ഇവ കണ്ടെത്തിയിട്ടുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


ചരിത്രം ഉറങ്ങുന്ന ആറന്മുള കണ്ണാടികൾ 

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് നാല് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000 - മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മാണ്ടിൽ ഗ്രീസിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇന്ത്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു.കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു.





🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

നന്നങ്ങാടി അഥവാ മുത്തുമക്കത്താഴി (Urn Burial) 

മൃതാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന മൺഭരണിയെയാണ് നന്നങ്ങാടിയെന്നും, മുത്തുമക്കത്താഴിയെന്നും പറയുന്നത്. അത് മണ്ണിൽ കുഴിച്ചിട്ടശേഷം ഒരുപരന്ന കല്ലു കൊണ്ട് മൂടുന്നു. ഇപ്രകാരം വയ്ക്കുന്ന മേശക്കല്ലിൽ ദ്വാരം ഉണ്ടായിരിക്കും. നന്നങ്ങാടികളാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്‌. ഏറ്റവും കൂടുതൽ നന്നങ്ങാടികൾ കണ്ടെത്തിയിരിക്കുന്നത് തൃശൂർ ജില്ലയിൽ നിന്നുമാണ്, ഏതാണ്ട് പതിനഞ്ചോളം സ്ഥലങ്ങളിൽ ഇവ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കോട്ടൂർ, ശ്രീകാര്യം, വെഞ്ഞാറമ്മൂട്, മങ്ങാട്, കല്ലാർ ഇവടങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്. നന്നങ്ങാടികളിൽ മരിക്കുന്നതിന് മുന്നേ ഇറക്കിവയ്ക്കുന്ന രീതി നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

നെല്ലിപ്പലക

കേരളത്തിലെ ചിലപ്രദേശങ്ങളിൽ പണിയുന്ന കിണറുകളുടെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്ന മരം കൊണ്ടുണ്ടാക്കിയ സംവിധാനമാണ് നെല്ലിപ്പടി അഥവാ നെല്ലിപ്പട. സാധാരണയായി നെല്ലിമരം കൊണ്ടാണ് വൃത്താകൃതിയിലുള്ള ഈ സംവിധാനം നിർമ്മിക്കുക. നെല്ലിക്കുറ്റികൾ കൊണ്ട് അടിച്ചുറപ്പിച്ച നെല്ലിപ്പടയ്ക്കുമുകളിലായിരിക്കും മറ്റു പടവുകൾ. വടക്കൻ മലബാറിൽ സാധാരണയായി കോൽ അളവിൽ ഓരോരോ പടവുകൾ ആണുണ്ടാകുക. ചെങ്കല്ലുകൊണ്ട് കെട്ടി മനോഹരമാക്കിയിരിക്കും കിണറുകൾ. നെല്ലിപ്പട ഉണ്ടായാൽ ഏതുകാലത്തും വെള്ളം ശുദ്ധമായിരിക്കും എന്നാണ് വിശ്വാസം. 

പണ്ട് കിണര്‍ നിര്‍മ്മിക്കുമ്പോള്‍ ചിലർ അതിന്റെ ഏറ്റവും അടിത്തട്ടില്‍ അതിന്റെ ചുറ്റളവ്‌ കണക്കാക്കി നെല്ലിമരം കൊണ്ടുണ്ടാക്കിപിടിപ്പിച്ചിരുന്ന വലയമാണിത്. വളരെ ലളിതമായി പറഞ്ഞാല്‍ കിണറിന്റെ അടിത്തറയിലാണ് ഈ നെല്ലിപ്പടി.

നെല്ലിക്കുറ്റികൾ കൊണ്ട് ഇവ അടിയിൽ ഉറപ്പിക്കുന്നു. പ്രകൃതിദത്തമായി വെള്ളം ശുദ്ധീകരിക്കാനും, ഒരു പ്രത്യേക സ്വാദ് ലഭിക്കാനുമുള്ള മാർഗ്ഗമായിരുന്നു അത്. ഇവക്ക് ദീർഘകാലത്തെ ആയുസ്സുമുണ്ട്. ഈയിടെ ഒരു അമ്പലക്കിണറിന്റെ അടിത്തട്ടിൽ നിന്ന് 1500 വർഷത്തോളം പഴക്കമുള്ള നെല്ലിപ്പലക കണ്ടെത്തിയിരുന്നു.

വെള്ളം വറ്റാത്ത കിണറില്‍ നെല്ലിപ്പലക പിന്നീട് കാണാന്‍ പ്രയാസമാണ്. ഇപ്പോൾ വളരെ ചുരുക്കം ചിലരേ കിണറിന്റെ അടിത്തട്ടിൽ ഇതിടാറുള്ളു.
കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ല് തന്നെ വരാൻ കാരണം . അങ്ങേ അറ്റം കണ്ടു എന്നാണ് അർത്ഥം.





🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

നാട്ടുകൽ (Menhir) 

കുഴിച്ചിട്ട മൃതാവശിഷ്ടത്തിനുമേലോ നന്നങ്ങാടിക്ക് മുകളിലോ നാട്ടുന്ന ശിലാസ്തംഭത്തെയാണ് നാട്ടുകൽ എന്ന് വിളിക്കുന്നത്. ഇവയ്ക്ക് പുലച്ചിക്കൽ എന്നും വിളിക്കപ്പെടുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള നാട്ടുകൽ ലോകത്തു മറ്റെങ്ങും ഉള്ളതുപോലെയല്ല. ഏറ്റവുംകൂടുതൽ നാട്ടുകൽ കണ്ടെത്തിയിട്ടുള്ളത് ഇടുക്കിജില്ലയിലെ ചിന്നക്കനാൽ നിന്നുമാണ്; ഏതാണ്ട് പതിനെട്ടോളം നാട്ടുകൽ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പെരിനാട്, അതിരമ്പുഴ, തിരുനക്കര, കല്ലെഴുത്ത് എന്നിവിടങ്ങളിലുള്ള നാട്ടുകൽ കച്ചമ്പാറയിലും കർണ്ണാമുഴി, തൃപ്പൂണിത്തുറ, ആനക്കട്ടി എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

തൊപ്പിക്കല്ല് 
 കുടക്കല്ല് (Capstone / Umbrellastone)

ഭൂമിയിൽ കുഴിച്ചിട്ട മൃതാവശിഷ്ടത്തിനു മുകളിൽ കമഴ്ത്തിവയ്ക്കുന്ന തൊപ്പിയുടെ ആകൃതിയിലുള്ള കല്ലിനെയാണ് തൊപ്പിക്കല്ല് എന്ന് വിളിക്കപ്പെടുന്നത്. നന്നങ്ങാടിയുടെ മുകളിൽ തൊപ്പിക്കല്ല് വച്ചു മൂടാറുണ്ട്.
കുഴിച്ചിട്ട മൃതാവശിഷ്ടത്തിനുമേൽ കല്ലുകൾ നാട്ടി അവയ്ക്ക് മുകളിൽ കുടപോലെ വയ്ക്കുന്നതാണ് കുടക്കല്ല്. തൊപ്പിക്കലും കുടക്കല്ലും കേരളത്തിന്റെ പ്രത്യേകതയാണ്. നിർദിഷ്ട രീതിയിൽ കൊത്തിയെടുത്ത കരിങ്കല്ലുകളാണ് കുടക്കല്ലും, തൊപ്പിക്കലും. കൈയില്ലാത്ത പനയോലക്കുടയെ അനുസ്മരിപ്പിക്കുന്ന ആകൃതിയാണ് കുടക്കല്ലിന്. കൊല്ലംജില്ലയിലെ അഞ്ചിരണ്ടിലും, പത്തനംതിട്ടയിൽ കാടുകുത്തിയിലും കൂടാതെ ബൈസൺവാലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കൽക്കൂടാരം (Dolmen)

ഭൂമിക്ക് മുകളിലുള്ള കല്ലറയാണ് കൽക്കൂടാരം. അതിന്റെ ഒരുവശം മാത്രം എടുത്തുമാറ്റാവുന്ന ശിലാഫലകമായിരിക്കും. നാല് പാർശ്വഫലകങ്ങൾക്കുമേൽ മച്ചുപോലെ താങ്ങിനിർത്തിയിരിക്കുന്ന അഞ്ചാമതൊരു ഫലകമാണ് കൽക്കൂടാരം. ചിലയിടങ്ങളിൽ ഒരേ ശിലാവലയത്തിനകത്ത് അനേകം അറകളും കണ്ടെന്നുവരാം. പത്തനംതിട്ട ജില്ലയിലെ പൂത്തങ്കര നിന്നും കല്ലറയ്ക്കു മുകളിലായുള്ള കൽക്കൂടാരം കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് നിന്നും 7കൽക്കൂടാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ഏലമല, കൈനകരി, കുറുവിലങ്ങാട്, മറയൂർ, മുളന്തുരുത്തി ഇവിടങ്ങളിലും ഇവ കണ്ടെത്തിയിട്ടുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഭിറണ്ണ (Bhirrana)

നമ്മുടെ അതിപ്രാചീന നഗരം (7500 BC—1500BC)

ഭിറണ്ണ ഹരിയാനയിലെ ഒരു ഗ്രാമമാണ്. പ്രാചീനമായ സരസ്വതി നദി ഇതിനടുത്തുകൂടെയാണ് ഒഴുകിയിരുന്നത് ,ഇന്നേക്ക് പതിനായിരം കൊല്ലം മുൻപുപോലും ഇവിടെ മനുഷ്യ വാസം ഉണ്ടായിരുന്നതായാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അടുത്തകാലത്തു നടത്തിയ ഗവേഷണത്തിൽ നിന്ന് വെളിപ്പെട്ടത്. സൈന്ധവ നാഗരികതയുടെ എല്ലാ സൂചനകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട് വളരെ മുറികളുള്ള വീടുകളാണ് ഇവിടെയുണ്ടായിരുന്നത്, അതിനാൽ തന്നെ ഇവിടുത്തെ ജനത കാർഷിക വൃത്തിയിലൂടെ സമ്പന്നമായാണ് ജീവിച്ചിരുന്നത് എന്നനുമാനിക്കാം. വീടുകൾ ഉണക്കിയ മണ്കട്ടക കൾ കൊണ്ടാണുണ്ടാക്കിയിരുന്നത്. തണ്ടൂരി അടുപ്പുകൾക്കു സമാനമായ അടുപ്പുകൽ ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട് സരസ്വതി നദിയുടെ ഗതിമാറ്റത്തോടെ ഇവിടുത്തെ മനുഷ്യവാസം ദുഷ്കരമാവുകയും ബി സി ആയിരത്തി അഞ്ഞൂറിനോടടുത്തു ഇവിടം ഉപേക്ഷിക്കപെടുകയും ആയിരുന്നിരിക്കാനാണ് സാധ്യത.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മുനിയറകൾ ( Rock cut caves) 

ചെങ്കല്ലിൽ വെട്ടിയുണ്ടാക്കിയ കല്ലറകളെയാണ് മുനിയറകളെന്ന് പറയപ്പെടുന്നത്. രണ്ടടി ചതുരത്തിലുള്ള ദ്വാരത്തിലൂടെ മൃതശരീരം അകത്തേക്ക് കയറ്റുന്നു. അകത്ത് മൃതശരീരം കിടത്താൻ ഒരു ബെഞ്ച് പോലെയും നിർമ്മിക്കുന്നു. അല്ലെങ്കിൽ നന്നങ്ങാടിയിലായിരിക്കും മൃതദേഹം വയ്ക്കുന്നത്. ശരീരം ഉള്ളിൽ വച്ചശേഷം ആ ദ്വാരം ശിലാഫലകം കൊണ്ട് അടയ്ക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ഏതാണ്ട് പതിമൂന്നോളം മുനിയറകൾ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ചൂണ്ടൽ, ചൊവ്വന്നൂർ, എറാനല്ലൂർ, മങ്ങാട്, മുല്ലശ്ശേരി, കൊട്ടിലങ്ങാടി, പീലിക്കോട് ഇവിടങ്ങളിലും ഇവ നിലനിൽക്കുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കൽവൃത്തങ്ങൾ (Stone Alignments)

മൃതശരീരം അടക്കംചെയ്യുകയോ, പക്ഷികൾ ഭക്ഷിച്ചുപോകാൻ തക്കവണ്ണം തുറന്നുവയ്ക്കുകയോ ചെയ്തശേഷം അവയ്ക്ക്ചുറ്റും കല്ലുകൾ കൊണ്ട് വളഞ്ഞുവയ്ക്കുന്നതിനെയാണ് കൽവൃത്തങ്ങൾ എന്ന് പറയപ്പെടുന്നത്. കൊടുമൺ, പൂത്തങ്കര, അതിരമ്പുഴ, കൈനകരി, ഇടമലയാർ, മുളന്തുരുത്തി, തിരുവനന്തപുരത്ത് പുളിമാത്ത് എന്നിവിടങ്ങളിൽ നിന്നും കൽവൃത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മെൻഹിർ എന്ന് വിളിക്കുന്ന ശിലകളുടെ കൂട്ടമാണ്,  മൂന്നോ അതിൽ അധികമോ മെൻഹിറുകൾ ചേരുന്നതാണ് സ്‌റ്റോൺ സർക്കിൾ എന്ന് അറിയപ്പെടുന്ന കൽവൃത്തങ്ങൾ.

2500 മുതൽ 3000 വർഷങ്ങൾ വരെ പഴക്കം ഇവയ്ക്കുണ്ടാകും. മെൻഹിറുകൾക്ക് നടുവിൽ മുനിയറകളോ നന്നങ്ങാടിയോ ആണ് ഉണ്ടാവുക. മഹാശിലായുഗകാലത്ത് മനുഷ്യരെ സംസ്‌കരിച്ചിരുന്നത് ഇവയ്ക്കുള്ളിലാണെന്ന് പറയപ്പെടുന്നു. മണ്ണൊലിപ്പ് തടഞ്ഞ് അറകൾക്ക് നാശമുണ്ടാകാതിരിക്കാനാണ് കൽവൃത്തത്തിന് നടുവിൽ ഇവ സ്ഥാപിക്കുന്നത്.

പ്രാഥമിക സംസ്‌കരണ ഇടങ്ങൾ ആയിട്ടല്ല കൽവൃത്തങ്ങൾ ഉപയോഗിക്കുന്നത്. സംസ്‌കരിച്ചതിന് ശേഷമുള്ള അസ്ഥികൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഇടങ്ങളാണ് ഇവ. ഇവയ്ക്കുള്ളിൽ കാർഷികവൃത്തിക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങളായ കൊഴുവ് അടക്കമുള്ളവ ഉണ്ടാകും. കൂടാതെ മരണപ്പെട്ടയാളുടെ സമ്പത്തും ഉണ്ടാകാൻ ഇടയുണ്ട്. കണ്ടെടുക്കപ്പെട്ട ഇത്തരം കല്ലറകളെല്ലാം പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ഇപ്പോൾ.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കോൽത്താഴ്

വീടുകളും കടകളും മറ്റും ഭദ്രമായി പൂട്ടിവെക്കാൻ സങ്കീർണ്ണമായ പലതരം പൂട്ടുകൾ ഉപയോഗിക്കാറുണ്ട്. അവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പൂട്ടാണ് കോൽത്താഴുകൾ . ക്ഷേത്രത്തിൽ ശ്രീകോവിലും പൂജാമുറികളുമൊക്കെ പൂട്ടാൻ ഉപയോഗിക്കുന്ന പൂട്ടുകളാണ് ഇത്.

പ്രധാനമായും ക്ഷേത്ര ശ്രീകോവിൽ, പൂജാമുറി തുടങ്ങിയവ പൂട്ടുവാനായിട്ടാണ് കോൽത്താഴ് ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ കൂടുതൽ അടച്ചുറപ്പ് ആവശ്യമുള്ള മുറികൾക്കാണ് ഇത്തരം താഴിട്ട് പൂട്ടാറുണ്ടായിരുന്നത്. സാധാരണ ഓടിലാണ് ഇത് നിർമ്മിക്കുന്നത്. രൂപത്തിൽ വാദ്യോപകരണമായ തിമിലയുടെ ആകൃതിയാണ് കോൽത്താഴിനുള്ളത്.

പ്രധാനമായും രണ്ടുഭാഗമാണ് താഴിനുള്ളത്. കോൽ എന്ന് വിളിക്കുന്ന താക്കോൽ ഇട്ട് തള്ളി തുറക്കുമ്പോൾ ത്രികോണാകൃതിയിൽ പുറത്തേക്ക് തുറന്നുവരുന്ന ഒരു ഭാഗവും, അടുത്തത് തിമിലാകൃതിയുള്ള രണ്ടാമത്തെ ഭാഗവുമാണ്. കോൽത്താഴിട്ടു പൂട്ടുന്ന അവസരത്തിൽ ത്രികോണാകൃതിയിലുള്ള താഴിന്റെ ഈ ഭാഗം വലിപ്പം കുറഞ്ഞ് ഉള്ളിൽകടക്കുകയും അതിനുശേഷം വികസിക്കുകയും താഴ് പൂട്ടുകയും ചെയ്യുന്നു. തുറക്കാൻ ഉപയോഗിക്കുന്ന കോൽ താഴിനുള്ളിൽ ഇടുമ്പോൾ ഈ ത്രികോണാകൃതിയിലുള്ള താഴിന്റെ ഭാഗം വലിപ്പം കുറയുകയും, കോൽതാക്കോലിട്ട് ബലമായി അകത്തേക്ക് തള്ളുമ്പോൾ താഴ് പുറത്തേക്ക് തുറന്നുവരികയും ചെയ്യുന്നു. എല്ലാ കോൽ താക്കോലുകളും കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും, ഒരു താക്കോൽ ഒരു താഴിനുമാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അത്രയ്ക്കു വിചിത്രവും പ്രത്യേകതയും ഉള്ളതായിരുന്നു ഇതിന്റെ നിർമ്മാണം.

പുരാതനകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ താഴ്, പുതിയ താഴിന്റെ ആവിർഭാവത്തോടെ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും ഇന്നും പല പുരാതന ക്ഷേത്രങ്ങളുടേയും, പഴയ തറവാടിന്റേയും പൂജാമുറികളും മറ്റും ഇതിട്ട് പൂട്ടാറുണ്ട്.

ആഡംബരത്തിനും ഭംഗിക്കും പ്രാധാന്യം കൊടുത്ത് നിർമ്മിക്കുന്ന ഇന്നത്തെ കൊട്ടാരസദൃശമായ വീടുകളുടെ കൊത്തുപണികൾ നിറഞ്ഞ കനത്ത വാതിലുകളിലും പഴമയുടെ പെരുമ വിളിച്ചോതുന്ന കോൽത്താഴുകൾ അപൂർവ്വമായെങ്കിലും കണ്ടു തുടങ്ങിയിട്ടുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

തങ്കശ്ശേരി വിളക്കുമാടം 

കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിളക്കുമാടമാണു് തങ്കശ്ശേരി വിളക്കുമാടം. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണു്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണു് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മെതിയടി  (പദുക) 

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും മികച്ചതുമായ പാദരക്ഷകളാണ് പദുക( മെതിയടി )

മരം കൊണ്ടു നിർമ്മിച്ച പഴയ കാല പാദരക്ഷ( ചെരുപ്പ്)യാണ് മെതിയടി എന്ന് അറിയപ്പെടുന്നത്. മൂന്നു സെന്റി മീറ്റർ വീതിയുള്ള മരക്കഷ്ണത്തിൽ മുൻവശത്തായി ഉയരമുള്ള ഒരു കുറ്റിയുണ്ടാവും (കുരുട്). പെരുവിരലിന്റെയും അതിന് അടുത്തുള്ള വിരലിന്റെയും ഇടയിലായി കുരുട് ഇറുക്കി പിടിച്ചാണ് നടക്കുക. കുമ്പിൾ മരം കൊണ്ടാണ് പഴയകാലത്ത് സാധാരണയായി മെതിയടി നിർമ്മിച്ചിരുന്നത്. ഇപ്പോൾ മെതിയടിയുടെ രൂപത്തിൽ മരമല്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് പാദരക്ഷകൾ നിർമ്മിക്കുന്നുണ്ട്. പച്ചിലമരം കൊണ്ടുണ്ടാക്കുന്ന മെതിയടി പ്രമേഹത്തിന് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്.

ചരിത്രപരമായി ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇത് ധരിക്കുന്നു.

ഇന്ത്യയിലുടനീളം ഇത് വിവിധ രൂപങ്ങളിലും വസ്തുക്കളിലും നിലനിൽക്കുന്നു.  മരം, ആനക്കൊമ്പ്, വെള്ളി എന്നിവകൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 

ലളിതമായ തടി പദുകകൾ സാധാരണക്കാർക്ക് ധരിക്കാമെങ്കിലും, നല്ല തേക്ക്, എബോണി, ചന്ദനം, ആനക്കൊമ്പ് അല്ലെങ്കിൽ വയർ കൊണ്ട് പൊതിഞ്ഞ പദുക്കകൾ ധരിക്കുന്നവരുടെ ഉയർന്ന പദവിയുടെ അടയാളമായിരുന്നു. 

ഇന്ന് പാദുകയെ പാദരക്ഷകളായി പൊതുവെ ധരിക്കുന്നത് ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുടെ വിശുദ്ധരും വിശുദ്ധരുമാണ്. ഹിന്ദുമതത്തിലെ അതിന്റെ പ്രാധാന്യം ഇതിഹാസമായ രാമായണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

വിഷ്ണു, ശിവൻ തുടങ്ങിയ ദിവ്യപ്രതിഭകളുടെ കാൽപ്പാടുകളും വീടുകളിലും ഈ ആവശ്യത്തിനായി നിർമ്മിച്ച ക്ഷേത്രങ്ങളിലും ഈ പ്രതീകാത്മക രൂപത്തിൽ ആരാധിക്കപ്പെടുന്ന മറ്റ് മത പ്രതിരൂപങ്ങളും പാദുക എന്നാണ് അർത്ഥമാക്കുന്നത്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് ഗയയിലെ വിഷ്ണുപാദ് മന്ദിർ. അതുപോലെ, ബുദ്ധ ഗായയിലെ ബോധി വൃക്ഷത്തിൻ കീഴിൽ ബുദ്ധന്റെ കാൽപ്പാടുകൾ ആരാധിക്കുന്നു. 

മലേഷ്യയിലെ രാജകീയ ചിഹ്നം കൂടിയാണിത്; "സെരി പദുക" എന്നത് "ഹിസ് മജസ്റ്റി" യെ സൂചിപ്പിക്കുന്നു, ഇത് മലേഷ്യൻ കോടതിയിലെ വിശിഷ്ടാതിഥികൾക്ക് അവരുടെ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി സമഗ്ര സംഭാവന നൽകിയതിന് ലഭിച്ച അംഗീകാരത്തിനുള്ള ബഹുമതിയാണ്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

പുല്‍പ്പായ  

കേരളത്തിന്റെ ഏറ്റവും പഴക്കമുള്ള പരമ്പരാഗത ഉല്‍പന്നമാണ് പുല്‍പ്പായ. ബി.സി. 3500 നും 1500 നും ഇടയില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന ചതുര്‍വേദങ്ങളിലൊന്നില്‍ പുല്‍പ്പായകളെപ്പറ്റി പരാമര്‍ശമുണ്ടത്രെ. പണ്ടുകാലത്ത് സാധാരണക്കാരായ ആളുകള്‍ ഇരിക്കാന്‍ തടിപ്പലകകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ സമൂഹത്തിലെ ഉന്നതകുലജാതര്‍ ഇരിക്കാനും കിടക്കാനുമായി വ്യത്യസ്തതരം പുല്‍പ്പായകളാണ് ഉപയോഗിച്ചിരുന്നത്.

പാപ്പിറസ് സസ്യകുടുംബത്തില്‍പ്പെട്ട സൈപ്രസ് കോറിംബോസസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കോരപ്പുല്ല് ഉപയോഗിച്ചാണ് വിവിധ നിറത്തിലുള്ള പുല്‍പ്പായ നിര്‍മ്മിക്കുന്നത്. തൊണ്ണൂറ്റിയൊന്നു മുതല്‍ 152 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് കോരപ്പുല്ല്.ആഗസ്ത് - സെപ്തംബര്‍ മാസമാവുമ്പോഴേക്കും ഇത് പരമാവധി വളര്‍ച്ച കൈവരിക്കും. ഗ്രാമവാസികള്‍ ഈ പുല്ല് വെട്ടിയെടുത്ത് കീറി മൂന്നു ദിവസം വെയിലത്തു വച്ച് ഉണക്കിയെടുക്കുന്നു. ഇത് ചമ്പകമരതടിയിട്ട വെള്ളത്തിലിട്ട് തിളപ്പിക്കും. ഇങ്ങനെ തയ്യാറാക്കിയെടുക്കുന്ന ഇഴ ഉപയോഗിച്ചാണ് പുല്‍പ്പായ നെയ്യുന്നത്. 183 സെന്റിമീറ്റര്‍ നീളവും 91.5 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു പായ നെയ്യാന്‍  ഒരു ദിവസം വേണ്ടിവരും.

ചൂടുകാലത്ത് നല്ല കുളിര്‍മ നല്‍കുന്ന പുല്‍പായകള്‍ ഇന്നും ഏറെ ജനപ്രിയമാണ്. സഞ്ചികള്‍, മേശ പുറത്തിടുന്ന തടുക്കുകള്‍, ചുവരില്‍ തൂക്കുന്ന അലങ്കാര കൗതുക വസ്തുക്കള്‍ തുടങ്ങിയവയും ഇതുപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്. മുഖ്യമായും തൃശ്ശൂരിലും പാലക്കാടുമായി പുല്‍പ്പായ നിര്‍മ്മാണം കേന്ദ്രീകരിച്ചിരിക്കുന്നു. വിദേശ കമ്പോളങ്ങളിലും കേരളത്തിന്റെ ഈ തനതുല്‍പ്പന്നത്തിന് ആവശ്യക്കാരേറെ. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കാനഡ, ജര്‍മനി, അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് നമ്മുടെ പുല്‍പ്പായകള്‍ കയറ്റി അയയ്ക്കുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

പെട്രോമാക്സ് (റാന്തൽ)  

ബ്രിട്ടീഷ് കോളനിഭരണകാലത്തുള്ള ഒരു പെട്രോമാക്സ് ബട്ടിക്കലോവ മ്യൂസിയത്തിൽ ഉയർന്ന മർദ്ദത്തിലുള്ള മണ്ണെണ്ണയുപയോഗിച്ചു കത്തുന്ന റാന്തലിന്റെ ഒരു ബ്രാന്റ് പേരാണ് പെട്രോമാക്സ്. മാന്റിൽ എന്ന തരം തിരിയാണ് ഇതിൽ ഉപയോഗിക്കുന്നത്. പാരഫിൻ ലാമ്പ്, ടില്ലി ലാമ്പ് കോൾമാൻ ലാമ്പ് എന്നീ പേരുകളിലും ഇതേ സംവിധാനമുള്ള ദീപങ്ങൾ അറിയപ്പെടുന്നുണ്ട്.

ബെർലിനിലെ എഹ്രിച്ച് & ഗ്രേറ്റ്സ് എന്ന കമ്പനിയാണ് ഈ റാന്തൽ വികസിപ്പിച്ചത്. ഇതിന്റെ പ്രസിഡന്റായിരുന്ന മാക്സ് ഗ്രേറ്റ്സ് (1851–1937) എന്നയാളായിരുന്നു ഇതിന്റെ രൂപകല്പന നിർവഹിച്ചവരിൽ പ്രധാനി. മണ്ണെണ്ണ വാതകമാക്കാനുള്ള രീതിയാണ് ഇദ്ദേഹം ആവിഷ്കരിച്ചത്. പെട്രോളിയം, മാക്സ് ഗ്രേറ്റ്സ് എന്നീ പേരുകളിൽ നിന്നാണ് പെട്രോമാക്സ് എന്ന പേരുവന്നത്.

മിക്ക രാജ്യങ്ങളിലും ഇത്തരം ദീപങ്ങൾ പെട്രോമാക്സ് എന്നാണറിയപ്പെടുന്നത്. ഇതേ ഡിസൈൻ അടുപ്പുണ്ടാക്കാനും ഉപയോഗിക്കപ്പെട്ടിരുന്നു.

പല രാജ്യങ്ങളിലും "പെട്രോമാക്സ്" ഒരു ട്രേഡ് മാർക്കാണ്. ഉദാഹരണത്തിന് അമേരിക്കയിൽ ബ്രൈറ്റ് ലൈറ്റ് ഇൻക്., ജർമനിയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും പെലാം ഇന്റർനാഷണൽ ലിമിറ്റഡ് എന്നീ കമ്പനികളുടെ കൈവശമാണ് ഈ ട്രേഡ് മാർക്ക് നിലവിലുള്ളത്.

ഇന്ത്യയിൽ പ്രഭാത് എന്ന കമ്പനിയും ചൈനയിൽ ടവർ എന്ന കമ്പനിയും ഈ രൂപകൽപ്പന പകർത്തിയിട്ടുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചങ്ങഴി   

കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് ചങ്ങഴി. ഒരു അളവുപകരണമാണിത്. ഇതിൽ ഉൾകൊള്ളുന്ന അളവിനെ ഒരു ഇടങ്ങഴി എന്ന് പറയുന്നു. ഈ അളവു പാത്രം വൃത്താകൃതിയാണ്. നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത്. പത്ത് ഇടങ്ങഴി ചേരുമ്പോൾ ഒരു പറ എന്നാണ് കണക്ക്. ഇത് ഏകദേശം ഒന്നേകാൽ ലിറ്റർ ആണ്.

പണ്ട് കാലങ്ങളിൽ കേരളീയ ഭവനങ്ങളിൽ മംഗളകർമ്മങ്ങൾ നടക്കുമ്പോൾ അരി,നെല്ല് മുതലായവ നിറച്ച ചങ്ങഴി വെക്കാറുണ്ടായിരുന്നു. മരത്തടി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. ചിലപ്പോൾ ഇരുമ്പ് തകരം കൊണ്ടുമുള്ള ചങ്ങഴികൾ കണ്ടുവരാറുണ്ട്. മരത്തടിയിൽ തീർത്ത ചങ്ങഴികളിൽ പിത്തള കൊണ്ടുള്ള അലങ്കാരപ്പണികൾ ഉണ്ടാവാറുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

സേർ

ധാന്യങ്ങൾ അളക്കാൻ ഇന്ത്യയിൽ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന അളവാണ് സേർ. മരം കൊണ്ട് ഉണ്ടാക്കിയ അളവുപാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. നാലു നാഴി ആണ് ഒരു സേർ. ഇത് ഇപ്പോൾ നിലവിലില്ല1871-ൽ ഇത് ഒരു ലിറ്ററായി (1.06 ക്വാർട്ടുകൾ) നിജപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ മെട്രിക് സിസ്റ്റം സ്വീകരിച്ചതോടെ ഇത് കാലഹരണപ്പെട്ടു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ടൈപ്റൈറ്റർ

കമ്പ്യൂട്ടര്‍ യുഗത്തിന് മുന്‍പ് വരെ പുറത്തിറങ്ങിയ ഗാഡ്ജറ്റുകളില്‍ വച്ച് ഏറ്റവും ഹോട്ടസ്റ്റ്  ഐറ്റം ആയിരുന്നു ടൈപ്പ് റൈറ്റര്‍. ടൈപ്പിംഗ്‌ ജോലികള്‍ക്കായി മുഴുവനായും മെകാനിക്കല്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരുപകരണം. ഡോക്കുമെന്റുകളും കത്തുകളും ടൈപ്പ് ചെയ്യുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങള്‍ക്കും പണ്ട് ഒരേയൊരു സാധ്യത യായിരുന്നു ടൈപ്പ് റൈറ്ററുകള്‍.

ഇന്നത്തെ കാലത്ത് ടൈപ്പ് റൈറ്റര്‍ നാമാവശേഷമായെങ്കിലും പുതു യുഗത്തിലെ ഗാഡ്‌ജെറ്റായ ടാബ്ലെറ്റ് പീ സിയില്‍ പോലും കീ പാടിന്റെ രൂപ കല്‍പ്പന പൂര്‍ണ്ണമായും പഴയ ആ ടൈപ്പ് റയിറ്റരിന്റെ മാതൃക തന്നെയാണ് !
അതില്‍ അക്ഷരങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന രീതിക്ക് ഇനിയൊരിക്കലും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു. ടൈപ്പ് ചെയ്യുവാന്‍ അത്രയേറെ എളുപ്പത്തിലുള്ള രീതിയിലാണ് QWERTY കീസ് ഒരുക്കിയിട്ടുള്ളത്. മലയാളത്തിൽ അച്ചെഴുത്തു യന്ത്രം എന്നു പറയാം.അക്ഷരങ്ങൾ പ്രത്യേകമായി സംവിധാനിച്ചുവച്ച കട്ടകളിൽ വിരലുകൾ കൊണ്ടമർത്തുമ്പോൾ ഒരു സിലിണ്ടറിലോ ഗോളകങ്ങളിലോ വച്ചിട്ടുള്ള കടലാസിൽ അക്കങ്ങളോ, അക്ഷരങ്ങളോ പതിപ്പിക്കുന്ന യന്ത്രത്തെ ടൈപ്റൈറ്റർ എന്ന് പറയുന്നു. കമ്പ്യൂട്ടർ വരുന്നതിന്ന് മുമ്പ് എല്ലാ പ്രധാനപ്പെട്ട ഓഫീസുകളിലും ടൈപ്റൈറ്റർ ആയിരുന്നു മുഖ്യ ടൈപിങ് യന്ത്രം.

പ്രധാന ഭാഗങ്ങൾ- കീബോർഡ്, ഷിഫ്റ്റ് കീ, സ്പേസ് ബാർ, സിലിണ്ടർ നോബ്, കാര്യേജ് റിട്ടേൺ ലിവർ, ബാക്ക് കീ

ടൈപ്റൈറ്റർ നിർമ്മാണത്തിൽ മുൻപന്തിയിലുള്ളവർ റമിങ്ടൺ ആന്റ് സൺസ്, ഐ.ബി.എം, ഇമ്പീരിയൽ ടൈപ്റൈറ്റേഴ്സ്,ഒലിവർ ടൈപ്റൈറ്റർ കമ്പനി,ഒലിവെട്ടി,റോയൽ,അണ്ടർവുഡ് എന്നിവരാണു.

അന്ധർക്ക് ഉപയോഗിക്കാൻ ഉന്തിനിൽക്കുന്ന അക്ഷരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു യന്ത്രം 1784-ൽ ഫ്രാൻസിൽ കണ്ടുപിടിച്ചു.വിരലുകൾ കൊണ്ടമർത്തി പ്രവർത്തിപ്പിക്കാവുന്ന കട്ടകളോടുകൂടിയ ഒരു ടൈപ്റൈറ്റർ ആദ്യമായി പ്രയോഗത്തിൽ വന്നതും ഫ്രാൻസിൽ തന്നെ ആയിരുന്നു(1829).പരിഷ്കരിച്ച ആദ്യത്തെ ടൈപ്റൈറ്റർ യന്ത്രം വിപണിയിൽ കൊണ്ടുവന്നത് റെമിങ്ടൺ കമ്പനി ആണു(1873).വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആദ്യത്തെ റ്റൈപ്റൈറ്റർ ഉണ്ടാക്കിയത് 1872-ൽ തോമസ് എഡിസൺ ആണു. ഇവയെല്ലാം പ്രചാരത്തിൽ വന്നത് 1920-നു ശേഷമായിരുന്നു.

ലിപികൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയ,ഇന്നത്തെ [കമ്പ്യൂട്ടർ] കീബോർഡുകൾ ഉപയോഗിക്കുന്ന 'ക്വെർട്ടി' സംവിധാനം ആദ്യമായി തുടങ്ങിവെച്ചത് ടൈപ്രൈറ്ററുകളിലാണു. 



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

നാരായം (എഴുത്താണി)

പുരാതന കാലങ്ങളിൽ പനയോലകളിൽ എഴുതുവാൻ ഉപയോഗിച്ചിരുന്ന ഒരറ്റം മൂർച്ചയുള്ള, ഇരുമ്പ് കൊണ്ടുണ്ടാക്കിയിട്ടുള്ള ഉപകരണത്തിന്റെ പേരാണ് നാരായം ഇതിനെ എഴുത്താണി എന്നും പറയാറുണ്ട്.

കുടുംബങ്ങളിലേയും അമ്പലങ്ങളിലേയും മറ്റും കണക്കുകൾ,വസ്തുക്കളുടെ ആധാരം,പാട്ടം, മിച്ചവാരം മുതലായവ അടച്ചതിനുള്ള രശീതുകൾ, ബന്ധുക്കൾക്കയക്കുന്ന കത്തുകൾ എന്നിവയെല്ലാം പഴയ കേരളത്തിൽ കരിമ്പനയോലയിലാണ്‌ എഴുതിയിരുന്നത്‌. ഇരുമ്പു കൊണ്ടു നിർമ്മിച്ച നാരായം അഥവാ എഴുത്താണി ഉപയോഗിച്ചാണ്‌ അവയിൽ എഴുതിയിരുന്നത്‌. ആറ്‌ ആറര ഇഞ്ചു് നീളം ഉള്ളവയായിരുന്നു നാരായം. എഴുത്താണി ഇല്ലാത്ത പിച്ചാത്തികൾ അക്കാലത്തുണ്ടായിരുന്നില്ല. മൂത്ത കരിമ്പനയോല വെള്ളത്തിലുട്ടണക്കി സംസ്കരിച്ചാണ്‌ എഴുത്തോലകൾ തയ്യാറാക്കിയിരുന്നത്‌. ഓലകൾ ഒരേ വീതിയിലും നീളത്തിലും വാർന്നു മുറിച്ച്‌ ചരറ്റെയിൽ കോർത്താണ്‌ എഴുതിയിരുന്നത്‌. തുളയിടാനും നാരായം ഉപയോഗിച്ചിരുന്നു. വരവു ചെലവു കണക്കുകൾ എഴുതാൻ ധാരാളം ഓലകൾ വേണ്ടിയിരുന്നു.ഓരോ ഓലയും പൊളിച്ചു രണ്ടാക്കി നാലു വശങ്ങളിലും എഴുതിയിരുന്നു. എഴുതികഴിഞ്ഞ്‌ ഓലകൾ ചരടിൽ കോർത്തു തൂക്കി ഇടും. ഓലച്ചുരുണ എന്നായിരുന്നു അവയുടെ പേർ. ഓലച്ചുരുണ തയ്യാറക്കാൻ പ്രത്യേക വൈദഗ്ദ്യം നേടിയവരായിരുന്നു വെള്ളാളർ. വെള്ളാളരുടെ വിവാഹ സമയം വധുവിന്റെ ആൾക്കാർ വരനു വിവാഹ സമ്മാനമായി ഒരു നാരായം കൊടുക്കുന്ന പതിവുണ്ടായിരുന്നു.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

റേഡിയോ

കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം .ലോക ഗതിയെ കീഴടക്കിയ ചുരുക്കം കണ്ടുപിടുതങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു .1874 ഏപ്രില്‍ 25 നാണ്  ഇറ്റലിക്കാരനായ ചുരുക്കംമാര്‍ക്കോണി റേഡിയോ കണ്ടെത്തിയത് .1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി .തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെസെനറ്റിലേക്ക് നാമനിര്‍ദേശം  ചെയ്യപ്പെടുകയും ചെയ്തു .ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്‍റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി .

സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ  കണ്ടു പിടുത്തം .റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ്‌ .എന്നാല്‍ 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രഞ്ഞനായ അംബ്രോസ് ഫ്ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചതിലൂടെ  ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്ക്  വളരാന്‍ സാധിച്ചു.1920ല്‍  എസെക്സിലെ ചെംസ്ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്സില്‍ നിന്നും വിശ്വ പ്രസിദ്ധ ഗായകന്‍ ആയിരുന്ന ഡയിംനെല്ലിമെല്‍ബ യുടെ പാട്ട് പ്രക്ഷേപണം ചെയ്യുകയും അത് അവിടെ തടിച്ച് കൂടിയ ശ്രോതാക്കള്‍ക്ക് ഒരു പുതിയ അനുഭവമായി തീരുകയും 1922ല്‍ ആദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിക്കുകയും ചെയ്തു . 

ആപ്ടിടുട് മോഡുലേഷന്‍ (AM),ഫ്രീക്വന്‍സി മോഡുലേഷന്‍ (F M ),ഫേസ് മോഡുലേഷന്‍ എന്നിവ പ്രക്ഷേപണത്തിലെ  സാങ്കേതിക പദങ്ങള്‍ ആണ് .ഇതില്‍ ആപ്ടിടുട് മോഡുലേഷനാണ് കൂടുതല്‍ പ്രചാരം .ഹൃസ്വ തരംഗം (ഷോര്‍ട്ട് വേവ് ),മധ്യ തരംഗം (മീഡിയം വേവ് )എന്നീ ഫ്രീക്വന്‍സികളില്‍ ആപ്ടിടുട് മോഡുലേഷന്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത് .എന്നാല്‍ കേരളത്തിലെ തിരുവനന്തപുരം ,ആലപ്പുഴ ,തൃശ്ശൂര്‍ ,കോഴിക്കോട് നിലയങ്ങള്‍ ഉള്‍പ്പെടെ 145ല്‍ പരം റേഡിയോ  സ്റ്റേഷനുകളില്‍ നിന്നും പ്രക്ഷേപണത്തിന് മധ്യ തരംഗങ്ങള്‍ ഉപയോഗിക്കുന്നു .

ഇപ്പോള്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കയാണ് .കൂടുതല്‍ വ്യക്തതയാര്‍ന്ന ശബ്ദവും വൈദ്യുത കാന്തിക ശല്യപ്പെടുതലുകള്‍ക്ക് എളുപ്പം വിധേയം ആകുന്നില്ല എന്നതും ഫ്രീക്വന്‍സി മോഡുലേഷന്‍ കൂടുതല്‍ പ്രചാരം നേടാന്‍ സഹായിച്ചു .

1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്‍റെ ഓര്‍മ്മക്കായി ഫെബ്രുവരി 13 റേഡിയോ ദിനമായി ആചരിക്കുന്നു .

1923ലാണ് ഇന്ത്യയില്‍ റേഡിയോ കടന്ന് വന്നത് .'റേഡിയോ ക്ലബ് ഓഫ് ബോംബെ 'എന്നറിയപ്പെട്ടിരുന്ന ഇത് 1927ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ് കാസ്ടിംഗ് കമ്പിനിയായി മാറി .1956 വരെ ഓള്‍ ഇന്ത്യ റേഡിയോ എന്നറിയപ്പെട്ടിരുന്ന റേഡിയോ പ്രക്ഷേപണം ഇപ്പോള്‍ ആകാശവാണി എന്നാണ് അറിയപ്പെടുന്നത് .

ആകാശവാണി എന്ന പേര് റേഡിയോക്ക് സംഭാവന ചെയ്തത് രവീന്ദ്രനാഥടാഗോര്‍ ആണ് .ഇപ്പോള്‍ ഇന്ത്യയില്‍ 414 പ്രക്ഷേപണ നിലയങ്ങള്‍ ഉണ്ട് .24 ഭാഷകളില്‍ ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്നുണ്ട് .1957ല്‍ തിരുവനന്തപുരത്ത് നിന്നും മലയാള പ്രക്ഷേപണവും തുടങ്ങി .

സംഗീത -വിദ്യാഭ്യാസ -സാംസ്‌കാരിക പരിപാടികളിലൂടെ ആകാശവാണി ഇന്നും നമ്മുടെ ഹൃദയം കീഴടക്കുന്നു. കാതങ്ങള്‍ കടന്നു നമ്മിലേക്ക് എത്തുന്ന സ്വര മാധുര്യമായി ഇന്നും റേഡിയോ നിലനില്‍ക്കുന്നു .ദിവസവും വാര്‍ത്തകള്‍ക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കുമായി റേഡിയോയുടെ മുന്നില്‍ ഇരുന്ന കാലഘട്ടം മുതിര്‍ന്നവര്‍ മറക്കാന്‍ സാധ്യത ഇല്ല .ഒരു കാലത്ത് മലയാളികള്‍ നേരം വെളുത്തത് അറിയുന്നത് പോലും റേഡിയോ പരിപാടികള്‍ കേട്ടായിരുന്നു .ഒരു കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഹൃദയം കീഴടക്കിയ മാധ്യമം വീടുകളില്‍ തിരിച്ച് എത്തിയിരിക്കുന്നു എന്നത് വളരെ ആനന്ദദായകമാണ്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മരങ്ങാട്ട് മന 

ഇതാണ് പതിനാറ്കെട്ട് പുര.. കണ്ടിട്ടില്ലാത്തവർക്കായി.. അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത്‌ മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട്‌ കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട്‌ ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട്‌ ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട്‌ . ഒരു നടുമുറ്റത്ത്‌ പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത്‌ അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട്‌ ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട്‌ ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക്‌ എട്ടോളം പ്രവേശന കവാടവും ഉണ്ട്‌. ധാരാളം വാതിലുകളും ജനലുകളും മരങ്ങാട്ട് മനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത്‌ മഹാഗണപതിയാണു . അത്‌ പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട്‌ കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരങ്ങാട്ട് മന .മനയോട്‌ മുൻ വശത്ത്‌ ഗേയ്റ്റ്‌ വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക്‌ മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമ്മിതി.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട്‌ വണ്ടൂർ റോഡിൽ മരാട്ട്പ്പടി എന്ന സ്ഥലത്താണു മരങ്ങാട്ട്‌ മന സ്ഥിതി ചെയ്യുന്നത്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


ജലചക്രം

കായൽ നിലങ്ങളിലും ആഴം കൂടിയ പാടങ്ങളിലും വെള്ളം വറ്റിക്കുന്നതിനായുള്ള കർഷികോപകരണമാണ്‌ ജലച്ചക്രം. ജലം തേവാനും ഇവ ഉപയോഗിച്ചിരുന്നു. മരം കൊണ്ടുണ്ടാക്കിയ  വൃത്താകൃതിയിലുള്ള ടർബൈൻ ഉപകരണമാണിതു.  നെൽകൃഷിക്കായി മുൻ‌കാലങ്ങളിൽ ധാരാളം ഉപയോഗിച്ചിരുന്നതും, ഇപ്പോൾ വിരളമായിക്കോണ്ടിരിക്കുന്നതുമായ ഒരു ജലസേചന ഉപാധിയാണ് ചക്രം. അടുത്തകാലത്തഅയി വൈദ്യുത യന്ത്രം ഘടിപ്പിച്ച ചക്രങ്ങൾ ഉപയോഗിക്കുന്നു. തടിപ്പെട്ടിക്കുള്ളിൽ തിരശ്ചിനമായി വക്കുന്ന ചക്രത്തെ യന്ത്രസഹായത്തോടെ കറക്കിയാണിത് സാധ്യമാക്കുന്നത്.

മരം കൊണ്ടാണ്‌ ചക്രം ഉണ്ടാക്കുന്നത്.  4,മുതൽ 25വരെ എണ്ണം ദളങ്ങൾ ഉള്ള ചക്രങ്ങൾ ഉണ്ട്. ദളങ്ങളുടെ വലിപ്പമനുസരിച്ചും ചക്രങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഈ ദളങ്ങൾ മരത്തിൽ നിർമ്മിച്ച ചട്ടക്കൂടിനു വെളിയിലേക്ക് തള്ളി നിൽകുന്നു. ചക്രത്തിന്റെ വലിപ്പത്തിനു ആനുപാതികമായായിട്ടാണ്‌ ചക്രപ്പല്ലുകളുടെ എണ്ണം. 25 ചക്രപ്പല്ലുകൾ ഉള്ള ചക്രത്തിന്‌ 10 അടിയോളം വ്യാസമെങ്കിലും ഉണ്ടായിരിക്കും. ഭൂരിഭാഗം ചക്രങ്ങളും വൃത്താകൃതിയിലാണ്. 

അടിയിലെ പല്ലുകൾ വെള്ളത്തിൽ മുങ്ങത്തക്കവിധം ജലം ഒഴുക്കേണ്ട ചാലിന്റെ വീതിയിൽ‍ തടിയിൽ നിർമ്മിച്ച കൂട് ചെളിയിൽ ഉറപ്പിക്കുന്നു. അതിനുള്ളിലാണ് തേക്കിലോ വീട്ടിയിലോ നിർമ്മിച്ച ‍ചക്രം സ്ഥാപിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുമ്പോൾ ചക്രം തിരിയുകയും അതേ ദിശയിൽ ജലം ഒഴുകുകയും ചെയ്യും.ജലസേചനം നടത്തേണ്ട പാടത്തിന്റെ വലിപ്പമനുസരിച്ച് ചക്രത്തിന്റെ വലിപ്പവും വ്യത്യാസപ്പെടുന്നു. വലിപ്പം കൂടുതലുള്ള ചക്രങ്ങൾ ചവിട്ടുവാൻ രണ്ടോ അതിൽ കൂടുതൽ ആളുകളോ വേണ്ടിവരും. വലിയ ചക്രങ്ങൾ മുഖ്യമായും വെള്ളം വറ്റിക്കാനാണുപയോഗിച്ചിരുന്നതെങ്കിൽ ചെറിയവ വെള്ളം തേവാനാണുപയോഗിച്ചിരുന്നത്.

ചക്രം ചവിട്ടുന്നവരെയാണ്‌ ചക്രക്കാരനെന്നു വിളിക്കുന്നത്. ചക്രത്തിന്റെ പിന്നിൽ മുളയിൽ നിർമ്മിച്ച ചട്ടക്കൂടിനു മുകളിൽ ഇരുന്ന് കാലുകൾ വച്ച് ചവിട്ടുകയാണ്‌ ചെയ്യുന്നത്.  വലിയ ചക്രങ്ങൾ ചവിട്ടാനായി പല തട്ടുകളായാണ്‌ പടികൾ ക്രമീകരിക്കുക. ഓരോ തട്ടിലും രണ്ടു പേർ വീതം ഇരുന്ന് ചക്രങ്ങൾ ചവിട്ടുന്നു. 

ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ജലസേചനോപാധിയാണ് പേർഷ്യൻ ചക്രം. തൊട്ടികൾ ഘടിപ്പിച്ച ഒരു ചക്രമാണ് ഈ യന്ത്രത്തിന്റെ പ്രധാനഭാഗം. കേരളത്തിൽ ഉപയോഗിക്കുന്ന ചക്രത്തിനു സമാനമായ പ്രവർത്തനരീതിയാണെങ്കിലും ഇത് പ്രവർത്തിപ്പിക്കുന്നത് കാള, ഒട്ടകം എന്നിവയെപ്പോലുള്ള മൃഗങ്ങളെക്കൊണ്ടാണ്. ജലവിതരണതോടൂകളിൽ നിന്ന് ജലം തങ്ങളുടേ പറമ്പുകളിലേക്ക്ക് തിരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

ഒരു തണ്ടിൽ കെട്ടിയിരിക്കുന്ന മൃഗം, അതിനു ചുറ്റുമായി തിരിയുന്നു. ഈ തിരിച്ചിൽ ബലത്തെ ചക്രവുമായി ബന്ധിപ്പിച്ച് ചക്രത്തെ കറക്കുന്നു. ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന തൊട്ടികൾ, താഴെ നിന്ന് വെള്ളം കോരിയെടുത്ത് മുകളിലെ വെള്ളച്ചാലിലേക്ക് ഒഴിക്കുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മൺ പാത്രങ്ങൾ 

നവീന ശിലായുഗം  മുതലാണ് മനുഷ്യൻ ആദ്യമായി മൺപാത്രം ഉപയോഗിച്ച് തുടങ്ങിയത്.ചക്രങ്ങളുടെ കണ്ടുപിടിത്തമാണ് മൺപാത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മനുഷ്യരെ നയിച്ചത്. ചരിത്രത്തെപറ്റി വ്യക്തമായ വിവരങ്ങൾ തരുന്നതിനാൽ മൺപാത്ര അവശിഷ്ടങ്ങളെ കാലഗണനാ ശാസ്ത്രത്തിന്റെ അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്. മൺപാത്രങ്ങളോ, അവയുടെ അവശിഷ്ടങ്ങളോ ഒരിക്കലും നശിച്ചു പോകാറില്ല. 
തർമോ ലൂമിനൈസസ്‍ എന്ന കാലഗണനാ രീതി ഉപയോഗിച്ചാണ് മൺപാത്രവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. വ്യത്യസ്ത നിറത്തിലും, തരത്തിലുമുള്ള മണ്പാത്രങ്ങൾ പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനും വ്യക്ത്തമായ തെളിവുകൾ പുരാവസ്തു സൈറ്റുകളിൽ നിന്നും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള മൺപാത്രങ്ങൾ, ചാര നിറത്തിലുള്ള മൺപാത്രങ്ങൾ, കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ എന്നിവയാണ് അവയിൽ ചിലത്. 

കേരളത്തിൽ കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ജാതി വിഭാഗങ്ങളാണ് ഇന്ന് മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയിട്ടുള്ളത്. നേരിയ വ്യത്യാസങ്ങളോടു കൂടിയ മൂന്നോ, നാലോ തരം കളിമണ്ണും , അരുവികളിൽ നിന്നും ലഭിക്കുന്ന ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽ വച്ച് മെനഞ്ഞെടുക്കുന്നതാണ് മണ്പാത്രങ്ങൾ. ഇന്നും പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് പാത്രങ്ങൾ നിർമ്മിക്കുന്നവർ കേരളത്തിൽ ധാരാളമുണ്ട്. അപൂർവം ചില വയലുകളിൽ മാത്രമാണ് കളിമൺ നിക്ഷേപം കണ്ടുവരുന്നത്. അതിനാൽ മണ്പാത്ര തൊഴിലാളികൾ ഈ വയലിനടുത്തുള്ള പ്രദേശത്തു തന്നെ കൂട്ടമായി താമസിച്ചുവരുന്നു. ഒരു വർഷത്തേക്കാവശ്യമുള്ള മണ്ണ്  വയലുകളിൽ നിന്നും ശേഖരിക്കുകയും, അത് വീടിനോട് ചേർന്നുള്ള പ്രത്യേകം തയ്യാറാക്കിയ കുഴികളിൽ സംഭരിക്കുകയുമാണ് പതിവ്.

ഒരു ദിവസം പാത്രങ്ങളുണ്ടാക്കാനാവശ്യമായ കളിമണ്ണ് തലേന്നാൾ തന്നെ വെള്ളം ചേർത്ത് കുതിർത്തിടണം.  പിറ്റേ ദിവസം മണൽ ചേർത്ത് കല്ലും, മറ്റ് അനാവശ്യ വസ്തുക്കളുംശ്രദ്ധാപൂർവം ഒഴിവാക്കി കുഴച്ചൊരുക്കുന്നതാണ് യഥാർത്ത കളിമണ്ണ്. ഇതിനെ അഞ്ചോ , പത്തോ കിലോ വരുന്ന രീതിയിൽ ചെറു തിരകളാക്കി മാറ്റുന്നു. ഇത്തരം തിരകളാണ് പിന്നീട് കുലാലയ ചക്രത്തിൽ വച്ച് കറക്കി മൺപാത്രങ്ങളാക്കി മാറ്റുന്നത്.  കുലാലയ ചക്രം പഴമക്കാർക്കിടയിൽ ചമതി എന്നാണ് അറിയപ്പെടുന്നത്.ഇരുമ്പു ചക്രങ്ങൾക്ക് പകരം പഴന്തുണിയും, ചകിരിയും കൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത രീതിയിലുള്ള ച്ചക്രങ്ങളും കേരളത്തിൽചിലയിടങ്ങളിൽ ഇന്നും ഉപയോഗത്തിലുണ്ട്. ഇത്തരം ചക്രങ്ങൾക്ക് പകരമായാണ് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതും,കറക്കത്തിന്റെ വേഗത കാൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുമായ വൈദ്യുത ചക്രങ്ങൾ ഇന്ന് ഉപയോഗിക്കുന്നത്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


മീൻ കൂട് 

ഊത്ത പിടിക്കാൻ ഉപയോഗിക്കുന്ന കൂട്. ഇപ്പോൾ ഇതൊക്കെ ഒരു അപൂർവ കാഴ്ചയായി മാറിയിക്കുന്നു. നിയമം മൂലം പലയിടങ്ങളിലും ഊത്തപിടുത്തം നിരോധിച്ചിട്ടും ഉണ്ട്. 




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചൂണ്ട 

പുരാതനകാലം മുതൽ മനുഷ്യൻ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് ചൂണ്ട അഥവാ ചൂണ്ടൽ. ഒരു കൊളുത്തിന്റെ ആകൃതിയിലുള്ള ലോഹനിർ‍മ്മിതമായ ഈ ഉപകരണവും ചരട്,കമ്പ്,പൊങ്ങ്,ഭാരം തുടങ്ങി മറ്റും  കൂടിച്ചേർന്ന സംവിധാനത്തെയും ചൂണ്ട എന്നറിയപ്പെടാറുണ്ട്.

ഒരു സൂചിവളച്ചുവച്ച ആകൃതിയിലുള്ള ചൂണ്ടക്കൊളുത്തിന്റെ അഗ്രം രണ്ടു ഭാഗത്തേക്കും, മുന്നോട്ടും പിറകോട്ടും, കൂർത്ത രീതിയിലാണ്. അതുകൊണ്ട് കൊളുത്തിൽ കുടുങ്ങിയ മത്സ്യത്തിന് രക്ഷപ്പെട്ടു പോകാൻ പ്രയാസമാണ്.

നീളമുള്ള ഒരു കമ്പിൽ ഇത് ചരടിൽ കെട്ടിത്തൂക്കിയിരിക്കും. ചൂണ്ടയുടെ അറ്റത്ത് ഇര കൊളുത്തിയിട്ട ശേഷം വെള്ളത്തിലിടുന്നു. ഇരയെ കൊത്തി വിഴുങ്ങുന്ന മത്സ്യത്തിന്റെ വായിൽ കൊളുത്ത് ഊരിപ്പോകാത്തവിധം കുടുങ്ങുന്നു. ഇങ്ങനെയാണ് മത്സ്യബന്ധനം നടത്തുന്നത്. ചൂണ്ടച്ചരടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള (പൊങ്ങ്) വസ്തുക്കൾ കെട്ടിയിടാറുണ്ട്. ചൂണ്ടയിൽ മത്സ്യം കൊത്തുന്നതുമൂലം ചരടിലുണ്ടാക്കുന്ന ചലനം പൊങ്ങിൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനും ജലപ്പരപ്പിൽ നിന്നും ചൂണ്ടയുടെ ആഴം ക്രമീകരിക്കുന്നതിനുമാണ് പൊങ്ങുപയോഗിക്കുന്നത്. പൊങ്ങിന്റെ ചലനം നിരീക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ സാന്നിദ്ധ്യവും മത്സ്യം കുടുങ്ങുന്നതും കൃത്യമായി മനസ്സിലാക്കുവാൻ ചൂണ്ടക്കാരന് കഴിയുന്നു.

ചൂണ്ടയുടെ തണ്ടായി ഒരുതരം പനയുടെ ഓലയുടെ തണ്ടുകൾ ഉപയോഗികാറുണ്ട്. അതുകൊണ്ട് ഈ പനയെ ചൂണ്ടപ്പന എന്നു പറയുന്നു.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


ഗ്രാമഫോൺ

ശബ്ദം രേഖപ്പെടുത്താനും വീണ്ടും അതേപടി പുറപ്പെടുവിക്കുന്നതിനുമായി 1870-കൾ മുതൽ 1980-കൾ വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ്‌ ഗ്രാമഫോൺ. തുടക്കത്തിൽ ഇത് ഫോണോഗ്രഫ് എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ഇതു കണ്ടുപിടിച്ചത് പ്രശസ്ത അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസൺ ആണ്‌. ശബ്ദാലേഖനവും പിന്നീട് അതിന്റെ പുനർശ്രവണവും സുസ്സാദ്ധ്യമാക്കിയ ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പൻ കുതിച്ചുചാട്ടമായിരുന്നു. പിൽക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുകളെ രസിപ്പിച്ചുകൊണ്ട് ലോകം മുഴുവൻ ജൈത്രയാത്ര നടത്തി. ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങൾ വരുന്നുമുണ്ടായിരുന്നു.

ശബ്ദത്തിനെ യാന്ത്രികകമ്പനമാക്കി മാറ്റി അതുപയോഗിച്ച് ഒരു പ്രതലത്തിൽ ആ ശബ്ദത്തിന്നാനുപാതികമായി ആഴവ്യത്യാസമുള്ള ചാലുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഇതിന്റെ റെക്കോർഡുകളിൽ ശബ്ദലേഖനം നടത്തിയിരുന്നത്. ഈ ചാലുകളിലൂടേ ഒരു സൂചി(മുള്ള്) വീണ്ടും ഓടിക്കുമ്പോൾ പഴയ യാന്ത്രികകമ്പനങ്ങൾ പുന:സൃഷ്ടിക്കപ്പെടുന്നു. ഈ സൂചി ഒരു കനം കുറഞ്ഞ തകിടുമായി ഘടിപ്പിച്ചിരിക്കുന്നതുകൊണ്ട്. സൂചിയിലെ യാന്ത്രികകമ്പനങ്ങൾ ഈ തകിടിനെയും ചലിപ്പിക്കുന്നു. ആ ചലനങ്ങളിലൂടെ, യാന്ത്രികകമ്പനങ്ങൾക്കനുരോധമായി നേരത്തേ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദം ആ തകിടിൽ നിന്ന് പുറത്തുവരികയും ചെയ്യുന്നു.

ആദ്യകാലത്ത് ലോഹത്തകിടുകളിലാണ്‌ ശബ്ദം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മെഴുകുകൊണ്ട് ഉണ്ടാക്കിയിരുന്ന ഗ്രാമഫോൺ റെക്കോർഡുകൾ ശബ്ദം രേഖപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഉപയോഗിച്ചുവന്നു. പാട്ടുകളും മറ്റും വിപണനം ചെയ്യുവാൻ വേണ്ടി കൂടുതൽ പതിപ്പുകളെടുക്കാൻ ഇതുപോലൊരു വിദ്യ അത്യാവശ്യമായിരുന്നു.

അമ്പതുകൾ വരെ ഇതിന്റെ ശബ്ദശക്തി (Volume) നിയന്ത്രിക്കാൻ ഉപാധികളൊന്നുമില്ലായിരുന്നു. വൈൻഡ് ചെയ്തു മുറുക്കിയിരുന്ന സ്പ്രിങ്ങുകൾ ഉപയോഗിച്ച് റെക്കൊർഡുകൾ സ്ഥിരവേഗത്തിൽ തിരിക്കുന്ന സംവിധാനങ്ങളാണ്‌ ഇക്കാലത്ത് നിലവിലിരുന്നത്. 1960-കളായപ്പോഴേക്കും ശബ്ദത്തിന്റെ പുനഃസൃഷ്ടിക്ക് യാന്ത്രികകമ്പനത്തിന്നുപകരം ക്രിസ്റ്റലുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങി. ഇതോടെ ഇതിൽനിന്നുള്ള ശബ്ദം ആംപ്ലിഫയറുകളിലൂടെ കടത്തിവിട്ട് നിയന്ത്രിക്കാൻ സാധിച്ചു. 1970- കളുടെ തുടക്കത്തിൽ വൈദ്യുതമോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന മോഡലുകൾ രംഗത്തെത്തി. ഇതോടൊപ്പം തന്നെ ആദ്യകാലത്ത് മൂന്നേകാൽ മിനുട്ടോളം മാത്രം ദൈർഘ്യമുണ്ടായിരുന്ന റെക്കൊർഡുകളുടെ സ്ഥാനത്ത് കൂടുതൽ സമയം ഓടിക്കാവുന്ന റെക്കോർഡുകളും നിലവിൽ വന്നു.

പിൽക്കാലത്ത് രംഗത്തു വന്ന ടേപ്പ് റെക്കോർഡറിന്റെ ആവിർഭാവത്തോടെ ഗ്രാമഫോണിനെ ആളുകൾ കയ്യൊഴിയുകയായിരുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ക്യാമറ 

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫൊട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ഫൊട്ടോകള്‍ പിന്നീട് ലോകത്താകമാനം വലിയ ചര്‍ച്ചകള്‍ക്ക് വരെ വഴി തെളിച്ചിട്ടുണ്ട്.

ഗ്രീക്ക് ഭാഷയിലെ ‘photos= light’, ‘graphein=to draw’ എന്ന പദങ്ങളില്‍ നിന്നാണ് ഫൊട്ടോഗ്രഫി എന്ന പദം രൂപം കൊണ്ടത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫൊട്ടോഗ്രഫിയുടെ പിതാവായി കാണുന്നത്. ക്യാമറയുടെ കണ്ടുപിടുത്തം മനുഷ്യപുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ പല നേട്ടങ്ങള്‍ക്കും ക്യാമറ ഒരു നിര്‍ണായക സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

AD 1015ല്‍ അറബ് പണ്ഡിതനായ ഇബ്ന്‍ – അല്‍ – ഹെയ്തം (Ibn-Al- Hytham) pin hole camera ആശയം ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു. ഇത് പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും വഴി തെളിച്ചു.

ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു 1837ല്‍ ഡാഗുറെയുടെ കണ്ടുപിടുത്തം . സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഇത് ഫൊട്ടോഗ്രഫിയെ കൂടുതല്‍ ജനകീയമാക്കി മാറ്റി.

1826ല്‍ ജോസഫ് നീസ് ഫോര്‍ നീപ്‌സ് ക്യാമറയില്‍ വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രം പകര്‍ത്തി. ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവായിരുന്നു ഇത്. ജനാലയില്‍ നിന്നുള്ള കാഴ്ചയാണ് ചരിത്രത്തിലെ ആദ്യത്തെ ഫൊട്ടോ. ടാര്‍ പുരട്ടിയ പ്യൂട്ടര്‍ പ്ലേറ്റിലൂടെ പകര്‍ത്തിയ ഈ ചിത്രം എടുക്കാന്‍ എട്ടുമണിക്കൂറാണ് വേണ്ടി വന്നത്.

ക്യാമറ ഓബ്‌സ്‌ക്യൂറ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് ഇന്നത്തെ ക്യാമറ എന്ന വാക്കിന്റെ ഉദ്ഭവം. ഇരുണ്ട അറ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ജ്യോതി ശാസ്ത്രജ്ഞനായ കെപ്ലറാണ് ക്യാമറ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും ക്യാമറ ഓബ്‌സ്‌ക്യൂറേ കണ്ടുപിടിച്ചതും. ഫൊട്ടോഗ്രാഫിക് പ്ലേറ്റുകളിലാണ് ആദ്യകാലത്ത് ഫൊട്ടോകള്‍ എടുത്തിരുന്നത്. എന്നാല്‍ ഇത് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് രാസമാറ്റം നടത്താന്‍ കഴുയുന്ന ഫിലിമുകളുടെ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. ഇരുപതം നൂറ്റാണ്ടുമുതല്‍ ലോകത്ത് ഫിലിമുകള്‍ സജീവമായി ഉപയോഗിക്കാന്‍ തുടങ്ങി.

ക്യാമറയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കാലഘട്ടമാണ് 21-ാം നൂറ്റാണ്ട്. 1991 ആദ്യ ഡിജിറ്റല്‍ കാമറ കൊഡാക് നിര്‍മിച്ചുവെങ്കിലും, തങ്ങളുടെ വലിയ വിപണിയായ ഫിലിം നിര്‍മാണ കമ്പനി തകരുമോ എന്ന ആശങ്കയില്‍ അവര്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പുറത്തു വിട്ടില്ല. പിന്നീട് നിക്കോണ്‍ ,കാനന്‍ ,ഫ്യൂജി ഉള്‍പ്പടെയുള്ള കമ്പനികള്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ഇന്നത്തെ നിലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രചാരത്തില്‍ ആകുകയും ചെയ്തു

ഫിലിമുകളെ മാറ്റി നിര്‍ത്തി പ്രതിബിംബങ്ങളെ ഡിജിറ്റല്‍ കാര്‍ഡുകളില്‍ സൂക്ഷിക്കുന്ന രീതിയ്ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.  എടുക്കുന്നതിനുള്ള സമയ ലാഭം എന്നതിനുപരി ചിലവും വളരെ കുറവാണിതിന്.

ഇന്ന് ലോകത്തെ ആകമാനം നീരീക്ഷിക്കുന്ന മൂന്നാം കണ്ണായി ക്യാമറകള്‍  മാറിയിരിക്കുന്നു. ഡിജിറ്റല്‍ യുഗം ഫൊട്ടോയും ക്യാമറയുമൊക്കെ നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഘടകങ്ങളായി മാറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞു പോയ നിമിഷങ്ങളെ ഓര്‍ത്തെടുക്കാനും അവയെ കരുതലോടെ സൂക്ഷിക്കാനും ഫൊട്ടോയോളം മികവുറ്റതൊന്നും ഇനിയും കണ്ടിുപിടിക്കപ്പെട്ടിട്ടില്ല.



ആദ്യഫോട്ടോ


🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കാലഹരണപ്പെട്ട അളവു- തൂക്ക ഉപകരണങ്ങള്‍

ഒരു കാലത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു വെള്ളിക്കോലും കഴഞ്ചിപ്പലകയും.  സാങ്കേതിക വിദ്യയുടെയും വികാസത്തിന്റെയും ഏകീകൃത അളവു- തൂക്ക സമ്പ്രദായം നടപ്പിലാക്കിയതിന്റെ ഫലമായി ഇവയില്‍ പലതിനും പില്‍ക്കാലത്ത് പ്രാധാന്യമില്ലാതെയായി. മറ്റുചില ഉപകരണങ്ങള്‍ കാണാന്‍ കിട്ടാതെയുമായി. എന്നാല്‍ ഇവയില്‍ ചില അളവുപകരണങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഇന്നും ഉപയോഗിച്ചു പോരുന്നു. കാലഹരണപ്പെട്ടു പോയ ചില അളവു- തൂക്ക ഉപകരണങൾ 

 1⃣ കഴഞ്ചിക്കോല്‍ 

സ്വര്‍ണം, വെള്ളി മുതലായ വിലകൂടിയ ലോഹങ്ങളും മരുന്നും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് കഴഞ്ചിക്കോല്‍. ചിലയിടങ്ങളില്‍ കഴഞ്ച് വടി എന്നും ഇത് അറിയപ്പെടുന്നു.   

 2⃣ കഴഞ്ചിക്കുരു

ഏതാണ്ട് 5ഗ്രാമിന് തുല്യമായ തൂക്കമാണ് ഒരു കഴഞ്ചിക്കുരുവിന് ഉണ്ടായിരുന്നത്.   

3⃣  കഴഞ്ചി പലക 
പലകകളിലാണ് സാധാരണ കഴഞ്ചിക്കുരു സൂക്ഷിച്ചിരുന്നത്. ആ പലകയാണ് കഴഞ്ചി പലക.     

 4⃣ തുടം 
ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണ് തുടം. നാല് തുടമാണ് ഒരു നാഴി.   

5⃣   കുറ്റി 
ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന മറ്റൊരു അളവ് പാത്രമാണ് കുറ്റി. മുള മുറിച്ചെടുത്താണ് സാധാരണ ഇത് നിര്‍മിച്ചിരുന്നത്.   

  6⃣   തോല 
സ്വര്‍ണം, വെള്ളി, മരുന്ന് എന്നിവ അളക്കാന്‍ ഉപയോഗിച്ചിരുന്ന അളവ് ഉപകരണമാണ് തോല.   

7⃣ ത്രാസും കട്ടികളും 
ഡിജിറ്റല്‍ ത്രാസിന്റെ കടന്നുവരവോടെ ഇല്ലാതായിക്കൊണ്ടിക്കുന്ന അളവ് ഉപകരണമാണ് ത്രാസും കട്ടികളും. എന്നാല്‍ ചിലയിടങ്ങളില്‍ ഇവ ഇപ്പോഴും ഉപയോഗിക്കുന്നു.   

8⃣ വെള്ളിക്കോല്‍ 
എണ്ണ, ശര്‍ക്കര, പഴം തുടങ്ങി പല നിത്യോപയോഗ സാധനങ്ങളും അളക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണ് വെള്ളിക്കോല്‍. വടി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരുന്നത്. കൈക്കോല്‍ എന്നും ഇത് അറിയപ്പെട്ടിരുന്നു.  



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഞവരി 

നെല്പ്പാടങ്ങളിൽ ഭൂമി ഉഴുതതിനുശേഷം നിരത്താനുപയോഗിക്കുന്ന പണിയായുധമാണ്‌ ഞവരി  അഥവാ ഞവർപ്പുമുട്ടി. അഞ്ചാറടി നീളവും ഒരടിയിൽ താഴെ വീതിയുമുള്ള പലകയാണിതിന്റെ പ്രധാന ഭാഗം. ഈ പലകയുടെ അഗ്രം അല്പം വളഞ്ഞിരിക്കും. ചെളി കോരിയെടുക്കുന്നതിനു സഹായിക്കുന്നതരത്തിൽ ഈ വളവ് ക്രമീകരിച്ചിരിക്കും. ഞവരിപ്പലക നുകവുമായി ബന്ധിപ്പിച്ചാണ്‌ പ്രവർത്തിപ്പിക്കുന്നത്. ഇതിനായി കയറാണ്‌ ഉപയൊഗിക്കുന്നത്. പകരം മുളയാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ഞവിരിത്തൊട പള്ളക്കൈ എന്നു പറയുന്നു.

🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഗൃഹാതുരത്വത്തിന്റെ പ്രതീകമായ അളവുതൂക്ക ഉപകരണങ്ങള്‍ വിസ്മൃതിയിലേക്ക് 

ഒരു കാലത്ത് വീടുകളില്‍ അളവു പാത്രങ്ങളായി ഉപയോഗിച്ചിരുന്ന പറ, ഇടങ്ങഴി, നാഴി എന്നിവ വിസ്മൃതിയിലേക്ക്.  സഹോദര്യവും വിശ്വാസ്യതയും നിലനിന്നിരുന്ന കാലത്തെ മറഞ്ഞുപോയ പറ, ഇടങ്ങഴി, നാഴി തുടങ്ങിയ അളവു പാത്രങ്ങളാണെങ്കിലും ഇവ ഇപ്പോള്‍ പ്രാചാരത്തിലില്ല.

എന്നാല്‍ വലിയ വീടുകളിലെ സ്വീകരണമുറികളില്‍ പ്രൗഢിയുടെ ചിഹ്നമായി ഇന്നും ഇവയെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. ഇത്തരം അളവു പാത്രങ്ങള്‍ക്കിപ്പോള്‍ വന്‍ ഡിമാന്റാണെന്നതിനാല്‍ നിര്‍മിക്കുന്നയാള്‍  പാരമ്പര്യവും പഴമയും ചോരാതെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് ഒറ്റതടിയിലാണ് നിര്‍മാണം. അമ്പതു വര്‍ഷമെങ്കിലും പ്രായമുളള പ്ലാവുമരം വേണം ഇവയുടെ നിര്‍മാണത്തിന്.

എഴുപത് ഇഞ്ച് വണ്ണവും 12 ഇഞ്ച് ഉയരവും വരുന്ന വെള്ളയില്ലാത്തടിയാണ് പറ നിര്‍മാണത്തിന് വേണ്ടത്. ഉരുപ്പടികള്‍ നിര്‍മിച്ച ശേഷം ആയുര്‍വേദവിധി പ്രകാരം മരുന്നുകള്‍ ചേര്‍ത്തു എണ്ണ കാച്ചിയെടുത്ത് അതില്‍ മൂന്ന് ദിവസം മുക്കിവയ്ക്കണം. ഇപ്രകാരം ചെയ്യുന്നത് കാലപ്പഴക്കത്തില്‍ കേടു വരാതിരിക്കാനാണ്. നിര്‍മാണം നടത്തിയ പറ, ഇടങ്ങഴി, നാഴി എന്നിവയില്‍ ചെമ്പുതകിടില്‍ ആന, പശു, പല്ലി, കുതിര എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് പതിപ്പിച്ചാണ് മോടി കൂട്ടുന്നത്.

ചുവടുഭാഗം, നടുഭാഗം, മുകള്‍ഭാഗം എന്നിവടിങ്ങളില്‍ പിച്ചള തകിടുകൊണ്ട് പൊതിയുന്നു. പറയുടെ ഇരുവശങ്ങളിലും പിച്ചളകൊണ്ടുള്ള പിടിയും നടുഭാഗത്ത് അളവ് ക്രമപ്പെടുത്തുന്ന തകിടും സ്ഥാപിച്ചാണ്  ഒരുക്കുന്നത്. 




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മലപ്പുറം കത്തി 

മലബാറിൽ വിശിഷ്യാ മലപ്പുറത്തെ മുസ്‌ലിങ്ങൾക്കിടയിൽ കൂടുതലായും പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കത്തിയാണ് മലപ്പുറം കത്തി. മലബാറിലെ ജനവിഭാഗങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു അടയാളമായി ഇത് അറിയപ്പെടുന്നു. കനം കൂടിയതും മൂർച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന കൊളുത്തുമാണ് മലപ്പുറം കത്തിയുടെ പ്രത്യേകതകൾ. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. അത്യാവശ്യം കനമുള്ളതും 15 മുതൽ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി.

കത്തിയുടെ പിടി കനംകുറഞ്ഞ മരം  കൊണ്ടാണ് നിർമ്മിക്കാറ്. നാല് വിരലിൽ ഒതുക്കിപിടിക്കാൻ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണ വേളകളിൽ മറ്റൊരാൾ കത്തിയിൽ കയറിപിടിക്കാതിരിക്കാൻ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണികളും കാണാം. മുറിവുപറ്റിയാൽ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിർമ്മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണ്ഇതിന്റെ പിന്നിലെന്നു പറയപ്പെടുന്നു. തലമുറകളായി മലപ്പുറം കത്തി നിർമിച്ച വടക്കൻ മലബാറിലെ ചില കൊല്ലന്മാർക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാൽ നിർമിച്ച കത്തികൾക്കെല്ലാം ഏകീകൃതരൂപമാണ് ഉണ്ടായിരുന്നത്. 

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിർമ്മാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അതുകാരണം കത്തിക്ക് പ്രചാരണം കുറഞ്ഞുവെന്നും കരുതപ്പെടുന്നു. ഇന്ന് മലപ്പുറം കത്തി അപൂർവമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിർമ്മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


സമോവർ

തിളച്ച വെള്ളം നിരന്തരം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പാത്രമാണ് സമോവർ. റഷ്യയിൽ നിന്നാണ് ഇതിന്റെ ഉൽഭവം. കേരളത്തിലെ ചായക്കടകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ടോ ചെമ്പു കൊണ്ടോയാണ് സമോവർ സാധാരണ ഉണ്ടാക്കുന്നത്. റഷ്യയാണ് ഈ ലോഹപ്പാത്രത്തിന്റെ ജന്മദേശം. "സെൽഫ്‌ ബോയിലർ" എന്നാണു സമാവർ എന്ന റഷ്യൻ വാക്കിന്റെ അർഥം. മുഴുവൻ ഇന്ധനത്തിന്റെ അംശവും പാഴാകാതെ ഉപയോഗിക്കാമെന്നതും ,ചൂടും വെള്ളവും നഷ്ടപ്പെടുന്നില്ല എന്നതും ഇതിന്റെ ഗുണങ്ങളാണ്. മലയാളിയുടെ പ്രഭാതങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു .ആകാശ വാണി വാര്‍ത്തകളും , പത്രവായനയും ,നാട്ടു ചര്‍ച്ചകളും രാഷ്ട്രീയവും എല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത് .പഴയ കാലിളകുന്ന ബെഞ്ചും ഡസ്കും മുറിബീഡിയും ,ചായക്കോപ്പയും ,ചായസഞ്ചിയും ,സമാവര്‍ എന്ന ചായപ്പാത്രവും ഓര്‍ക്കാത്തവര്‍ ആരുണ്ട്‌ .?സമോവരിനുള്ളില്‍ ഇട്ട നാണയത്തുട്ട് വെള്ളം തിളക്കുന്നതിനോപ്പം തുള്ളിക്കളിച്ചു പാത്രത്തിന്റെ സംഗീതം തീര്ത്തിരുന്നത് ഇന്നലെ കേട്ടപോലെ . സമോവര്‍,  ഇതിന്റെ മേല്മൂടി തുറന്നു കടക്കാരന്‍ വെള്ളം നിറക്കുന്നു .മുകളില്‍ തന്നെ ചായ പ്പൊടി നിറച്ച സഞ്ചിയും പാല്‍ ചൂടാക്കാനുള്ള പാത്രവും. 




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചെങ്കല്ല് 

ലാറ്ററൈറ്റ് എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന കായാന്തരിതശിലകളിൽ നിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല് അഥവാ വെട്ടുകല്ല്. ചില പ്രത്യേകതരം പാറ പ്രദേശങ്ങളിൽ നിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് ഉപയോഗിക്കുന്നത് പ്രധാനമായും കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ ഇവയുടെ നിർമ്മാണത്തിനാണ് . കോൺക്രീറ്റ് മേൽക്കൂരയുളള ഇരുനില വീടുകളുടെ ഭാരവാഹകങ്ങളായ ഭിത്തികൾ നിർമ്മിക്കുന്നതിനും കേരളത്തിലെമ്പാടും വെട്ടുകല്ല് ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട അല്ലെങ്കിൽ കപ്പണ (കൽ പണ) എന്നുപറയുന്നത്. മുൻപ് നീളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്. വടക്കൻ മലബാറിൽ വ്യാപകമായി ചെങ്കൽ കുന്നുകൾ ഉണ്ട്. കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ കേളകം,കല്ല്യാട്,ഊരത്തൂർ,കുറുമാത്തൂർ,ചേപ്പറമ്പ്തുടങ്ങിയ ദേശങ്ങളിൽ നിന്നാണു പ്രധാനമായും ചെങ്കല്ല് ഖനനം നടത്തുന്നത്.ആയിരക്കണക്കിനു അന്യ ദേശ തൊഴിലാളികൾ ഇവിടങ്ങളിൽ പണിയെടുക്കുന്നു.വായു സ്പർശനത്തേത്തുടർന്ന് കൂടുതൽ ഉറപ്പാ നേടുന്ന ലാറ്ററൈറ്റ് ശിലകൾ സിമന്റ് തേക്കാതിരുന്നാലും കാലക്രമത്തിൽ കൂടുതൽ ഉറപ്പുള്ളതായി തീരും.

മടയിൽ നിന്നും വെട്ടിയെടുക്കുന്ന ചെങ്കല്ല് വിണ്ടും മഴുവുപയോഗിച്ച് ചെത്തി മിനുസപ്പെടുത്തിയതിനു ശേഷമാണ് പണികൾക്കുപയോഗിക്കുന്നത്. കിണറിന്റെ അരികുകൾ പോലെ വൃത്താകൃതിയിലുള്ള മതിലുകൾ കെട്ടുന്നതിന് അൽപ്പം ചാപാകൃതിയിലും വെട്ടുകല്ല് ചെത്തിയെടുക്കാറുണ്ട്. തറയിൽ വിരിക്കുന്നതിനും വെട്ടുകല്ല് ഉപയോഗിക്കുന്നുണ്ട്.

കോഴിക്കോട് നഗര മദ്ധ്യത്തിലുള്ള മാനാഞ്ചിറ മൈതാനത്തിന്റെയും , കോട്ടയം നഗര മദ്ധ്യത്തിലുള്ള തിരുനക്കര മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ ചെങ്കല്ല് ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതക്ക് ഉദാഹരണമാണ്.

1807 ൽ മലബാർ സന്ദർശിച്ച ഹാമിൽട്ടൻ ബുക്കാനൻ ആണ് ഇത്തരം പാറകളെ ലാറ്ററൈറ്റ് ശിലകൾ എന്ന് പേരു നൽകിയത്. അങ്ങാടിപുറത്ത് വച്ചാണ് അദ്ദേഹം ഈ പാറകളുടെ സവിശേഷതകൾ ശ്രദ്ധിച്ചത്.വടക്കൻ കേരളത്തിലെ പുരാതന കോട്ടകളും ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ഇത്തരം കല്ലുകൾ ഉപയോഗിച്ചാണ്

ഇരുമ്പ് അയിർ അധികമായി കാണുന്ന കല്ലുകൾ ചുവപ്പ് നിറത്തോടെയും,അലൂമിനിയം കൂടുതലുള്ളവ വെളുപ്പ് കലർന്ന മഞ്ഞ നിറത്തിലും,മാംഗനീസ് അധികമുള്ളവ കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലും കാണപ്പെടുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മൂക്കുത്തി 
Nose ring(nose jwel)

മൂക്കിൽ അണിയുന്ന ഒരു ആഭരണമാണ് മൂക്കുത്തി.  സാധാരണയായി ലോഹത്തിലോ കൊമ്പിലോ പണിയുന്ന ഈ ആഭരണം പുരാതനകാലം മുതലേ ഒരു സ്ത്രീകളുടെ ഒരു പ്രധാന ആഭരണമാണ്.  ഇന്ത്യ, പാകിസ്താൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകാൾ പരമ്പരാഗതമായ രീതിയിൽ മൂക്ക് കുത്തി വിവിധ തരം ആഭരണങ്ങൾ അണിയുന്നു. പാരമ്പര്യമല്ലാതെ ഫാഷനും മറ്റുമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മൂക്കുത്തികൾ ഉപയോഗിക്കുന്നുണ്ട്. മൂക്ക് കുത്താതെ കമ്പി വളച്ചും പശ ഉപയോഗിച്ചും ഇതിനെ അനുകരിക്കാനുള്ള ആഭരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ചെറിയ ശതമാനം പുരുഷന്മാരും മൂക്കൂത്തി അണിയുന്നതായി കാണുന്നു.  ഭാരതത്തിലെ ചില നൃത്തരൂപങ്ങളിലും ചില പ്രാക്തന സംസ്കാരങ്ങളിലും  മൂക്കുത്തി ഉപയോഗിച്ചിരുന്നു.

4000 വർഷങ്ങൾക്ക് മുൻപുള്ള രേഖകളിൽ മധ്യേഷ്യയിലാണ് ഈ സമ്പ്രദായം തുടങ്ങിയതെന്നും പിന്നീട് 1500 വർഷങ്ങളോടെ ഇന്ത്യൻ ഉപഭൂഖണ്ഡപ്രദേശത്തേക്ക് ജനങ്ങൾ കുടിയേറിയതോടെ മൂക്കുത്തി ഇന്ത്യയിലും പൂർവേഷ്യയിലും വ്യാപിച്ചു എന്നു കാണുന്നു.

പാരമ്പര്യമായി പ്രസവം എളുപ്പമാക്കാനായി മൂക്കിന്റെ ഇടത്തുവശത്തായിട്ടാണ് മൂക്കുത്തി അണിയുന്നത് എന്ന് പറയപ്പെടുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് മൂക്കിന്റെ ഇടതുവശത്തെ ആയുർവേദഗ്രന്ഥങ്ങളിലും പരാമർശിച്ചുകാണുന്നത്.  സംസ്കാരത്തിൽ ഭൂമീദേവിയുടെ പ്രതീകമായ പാർവതിയോടുള്ള ആദരവായും മൂക്കുത്തിയെ കണക്കാക്കുന്നു. ദക്ഷിണേഷ്യൻ വിവാഹവേളകളിൽ നവവധു 'Koka' എന്നു പേരുള്ള ആഭരണം ധരിക്കാറുണ്ട്, മൂക്കുത്തിയും അതിൽ നിന്നു തുടങ്ങി തലയുടെ ഒരു വശത്തേയ്ക്ക് (ചെവിയുടെ പിറകിലേക്ക്) നീളുന്ന ഒരു ചെയിനും ഉൾപ്പെടുന്നതാണിത്. മരണാനന്തരക്രിയക്കുള്ള ചിലവിനായി മൂക്കുത്തി ധരിക്കുന്നു എന്ന പാരമ്പര്യവും ദക്ഷിണേന്ത്യയിൽ നില നിൽകുന്നുണ്ട്.

9, 10 നൂറ്റാണ്ടുകളിൽ സ്ത്രീകളുടെ വൈവാഹിക ചിഹ്നമായിരുന്നു മൂക്കുത്തി. ഇതിനെ പല ഇന്ത്യൻ ഭാഷകളിലും 'നഥ്' ( नथ)എന്നറിയപ്പെടുന്നു. സാമ്പത്തിക സ്ഥിതി സൂചിപ്പിക്കുന്നതിനും ഈ മൂക്കുത്തികൾ ധരിച്ചിരുന്നു. രാജ്ഞികൾ, മന്ത്രി പത്നിമാർ, ധനികരായ സ്ത്രീകൾ, ഇവർ മുത്തുകൾ, പവിഴങ്ങൾ, രത്നകല്ലുകൾ എന്നിവ പതിച്ച മൂക്കുത്തികള്ളുപയോഗിച്ചു. എന്നാൽ മറ്റുള്ളർ വെള്ളികൊണ്ടുണ്ടാക്കിയ മൂക്കുത്തിയായിരുന്നു ഉപയോഗിച്ചിരുന്നത്. 15 ാം നൂറ്റാണ്ടോടു കൂടി ജനപ്രിയമായ ഈ ആഭരണം 17-18 നൂറ്റാണ്ടോടുകൂടി കരയാമ്പൂ, ആണി, മുള്ള് എന്നിവ ഉപയോഗിച്ച് പല വൈവിധ്യമാർന്ന തരത്തിൽ ഉപയോഗിച്ചു തുടങ്ങി. ഇന്നത്തെ രീതിയിലുള്ള മൂക്കുത്തികൾ 20 ാം നൂറ്റാണ്ടോടു കൂടെയാണ് രൂപപ്പെട്ടത്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


ഇസ്തിരിപ്പെട്ടി 

വസ്ത്രങ്ങളിൽ ഉള്ള ചുളിവുകൾ താപസഹായത്താൽ നിവർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇസ്തിരിപ്പെട്ടി (Iron Box). ഉയർന്ന താപനിലയിലാണ് ഇസ്തിരിയിടുന്നത്. മുൻ‌ കാലങ്ങളിൽ ചിരട്ടക്കനൽ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വൈദ്യുതിയാൽ പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് ഇന്ന് കൂടുതലായും ഉപയോഗത്തിലുള്ളത്. വാണിജ്യാവശ്യങ്ങൾക്ക് എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളും ഇന്ന് നിലവിലുണ്ട്.

വീടുകൾ തോറുമെത്തി ദിനത്തൊഴിലായി ഇസ്തിരിയിടൽ ചെയ്യുന്നവർ ചിരട്ടക്കനൽ ഉപയോഗിക്കുന്ന പഴയതരം ഇസ്തിരിപ്പെട്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പെട്ടികളിൽ കൈപ്പിടി ഒഴികെയുള്ള ഭാഗങ്ങൾ പൂർണ്ണമായും ലോഹനിർമ്മിതമാണ്. കൈപ്പിടി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ കീഴ്‌ഭാഗം ഒഴികെ പുറമെയുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക്കിനാലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം പെട്ടികളിൽ താപം നിയന്ത്രിക്കുവാനുള്ള പ്രത്യേകസംവിധാനവുമുള്ളവയാണ് (Automatic) ഇന്ന് വിപണിയിൽ കൂടുതലായും പ്രചാരത്തിലുള്ളത്.

ഇസ്തിരിപ്പെട്ടിയെ പ്രാദേശികമായി ചിലയിടങ്ങളിൽ തേപ്പെട്ടി എന്നും വിളിക്കുന്നുണ്ട്.

ചൈനയിൽ ബി സി ഒന്നാം നൂറ്റാണ്ടിൽ ലോഹച്ചട്ടിയിൽ ചൂടുള്ള കൽക്കരി ഉപയോഗിച്ചായിരുന്നു ഇസ്തിരി ഇട്ടിരുന്നത്.17-ാം നൂറ്റാണ്ട് മുതൽ പരന്ന കട്ടി ഇരുമ്പിൽ തീ വെച്ച് ഉപയോഗിച്ചു പോന്നു.ഇന്ത്യയിലെകേരളത്തിൽ ചിരട്ടയായിരുന്നു കൽക്കരിക്ക് പകരം ഉപയോഗിച്ചിരുന്നത്.വൈദ്യുതി ഇല്ലാത്തപ്പോൾ ഇപ്പോഴും അവർ ചിരട്ട ഉപയോഗിക്കുന്നു.19ആം നൂറ്റാണ്ടിന്റെ  അവസാനത്തിലും 20ആം നൂറ്റാണ്ടിn ആദ്യത്തിലും മണ്ണെണ്ണ, പ്രകൃതിവാതകം തുടങ്ങിയവയായിരുന്നു ഇസ്തിരിയിടാൻ ഉപയോഗിച്ചിരുന്നത്.

ഇന്ന് വൈദ്യുതി കൊണ്ടുള്ള ഇസ്തിരിപ്പെട്ടികളാണ് ഉള്ളത്.അതിലെ ചൂടുപ്രതലം അലൂമിനിയം അല്ലെങ്കിൽ തുരുമ്പ് പിടിക്കാത്ത ഇരുമ്പ് എന്നിവകൊണ്ടാണ് നിർമ്മിക്കുന്നത്.ഇതിലെ ചൂടുഘടകം തെർമോസ്റ്റാറ്റ് കൊണ്ട് നിയന്തിക്കുന്നു.ഇസ്തിരിയിടുന്ന ആൾക്ക് ആവശ്യമുള്ള താപനില തിരെഞ്ഞെടുക്കാം.ഇത് കണ്ടുപിടിച്ചത് 1882-ലാണ്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മറയൂര്‍ശര്‍ക്കര

മാറയൂർ ജാഗറി, മൂന്നാറിൽ നിന്ന് 42 കിലോമീറ്റർ വടക്ക്, കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നൂർ-ഉടുമ്പൽപേട്ട റോഡിലാണ് മറയൂർ. മറയൂർ വ്യാപകമായ കരിമ്പ്‌ കൃഷിക്ക് പേരുകേട്ടതാണ്. ഇവിടെ 2500 ഏക്കറിലധികം ഭൂമി കരിമ്പിൻ കൃഷിയിലാണ്. അത്തരം കൃഷിയുടെ ഒരു ഉൽ‌പ്പന്നമാണ് മറയൂർ ജാഗറി എന്ന ലോകപ്രശസ്ത വിഭവം. ബാഷ്പീകരിച്ച കരിമ്പിൻ ജ്യൂസ് ഉപയോഗിച്ച് നിർമ്മിച്ച ഇരുണ്ട തവിട്ട് നിറത്തിലുള്ള പഞ്ചസാര പന്തുകൾ എന്നാണ് ജാഗറി. കരിമ്പ്‌ കൃഷിയിടങ്ങളിൽ‌, ഉൽ‌പാദന യൂണിറ്റുകൾ‌ സ്ഥാപിക്കുകയും മുത്തുവ ഗോത്രത്തിൽ‌പ്പെട്ട കർഷകരാണ്‌ ജാഗറി നിർമ്മിക്കുകയും ചെയ്യുന്നത്‌.

പശ്ചിമഘട്ടത്തിലെ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മറയൂരിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സ്ഥാനം കരിമ്പിന് വ്യത്യസ്തമായ ഭൂമിശാസ്ത്രപരമായ ഐഡന്റിറ്റി നൽകുന്നു. ഇതിനൊപ്പം, കൃഷിസ്ഥലത്ത് തന്നെ ജിഗറി നിർമ്മിക്കുന്നതിൽ പ്രദേശവാസികളുടെ പ്രായപരിധിയിലുള്ള പ്രത്യേക വൈദഗ്ദ്ധ്യം അതിനെ ഒരു അദ്വിതീയ ഉൽ‌പ്പന്നമാക്കി മാറ്റുന്നു. അതിനാൽ മധുര പലഹാരങ്ങൾ തയ്യാറാക്കുന്നതിന് രാജ്യത്തുടനീളം വീടുകളിൽ ആവശ്യക്കാർ ഏറെയാണ്.





🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

Palm-leaf manuscript (താളിയോല) 

താളിയോലയും നാരായവും കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാദ്ധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതിക്കൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.

പല രൂപത്തിലും വലിപ്പത്തിലും താളിയോലകൾ കാണാമെങ്കിലും അധികവും ദീർഘചതുരാകൃതിയിലാണ്. എഴുത്താണി അഥവാ നാരായം കൊണ്ടാണ് പനയോലയിൽ എഴുതിയിരുന്നത്.

കുടപ്പന ഓലകളിൽ തയ്യാറാക്കിയവയാണു് താളിയോലഗ്രന്ഥങ്ങൾ. കുടപ്പന ദുർലഭമായ സ്ഥലങ്ങളിൽ കരിമ്പനയും ഉപയോഗിക്കാറുണ്ടായിരുന്നു. ഇവയെ പ്രത്യേകമായി കരിമ്പനയോലഗ്രന്ഥങ്ങൾ എന്നും വിളിച്ചുവരാറുണ്ടു്. പല നീളത്തിലും വീതിയിലും ഇത്തരം ഓലകൾ കണ്ടെന്നിരിക്കാം. പക്ഷേ, ഒരൊറ്റ ഗ്രന്ഥത്തിൽ ഇവ ഒരേ വലിപ്പത്തിലാണു് അടുക്കിയിട്ടുണ്ടാവുക. ശരാശരി 20 സെന്റിമീറ്റർ മുതൽ 45 സെന്റിമീറ്റർ വരെ നീളമുള്ള താളിയോലഗ്രന്ഥങ്ങൾ സാധാരണമാണു്. നീളം കുറഞ്ഞ ഗ്രന്ഥങ്ങളുടെ ഇടത്തേ അറ്റത്തുനിന്നും അഞ്ചു സെന്റീമീറ്റർ അകത്തേക്കു മാറി, ചുട്ട ഇരുമ്പുകമ്പി കൊണ്ടു കുത്തിയുണ്ടാക്കിയ, ഏകദേശം ഒരു സെന്റീമീറ്റർ വ്യാസത്തിലുള്ള ദ്വാരം ഓരോ ഓലയിലും കാണാം. താരതമ്യേന നീളം കൂടിയ (30 സെ.മീ.യിൽ കൂടിയ) ഓലകളിൽ ഇതിനു പകരം, ഇരുവശങ്ങളിൽ നിന്നും 5 സെ.മീ. വീതം ഉള്ളിലേക്കു മാറി രണ്ടു ദ്വാരങ്ങൾ വീതം കാണും. ഗ്രന്ഥത്തിന്റെ ഓലകൾ എല്ലാം കൂടി ഒരു ചരടിൽ കോർത്തിട്ടിരിക്കും. തയ്യാറാക്കിയ ഓലകളുടെ വലിപ്പങ്ങളിലെ നേരിയ വ്യത്യാസമനുസരിച്ച് ക്രമത്തിൽ തന്നെയായിരിക്കും ഇപ്രകാരം കോർത്തുകെട്ടുന്നതും.  ഗ്രന്ഥത്തിന്റെ ആദ്യത്തെ ഓലയ്ക്കു മീതെയും അവസാനത്തെ ഓലയ്ക്കു കീഴെയുമായി ഏകദേശം അര സെന്റീമീറ്റർ കനമുള്ള ചെത്തിമിനുക്കിയ മരപ്പലകകൾ കവചസംരക്ഷണമായി ചേർത്തിരിക്കും. ഈട്ടി, ശീലാന്തി(പൂവരശു്) തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ഇത്തരം പലകകൾ ഓലകളുടെ അതേ നീളത്തിലും വീതിയിലുമായി, പ്രത്യേകമായി ചെത്തിമിനുക്കിയിട്ടുള്ളവയായിരിക്കും. പലകകളിലും മേൽച്ചൊന്ന തരത്തിലുള്ള അതേ വലിപ്പത്തിലും സ്ഥാനത്തിലും ദ്വാരങ്ങൾ കാണാം.

ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാർ) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികൾ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. 

താളി എന്ന വാക്കിന് പന എന്നർഥമുണ്ട്. കുടപ്പനയുടേയും കരിമ്പനയുടേയും ഇളം ഓലകൾ എടുത്ത്  വാട്ടി ഉണക്കി എടുക്കുന്ന രീതിയാണ് സാധാരണ അവലംബിക്കാറ്. ഉണക്കി പുകകൊള്ളിക്കുന്ന രീതിയും ഉണ്ടായിരുന്നു. കൂടുതൽകാലം ഈടുനില്ക്കുന്നതിനായി മഞ്ഞൾ ചേർത്ത് വാട്ടി ഉണക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഓലകൾ നൂറ്റാണ്ടുകൾ പഴക്കമായാലും കേടുകൂടാതെ ഇരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ ചില കൊട്ടാരങ്ങളിലും ഗ്രന്ഥപ്പുരകളിലും ഇന്നും സൂക്ഷിക്കുന്നുണ്ട്. ഗ്രന്ഥങ്ങൾക്ക് പുറമേ ക്രിസ്തീയ ദേവാലയങ്ങളിൽ കണക്കുകൾ എഴുതുന്നതിനും ധാരാളമായി ഓലകൾ ഉപയോഗിച്ചിരുന്നു. ഇന്നും അവ ഈ ദേവാലയങ്ങളിൽ സൂക്ഷിച്ചു പോരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കണക്കുകൾ എഴുതുന്നതിനു പ്രത്യേകം ഓലകളാണു ഉപയോഗിച്ചിരുന്നത്.

കേരള സർവ്വകലാശാലയുടെ മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ (കാര്യവട്ടം) അമൂല്യങ്ങളായ വളരെയധികം താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് കൂടുതൽ ഭംഗി കിട്ടുന്നതിനും ശ്രദ്ധേയമാക്കുന്നതിനുമായി കല്യാണക്കത്തുകൾ പനയോലയിൽ അച്ചടിച്ചിറക്കുന്ന രീതിയും അപൂർവമായി കാണാറുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഉരലും ഉലക്കയും

ധാന്യം കുത്തി ഉമി കളയുന്നതിനും ധാന്യം പൊടിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ദണ്ഡാണ്  ഉലക്ക. ഉരലിലിട്ട വസ്തുക്കൾ ഉലക്ക കൊണ്ടിടിച്ച് പൊടിക്കുന്നു.

ഈട്ടിമരത്തിന്റെ കാതൽ കൊണ്ടാണ് പൊതുവേ ഉലക്ക നിർമ്മിക്കുന്നത്. ഇതിന് ആറടിയോളം നീളമുണ്ടാവും. ആശാരിയോ കൊല്ലനോ ആണ് ഇത് നിർമ്മിക്കുന്നത്. ആശാരിമാർ ഉണ്ടാക്കിയെടുത്ത ഉലക്കയിൽ ചിറ്റിടുന്നത് കൊല്ലന്മാരാണ്. ഉലക്കയുടെ രണ്ടറ്റത്തും ഇരുമ്പിന്റെ ചിറ്റുണ്ടാവും. ധാന്യം കുത്തുമ്പോൾ ഇടിക്കുന്ന ഭാഗത്തിനു ഭാരം വർദ്ധിപ്പിക്കാനും ഉലക്കയുടെ അറ്റം ചിതറിപ്പോകാതെയിരിക്കുന്നതിനുമാണ് ഈ ചിറ്റിടുന്നത്. ഉലക്കയുടെ ഒരു അറ്റം ധാന്യങ്ങൾ പൊടിക്കുന്നതു പോലെയുള്ള കാര്യങ്ങൾക്കും മറുവശം കുത്തുന്നതിനും ഉപയോഗിക്കാവുന്ന വിധമാണ് ചിറ്റിന്റെ ഘടന. ഒരുവശം മാത്രം ചിറ്റുള്ള ഉലക്കയും ഉണ്ട്. ഉപയോഗത്തെയടിസ്ഥാനമാക്കി ഉലക്കയുടെ ഘടനയിലും മാറ്റമുണ്ടാകാറുണ്ട്. ധാന്യങ്ങൾ കൂടാതെ, ആയുർവേദമരുന്നുകൂട്ടുകൾ ഇടിച്ചെടുക്കുന്നതിനും ഉലക്ക ഉപയോഗിക്കാറുണ്ട്.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

തീപ്പെട്ടി

1680-ൽ റോബർട്ട് ബോയിൽ ആണ് ആദ്യത്തെ തീപ്പെട്ടി കണ്ടുപിടിച്ചത്. സൾഫർ പുരട്ടിയ ഒരു കമ്പിൽ ഫോസ്ഫറസിന്റെ സ്പർശനം ഉണ്ടാകുമ്പോൾ തീപിടിക്കുന്ന വിധമായിരുന്നു ഇതിന്റെ  നിർമ്മാണം. ഫോസ്ഫറസ് എളുപ്പം ആവിയായി പോകും എന്നതായിരുന്നു ഈ തീപ്പെട്ടിയുടെ കുഴപ്പം. 1827-ൽ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ ജോൺ വാക്കർ ആണ് ഇന്നത്തെ പോലുള്ള തീപ്പെട്ടി കണ്ടു പിടിച്ചത്. ഒരിക്കൽ അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ യാദൃശ്ചികമായി പൊട്ടാസ്യം ക്ലോറൈ ഡും ആൻറി മണി സൾഫൈഡും  തമ്മിൽ ഉരസി തീ ഉണ്ടായി. ആ രാസവസ്തുക്കൾ  തീപ്പെട്ടി ഉപയോഗിക്കാമെന്ന് വാക്കർ മനസ്സിലാക്കി. വാക്കർ തന്റെ  കണ്ടെത്തലിന് പേറ്റന്റ് എടുക്കാൻ ശ്രമിച്ചില്ല. തുടർന്ന് വാക്കറിന്റെ  കുറിപ്പുകളിൽ നിന്ന് കൂടുതൽ മെച്ചപ്പെടുത്തിയ മിശ്രിതം പലരും കണ്ടെത്തി. വെള്ള ഫോസ്ഫറസ് ഉപയോഗിച്ചായിരുന്നു ഈ  പരീക്ഷണങ്ങൾ. ഒരു കഷണം സാൻഡ് പേപ്പറിൽ ഉരച്ച് ആയിരുന്നു  കൊള്ളികൾ തീപിടിപ്പിച്ചിരുന്നത്. എന്നാൽ ചിലപ്പോൾ യാദൃശ്ചികമായി ഇവ പരസ്പരം ഉരഞ്ഞ് തീ പിടിക്കുമായിരുന്നു. 1855-ൽ ചുവന്ന ഫോസ്ഫറസ്   ഉപയോഗിച്ച് തുടങ്ങിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋


കയര്‍പിരി വിസ്മൃതിയിൽ 

അര നൂറ്റാണ്ടിലധികം കാലം പുഴയോരങ്ങളില്‍ നിറഞ്ഞു നിന്ന റാട്ടകള്‍ അപ്രത്യക്ഷമായപ്പോള്‍ ചിലയിടങ്ങളിൽ പേരിന് മാത്രമായി കയര്‍ പിരി യന്ത്രം പ്രവര്‍ത്തനമില്ലാതെ പുരാ വസ്തുവെന്നോണം ഓര്‍മ്മകളുടെ ശേഷിപ്പായി നില്‍ക്കുന്നു. തീര പ്രദേശ കാഴ്ചയായിരുന്ന കയര്‍ പിരി വിസ്മൃതിയിലായി. കയര്‍ പിരിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളുടെ (റാട്ട)ഇരമ്പലുകളും നിലച്ചു. സ്ത്രീ തൊഴിലാളികളുടെ ഉപജീവനത്തിന്റെ കഥ പറയുന്നതായിരുന്നു പുഴയോരത്തെ കയര്‍ പിരിയും റാട്ടകളും. കയര്‍ പിരി യന്ത്രത്തിന് ഇപ്പോള്‍ പുഴയോരത്ത് വംശ നാശം സംഭവിച്ച മട്ടാണ്. പുഴയോര വാസികളുടെ ജീവിതത്തിലെ ഐശ്വര്യ കാലമായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് വരെ കയര്‍ പിരി വ്യവസായം.

ഓരോ കേന്ദ്രങ്ങളിലും നാലും അഞ്ചും യന്ത്രങ്ങള്‍ വെച്ച് കയര്‍ പിരി വ്യവസായം സജ്ജീവമായ ഒരു കാല ഘട്ടം.

നൂറ് കണക്കിന് കയര്‍ പിരി യന്ത്രങ്ങളാണ് ഈ വിധം കയര്‍ പിരി വ്യവസായം അസ്തമിച്ച് പോയതിനെ തുടര്‍ന്ന് തുരുമ്പെടുത്തും മറ്റും ഇല്ലാതായത്. 500ല്‍ പരം സ്ത്രീ തൊഴിലാളികള്‍ ഉപജീവനം കണ്ടെത്തിയ വ്യവസായം പിന്നീട് പാടെ ഇല്ലാതാകുകയും ചെയ്തു. ഇപ്പോള്‍ പല  പ്രദേശങ്ങളിലും  പേരിന് പറയാന്‍ ഒന്നു പോലുമില്ലാതെ കയര്‍ പിരി വ്യവസായം ഇല്ലാതായി.

ചകിരി പൂഴ്ത്തലും ചകിരി മില്ലുകളുടെ പ്രവര്‍ത്തനം ഇല്ലാതായതുമാണ് കയര്‍ പിരി വ്യവസായത്തെയും ബാധിച്ചത്. ഇവകള്‍ മൂന്നും പരസ്പര പൂരണങ്ങളായിരുന്നു. തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായമായതിനാല്‍ ഓരോന്നിന്റേയും അസ്തമയം ഒന്നിച്ചായിരുന്നു.

പച്ച ചകിരി ചെളിയില്‍ പൂഴ്ത്തി ആഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്താണ് ചകിരി മില്ലുകളിലെത്തിച്ച് യന്ത്ര സഹായത്താല്‍ തുപ്പാക്കി മാറ്റുക. ഈ ചകിരി തുപ്പ് കയര്‍ പിരി കേന്ദ്രത്തിലെത്തിച്ച് ചൂടിയാക്കി പുഴ മാര്‍ഗ്ഗം കയറ്റുമതി ചെയ്യലായിരുന്നു പതിവ്.

ഓരോ വീട്ട് മുറ്റത്തും കുടില്‍ വ്യവസായം കണക്കെ ഒരു കയര്‍ പിരി യന്ത്രം എന്നത് പ്രദേശത്തെ ഒരു കാഴ്ചയായിരുന്നു. സ്വയം തൊഴിലായി സ്വീകരിച്ച് കൈ കൊണ്ട് കയര്‍ പിരിക്കുന്ന സ്ത്രീകളുണ്ടായിരുന്നതും ഇന്ന് ഇല്ലാതായി.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കള്ള്  ചെത്തുന്നതിനുള്ള ആയുധങ്ങളും നിർമ്മാണവും

പനയുടേയോ, തെങ്ങിന്റേയോ പൂങ്കുലത്തണ്ട് ചെത്തിവക്കുമ്പോൾ അതിൽനിന്നൂറി വരുന്ന നീർ സംഭരിച്ച് അത് പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള്. പ്രാകൃതഭാഷയിൽ മദ്യത്തിനെ സൂചിപ്പിക്കുന്ന കല്ലാ എന്ന വാക്കിൽ നിന്നാണ് കള്ള് എന്ന പദം നിഷ്പന്നമായത്.

തെങ്ങിൻ കള്ളിലെ ദോഷരഹിതമായ പഞ്ചസാരയുടെ അളവ് 15% മുതൽ 16% വരെയാണ്‌. ജീവകം എ, ജീവകം ബി, ജീവകം ബി-2, ജീവകം സി എന്നിവയും; മനുഷ്യശരീരത്തിന് അവശ്യഘടങ്ങളായ ഗ്ലൂട്ടാമിക് അമ്ലം, തിയോനിൻ, അസ്പാർട്ടിക് അമ്ലം എന്നിവയുൾപ്പെടെ 17 തരം അമിനോ അമ്ലങ്ങളും കള്ളിൽ അടങ്ങിയിരിക്കുന്നു. തെങ്ങിന്റെ പൂക്കുല ചെത്തിയോ, പനയുടെ തടിയിലോ ഉണ്ടാക്കുന്ന ഒരു ചെറിയ വെട്ടിൽ ചെത്തുകാരൻ ഒരു മൺകുടം കമഴ്ത്തിവെക്കുന്നു.


കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനം തേറ് എന്നു വിളിക്കുന്ന വീതിയുള്ള ഒരുതരം കത്തിയാണ്‌. കേടായ പൂങ്കുല ചെത്തിക്കളയുന്നതിനായി പിച്ചാത്തി, കള്ള് ശേഖരിക്കുന്നതിനുള്ള പാത്രമായ കുടുക്ക (ആദ്യം ഉപയോഗിച്ചിരുന്നത് ചുരക്കത്തോട് ആയിരുന്നു. പിന്നീട് മൺകുടങ്ങളേക്കാളും അല്പം കൂടി വായ്‌വട്ടം കൂടിയ മൺപാനികളും ഉപയോഗിച്ചിരുന്നു. പിന്നീട് ഇപ്പോൾ പ്ലാസ്റ്റിക് പാത്രമാണ്‌ ഉപയോഗിക്കുന്നത്.), തേറ് വയ്ക്കുന്നതിനുള്ള കത്തിക്കൂട് ( ആഞ്ഞിലി എന്ന മരം ഉപയോഗിച്ചാണ്‌ ഇതുണ്ടാക്കുക) കൂമ്പിൽ തേക്കുന്നതിനുള്ള ആറ്റുചെളി നിറച്ച ചെറിയ ഒരു പാത്രം, തേറ് തേച്ച് മൂർച്ച വരുത്താനുള്ള പാലത്തടി, കൂമ്പ് തല്ലുന്നതിനായി ഉപയോഗിക്കുന്ന ബ്ലാങ്കൽഎന്നിവയും ചെത്തുകാരന്റെ പണിയായുധങ്ങളാണ്‌. ബ്ലാങ്കൽ ആയി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത് കാട്ടിലെ പശു എന്നറിയപ്പെടുന്ന മ്ലാവിന്റെ കൈയ്യിലെ അസ്ഥിയായിരുന്നു. ഉള്ളിലെ മജ്ജ നീക്കം ചെയ്ത് അതിൽ പ്രത്യേക അളവുകളിൽ കോഴിനെയ്യ്, പശുവിൻനെയ്യ്, എരുമനെയ്യ്, പന്നിനെയ്യ്, ചില അങ്ങാടി മരുന്നുകൾ, കരിക്ക്, തേങ്ങാവെള്ളം, കള്ള് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം, ഒരു തെങ്ങിൽ നിന്നും എടുക്കുന്ന ചൂട്ടും കൊതുമ്പും മാത്രം വിറകായി ഉപയോഗിച്ച് ഓട്ടുരുളിയിൽ തയ്യാറാക്കി, ചൂട് നിയന്ത്രിച്ച്, ആരും കാണാതെയും തൊട്ടുരിയാടാതെയും പൗർണ്ണമി രാവിൽ വ്രതാനുഷ്ഠാനത്തോടുകൂടി ആശാന്മാരാണ്‌ നിറച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിറക്കുന്ന ബ്ലാങ്കൽ ക‌ലാഞ്ഞിൽ, പാലയുടെ കമ്പ്, കോലരക്ക് എന്നിവകൊണ്ട് അടയ്ക്കുന്നു.





🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ബീഡി വ്യവസായം

ദക്ഷിണേഷ്യയിൽ പുകവലിക്കാനായി പ്രചാരത്തിലുള്ള നാടൻ സം‌വിധാനമാണ്‌ ബീഡി. സിഗററ്റിനേക്കാളും വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ കാർബൺ മോണോക്സൈഡും ടാറും സൃഷ്ടിക്കാൻ ബീഡിക്ക് കഴിയും. പുകയില വളരെ ചെറുതായി (പൊടിയായി) നുറുക്കിയത് തെണ്ട് (Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഒരേ അളവിൽ മുറിച്ച ഇലകൾ കൊണ്ട് പൊതിഞ്ഞ് അതിൻറെ വണ്ണം കുറഞ്ഞ ഭാഗം നൂൽ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്. ഇതിനെ ബീഡി തെറുക്കൽ എന്ന് പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും ബീഡി തെറുക്കാറുണ്ട്.  നിക്കോട്ടിൻ ആണ്‌ ബീഡി വലിക്കുന്നവർക്കു ലഹരി നൽകുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ബീഡികൾ - ദിനേശ് ബീഡി, സാധു ബീഡി, കാജാ ബീഡി, അബ്ദുള്ള ബീഡി.

ബീഡി നിർമ്മാണം നടത്തുന്ന കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനമാണ് ദിനേശ് ബീഡി. ഇന്ത്യയിലെ തന്നെ വലിയ സഹകരണസംഘം ആണ് 1969 ൽ പ്രവർത്തനമാരംഭിച്ച കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘം. തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണം ഉണ്ട്.കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ദിനേശ് ബീഡി നിർമ്മാണ യൂണിറ്റ്‌ പ്രവർത്തിക്കുന്നു. ഒരു കാലത്ത് ഇടതുപക്ഷ സഹകരണപ്രസ്ഥാനത്തിന്റെ മുഖമുദ്രയായിരുന്നു കണ്ണൂരിലെ കേരള ദിനേശ് ബീഡിക്കമ്പനി. തുടക്കത്തിൽ 45,000 തൊഴിലാളികളുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 15,000 തൊഴിലാളികൾ മാത്രമാണ് ഉള്ളത്. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാർ കുറയുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഡയസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് തെണ്ട് അഥവാ ബീഡിമരം (ശാസ്ത്രീയനാമം:Diospyros melanoxylon). ഇംഗ്ലീഷിൽ കൊറൊമാൻഡൽ എബണി, ഈസ്റ്റ് ഇന്ത്യൻ എബണി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഡയോസ്പൈറോസ് മെലനോക്സിലോൺ എന്നാണ് ശാസ്ത്രീയനാമം. ഇന്ത്യയിൽ ഇതിന്റെ ഇലകൾ ബീഡിനിർമ്മാണത്തിനായി വൻ‌തോതിൽ ഉപയോഗിക്കപ്പെടുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചിമ്മിനിവിളക്ക് 

കേരളീയർ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് കത്തിക്കാവുന്ന വിളക്കാണ് ചിമ്മിനിവിളക്ക്. ചിലയിടങ്ങളിൽ ഇപ്പോഴും മണ്ണെണ്ണ കത്തിക്കുന്ന ചിമ്മിനിവിളക്ക് ഉപയോഗിക്കുന്നുണ്ട്. ചുവട്ടിൽ മണ്ണെണ്ണ നിറക്കാനായി സ്ഫടികം കൊണ്ടോ ലോഹം കൊണ്ടോ നിർമ്മിച്ച ഉരുണ്ട പാത്രവും അതിൽ‌നിന്നും പഞ്ഞിനാരു കൊണ്ടുള്ള തിരി ഉയർന്ന് വരുന്ന അടപ്പും ഉണ്ടായിരിക്കും. തിരിയുടെ അറ്റം കത്തുന്നതിനനുസരിച്ച് എണ്ണ മുകളിലേക്ക് ഉയരുന്നു. തിരിയിലെ വെളിച്ചം നിയന്ത്രിക്കാനായി മുകളിൽ സ്ഫടികം കൊണ്ടുള്ള (പുകക്കുഴൽ) ചിമ്മിനി ഉണ്ടായിരിക്കും.

ചിമ്മിനി വിളക്ക് ആദ്യമായി രൂപകൽപ്പന ചെയ്ത ലിയനാർഡൊ ഡാവിഞ്ചി അന്ന് ഗ്ലാസ് ലഭ്യമല്ലാത്തതിനാൽ ലോഹക്കുഴലാണ് ഉപയോഗിച്ചത്. 

മധ്യകാലത്ത് ലിയനാർഡോ ഡാ വിൻസി (1452 - 1519) രൂപകൽപ്പന ചെയ്ത ചിമ്മിനി വിളക്കിന് പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും കൃത്രിമ വിളക്കുകളുടെ രൂപകൽപ്പനയ്ക്ക് അദ്ദേഹമാണ് തുടക്കം കുറിച്ചത്. 1879-ൽ തോമസ് ആൽവാ എഡിസൺ (1847 - 1931) ബൾബ് കണ്ടുപിടിക്കുന്നതു വരെയും ഇത്തരം പരീക്ഷണങ്ങൾ പലയിടത്തും അരങ്ങേറിയിരുന്നെങ്കിലും, എഡിസൺ കണ്ടുപിടിച്ച ബൾബ് ഇന്നും പഴഞ്ചൻ സാങ്കേതികതയുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല.


🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

റാന്തൽ

രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വിളക്കാണു് റാന്തൽ. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. പാനീസ് വിളക്കിനെ അറബിയിൽ ഫാനൂസ് എന്ന് വിളിക്കുന്നു.  മണ്ണെണ്ണ ഉപയോഗിച്ചാണ് ഇതു് കത്തിക്കുന്നതു്.

കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണ് അതിന്റെ നിർമ്മാണരീതി. മണ്ണെണ്ണ നിറക്കുന്നതു് താഴെയുള്ള ഭാഗത്താണ്. അതിന്റെ ഒരു വശത്ത് മുകളിലായി തിരി മുകളിലേക്ക് ഉയർത്താനും താഴ്ത്താനും പറ്റുന്ന ഒരു സംവിധാനമുണ്ട്. അതിന്റെ മുകളിലായി വൃത്തത്തിലുള്ള കണ്ണാടികൂട് ഘടിപ്പിച്ചിരിക്കും.

കാടിനടുത്ത പ്രദേശങ്ങളിൽ കാട്ടാനയെ അകറ്റാൻവേണ്ടി രാത്രികാലങ്ങളിൽ വയലിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്. മീനുകളെ ആകർഷിക്കാൻ രാത്രിയിൽ താഴ്ത്തിവെച്ച ചീനവലകൾക്കു് മുകളിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ട്. കാളവണ്ടികളിൽ പാനീസ് വിളക്കുകളായിരുന്നു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മിഴാവ്


കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക.



ചാക്ഷുഷയജ്ഞമെന്ന് പറയാറുള്ള കൂടിയാട്ടത്തിനും കൂത്തിനും ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്. പൊക്കം അൽപംകൂടി വണ്ണമൽപം കുറഞ്ഞുള്ള ഒരു വലിയ ചെമ്പുകുടം,വാവട്ടം എട്ടംഗുലത്തോളം വരും, വക്ക് ഉരുണ്ടിരിക്കും-ഇതാണു മിഴാവ്. മിഴാവിന്റെ വായ്,കുതിർത്ത തോൽ പൊതിഞ്ഞു കയറിട്ടു മുറുക്കിക്കെട്ടി പാകത്തിന് ഉണക്കി(വായ് പൊതിഞ്ഞ തോൽ) കൊട്ടാൻ തയ്യാറാക്കുന്നു. രണ്ട് കയ്യിന്റേയും പടം ഉപയോഗിച്ചിട്ടാണ് മിഴാവ് കൊട്ടുന്നത്. വാദകൻ ഈ അഴിക്കൂടിന്റെ മേലെപ്പടിയിലിരുന്നാണു കൊട്ടുക. ഇരിക്കാൻ പാകത്തിനു വീതി കൂട്ടി നല്ല ബലത്തിൽ നിർമ്മിച്ചതായിരിക്കും കൂടിന്റെ മുകളിലത്തെ പടി. കഥകളിയിൽ ആട്ടത്തിനനുസരിച്ച് ഭാവത്മകമായിട്ടാ‍ണല്ലോ ചെണ്ട കൊട്ടുക. കൂടിയാട്ടത്തിൽ ഈ സ്ഥാനം മിഴാവിനാണ്. മിഴാവിൽ തായമ്പകയും കൊട്ടാറുണ്ട്. തിമിലയുടെ ശബ്ദത്തിനോട് ഏതാണ്ട് സാദൃശ്യമുണ്ട് മിഴാവിന്റെ ശബ്ദത്തിന് (രണ്ടും പാണിവാദ്യങ്ങൾ - കൈപ്പടം കൊണ്ട് കൊട്ടുന്നവ).

നമ്പ്യാർ സമുദായത്തിൽ പെട്ടവർ മാത്രമെ അടുത്ത കാ‍ലം വരെ മിഴാവു കൊട്ടിയിരുന്നുള്ളു.

മിഴാവ് രണ്ടു കൈകൾ കൊണ്ടുമാണ് കൊട്ടുക. സംസ്കൃതത്തിലെ മിഴാവിന്റെ പേര് “പാണിവാദ“ എന്നാണ്. (പാണി എന്നത് കരങ്ങളെയും വാദ എന്നത് വായിക്കുക എന്ന് അർത്ഥം വരുന്ന വാദനം എന്നതിനെയും കാണിക്കുന്നു.)

മിഴാവ് ഒരു “ബ്രഹ്മചാരി“യായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ മിഴാവ് പാവനവുമാണ്. അമ്പലങ്ങളിലെ വിശുദ്ധ ആചാര പ്രകാരമുള്ളാ കൂടിയാട്ടം,കൂത്ത് അവതരണങ്ങളിൽ മാത്രമേ മിഴാവു വായിക്കാറുള്ളൂ. കൂത്തമ്പലത്തിന്റെ അകത്താണ് മിഴാവ് സൂക്ഷിച്ചിരിക്കുക. ഇതുവരെയും അമ്പലവാസി നമ്പ്യാർ സമുദായാംഗങ്ങൾ മാത്രമേ ക്ഷേത്രങ്ങളിലും കൂത്തമ്പലങ്ങളിലും മിഴാവ് വായിക്കാറുള്ളൂ.

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്... ചിത്രത്തിൽ...



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മകുടി 

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും പരിചിതമായ ഒരു സംഗീത ഉപകരണമാണ്‌ മകുടി. ഉത്തരേന്ത്യയിൽ പുംഗി, (Pungi) ബീൻ (Been) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് ഒരു സുഷിരവാദ്യമാണ്‌. ഈ ഉപകരണം ഉപയോഗിക്കുന്നത് പാമ്പാട്ടികളാണ്‌.

മകുടി അഥവ പുംഗി ആദ്യകാലത്ത് പരമ്പാരഗത സംഗീതത്തിന്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടത്. ഇത് മതപരമായ സംഗീതങ്ങളിൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. യക്ഷഗാനത്തിന്റെ ഒരു വിഭാഗമായ ബഡഗുട്ടിട്ടുവിൽ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഏറ്റവും കൂടുതൽ ഉപയോഗിച്ചുകാണുന്നത് പാമ്പാട്ടികളാണ് . എങ്കിലും ചില ഭാരതീയ നൃത്തരൂപങ്ങൾക്കും ഉപയോഗിച്ചു കാണുന്നു. "പുന്നാഗവരാളി " എന്ന രാഗം മാത്രമേ മകുടിയിൽ വായിക്കുവാൻ സാധിക്കുകയുള്ളൂ.

ഒരു മകുടി, അഥവാ‍ പുംഗി നിർമ്മിക്കുന്നതിലേയ്ക്കായി ചുരയ്ക്ക, പൊള്ളയായ നാളീകേരമോ ഉപയോഗിക്കാം. ഇതിന്റെ രണ്ട് വശത്തും ഒരു തുളയുണ്ടാക്കി, അതിന്റെ ഒരു വശത്ത് അര ഇഞ്ച് വ്യാസമുള്ളതും രണ്ടര ഇഞ്ച് നീളമുള്ളതുമായ ഒരു കുഴൽ പിടിപ്പിച്ചിരിക്കുന്നു. മറ്റേ വശത്ത് ഓടക്കുഴൽ പോലെ ഊതുന്ന ആറ് സുഷിരങ്ങൾ ഉള്ളതും ഒരു സുഷിരം മാത്രമുള്ളതുമായ രണ്ട് ഘടിപ്പിക്കുന്നു. ഇതിനെ ജിവാല എന്ന് പറയുന്നു. സാധാരണ രീതിയിൽ 7 ഇഞ്ച് നീളത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ആറ് സുഷിരങ്ങളിൽ കൈവിരലുകളാൽ സ്വരനിയന്ത്രണം സാധ്യമാക്കുന്നു. ഒരു സുഷിരം മാത്രമുള്ള കുഴൽ ശ്രുതിക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു. ശ്രുതിക്കുഴലിലൂടെ പുറപ്പെടുവിക്കുന്നത് തികച്ചും അപശ്രുതിയായിക്കും എന്നതാണ്‌ മകുടിയുടെ ഏറ്റവും വലിയ പ്രത്യേകത.




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

അടപലക 


കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. വൃത്താകൃതിയിൽ നേരേമുകളിൽ കൈപിടിയുള്ള അടപലക പാത്രം മൂടിവൈക്കുന്നതിനും, ദീർഘവൃത്താകൃതിയിൽ രണ്ടുവശവും കൈപിടിയോട് കൂടിയവ കഞ്ഞിവെള്ളം വാർക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഇനത്തിന് ദേശഭേദമനുസരിച്ച് ‘ അടച്ചുവാറ്റി ’, ‘ അടച്ചുവാറ ’, ‘ അടച്ചൂറ്റി എന്നിങ്ങനെ പല പേരുകൾ പറയാറുണ്ട്




🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചിരവ 

തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. 1540-ൽ ഫ്രാങ്കോയിസ് ബൂളിയർ (François Boullier) ചിരവ കണ്ടുപിടിച്ചു. ജമൈക്കയിൽ പരമ്പരാഗത സംഗീതോപകരണങ്ങളുടെ പട്ടികയിൽ നാളികേര ചിരവയും സ്ഥാനം പിടിച്ചിരിക്കുന്നു. പാൽക്കട്ടി ചിരകാൻ വേണ്ടി കണ്ടുപിടിച്ച ചിരവയാണ് പിന്നീട് നാളികേരം ചിരകാനായി മാറ്റി രൂപകൽപ്പന ചെയ്തത്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മത്ത് 

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്. വൃത്താകൃതിയിലുള്ള ഒരു മരക്കട്ടയും അതിൽ വെട്ടുകളും നടുവിലായി ഒരു പിടിയും കൂടിയതാണ് ഇതിന്റെ ഘടന. അപകേന്ദ്രണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മത്ത് വേഗത്തിൽ കറക്കുമ്പോൾ മിശ്രിതം അതോടൊപ്പം കറങ്ങുന്നതിനാൽ അപകേന്ദ്രണബലം കൂടുതലനുഭവപ്പെടുന്ന ഘനത്വംകൂടിയ പദാർഥഭാഗങ്ങൾ കേന്ദ്രത്തിൽ നിന്നകന്നുപോകുകയും തന്മൂലം അപകേന്ദ്രണബലം കുറച്ചനുഭവപ്പെടുന്ന ഘനത്വം കുറഞ്ഞ ഘടകം (വെണ്ണ) കേന്ദ്രത്തിലേക്കടുക്കുകയും ചെയ്യും.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

കുട്ട 

വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി. ഈറ്റ (മുള) ചെറുതായി നീളത്തില്‍ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി . ഇപ്പോൾ പ്ലാസ്റ്റിക് കുട്ടകളും വട്ടികലും സജീവം. മണ്ണ്, ചരൽ,മെറ്റൽ ചുമക്കാൻ റബ്ബർ കുട്ട ഉപയോഗിക്കുന്നു



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മുറം 

അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കും.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ചട്ടുകം

അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചട്ടുകം. ദോശ, ചപ്പാത്തി എന്നിങ്ങനെ പരന്ന ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുമ്പോൾ അവ മറിച്ചിടാനാണ് ചട്ടുകം കൂടുതലായി ഉപയോഗിക്കുന്നത്. പായസം പോലെയുള്ള ഭക്ഷ്യവിഭവങ്ങൾ തയാറാക്കുമ്പോൾ അവ ഉരുളിക്കടിയിൽ കരിഞ്ഞുപിടിക്കാതിരിക്കാൻ ഇളക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഘടികാരം / ടൈംപീസ് 

മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ്‌ ഘടികാരം. ഭൂമി സൂര്യനുചുറ്റും നടത്തുന്നതും അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി നിലവിലുള്ള വർഷം, ദിവസം എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന്‌ മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും ഒരു ക്രിയ നടക്കുമ്പോൾ മാത്രമാണ് സമയം അനുഭവപ്പെടുന്നത് എന്ന കാരണംകൊണ്ട് വസ്തുക്കളുടെ നിയതമായ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്.

ആദ്യകാലങ്ങൾ മുതൽ ഇപ്പോഴും വലിയ കെട്ടിടങ്ങളിലും തെരുവുകളിലും വലിയ ഘടികാരങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മണൽ ഘടികാരം

പണ്ടുകാലത്ത് സമയമളക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണമാണ് മണൽ ഘടികാരം. ഇംഗ്ലീഷിൽ ഇതിനെ hourglass, sandglass, sand timer, sand clock, egg timer എന്നെല്ലാം വിളിക്കുന്നു. ലംബമായി ഘടിപ്പിച്ച രണ്ട് ഗ്ലാസ് ബൾബുകൾ ചേർന്നതാണ് ഇതിന്റെ പ്രധാന ഘടന.ഗ്ലാസ് ബൾബുകൾക്കിടയിലെ സുഷിരത്തിലൂടെ മുകളിലെ ബൾബിൽ നിന്ന് താഴെയുള്ള ബൾബിൽ മണൽ വീണു നിറയാനെടുക്കുന്ന സമയം അവലംബിച്ചിട്ടുള്ളതാണു മണൽ ഘടികാരത്തിന്റെ ഉപയോഗരീതി.മണലിന്റെ അളവ്,ഇനം,ഗ്ലാസിന്റെ വലിപ്പം,സുഷിരത്തിന്റെ വ്യാസം എന്നീ ഘടകങ്ങൾ അളന്നുകിട്ടുന്ന സമയത്തെ സ്വാധീനിക്കുന്നു.

ക്രി.വ എട്ടാം നൂറ്റാണ്ടിൽ Luitprand എന്ന സന്യാസിയാണ് മണൽ ഘടികാരം യൂറോപ്പിൽ അവതരിപ്പിച്ച്ത് എന്ന് കരുതുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

മഞ്ചൽ


പുരാതനകാലങ്ങൾ മുതൽ ഗതാഗതത്തിനുപയോഗിച്ചിരുന്ന സം‌വിധാനങ്ങളിലൊന്നാണ്‌ മഞ്ചൽ അഥവാ പല്ലക്ക്. ചക്രങ്ങൾ ഇല്ലാത്ത ഈ വാഹനം രണ്ടോ അതിലധികം പേർ ചേർന്ന് തോളിലേറ്റിയാണ്‌ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കുക. രാജാക്കന്മാർക്കും ധനാഢ്യന്മാർക്കും മാത്രം നിർമ്മിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞിരുന്ന, പൊതുവെ വേഗത കുറവുള്ള ഈ സം‌വിധാനം വിനോദ സഞ്ചാരത്തിനും സ്ത്രീകളുടെ ഗതാഗതത്തിനുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ബലമുള്ള ഒരു തണ്ടിൽ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. മുമ്പിലേക്കും പിറകിലേക്കും തള്ളിനിൽക്കുന്ന തണ്ട് നാലോ അഞ്ചോ പേർ ചേർന്ന് പൊക്കിയെടുത്ത് തോളിൽ വെച്ചാണ്‌ മഞ്ചൽ കൊണ്ടുപോയിരുന്നത്. യാത്രക്കിടയിൽ അതു ചുമക്കുന്നവർ താളത്തിൽ മൂളിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തരകാലത്ത്, ഉൾനാടുകളിൽ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. ചിലപ്പൊൾ മൃതശരീരങ്ങൾ ദീർഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളിൽ അതു ചുമന്നിരുന്നവർ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദർഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.


🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

വഴിയമ്പലം

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ.

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും,  വെട്ടിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്. ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു. എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

Cuneiform writing system

ലോകത്തെ, ഏറ്റവും പുരാതനമായ എഴുത്തുരീതിയാണ് ക്യൂണിഫോം ലിപി. "ഉർ" വംശജരായ സുമേറിയക്കാർ വികസിപ്പിച്ചെടുത്ത ലിപി യാണിത്. കളിമണ്ണ് കൊണ്ട് ഫലകങ്ങൾ ഉണ്ടാക്കി, അതിൽ എഴുതുകയോ, അടയാളങ്ങളുണ്ടാക്കുകയോചെയ്തതിന് ശേഷം ഫലകങ്ങൾ തീയിൽ ചുട്ടെടുക്കുന്ന രീതിയാണിത്. കണ്ടെടുക്കപെട്ടതിൽ ഏറ്റവും പുരാതനമായ ഭാഷയാണുസുമേറിയരുടെക്യൂണിഫോംലിപിയെന്നാണുചരിത്രകാരന്മാരുടെഅഭിപ്രായം. ക്യൂനസ് (cuneus) ഫോർമ (forma) എന്നലാറ്റിൻ പദങ്ങളിൽ നിന്നാണ് ക്യൂണിഫോം എന്ന വാക്കുണ്ടായത്. ക്യൂനസ് എന്നാൽ "ആപ്പ് " എന്നും ഫോർമ എന്നാൽ "ആകൃതി" എന്നുമാണ് അർത്ഥം. 

സുമേറിയൻ, ക്യൂണിഫോം അക്ഷരങ്ങൾക് ആപ്പിന്റെ ആകൃതിയാണുള്ളത്. അതിനാൽ അവ "ആണികൾ" പോലെയാണിരിക്കുന്നത്. B.C-2600-ഓടെഅക്ഷരങ്ങൾക്യൂണിഫോമും ഭാഷ സുമേറിയനുംആയിത്തീർന്നു. ഏഴുത്തുരേഖകൾ സൂക്ഷിക്കുന്നതിനും, നിഘണ്ടുനിർമ്മാണത്തിനും, ഭൂമിയിടപാടുകൾക്ക് നിയമസാധുതനൽകുന്നതിനും, രാജാവ്,നിയമത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രഖ്യാപിക്കുന്നതിനും മറ്റുമായിഇവ കൂടുതലായി ഉപയോഗിക്കപ്പെട്ടിരുന്നു.

ക്യൂണിഫോം ലിപികളെഴുതാൻ "ഞാങ്ങണ" (Commen reed) തണ്ടുകൾ ഉപയോഗിച്ചിരുന്നു.നമ്മുടെനാട്ടിലെകരിമ്പിനോട് സാദൃശ്യമുള്ള വലിയ പുൽ വർഗ്ഗമാണ് ഞാങ്ങണ.



🌲🌲🌱🌱🌿🌳🎋        🥀🥀🥀🥀         🌲🌲🌱🌱🌿🌳🎋

ഏറുമാടം

വൻമരങ്ങളുടെയും മറ്റും മുകളിൽ താത്കാലികമായി താമസിക്കുവാൻ നിർമ്മിച്ചിരിക്കുന്ന ചെറു വീടുകളാണ് ഏറുമാടം. ചില സാഹചര്യങ്ങളിൽ നിലത്തു നിന്നും വളരെ ഉയരത്തിൽ മുളങ്കാലുകളും മറ്റും നാട്ടി നിർത്തിയും ഏറുമാടങ്ങൾ നിർമ്മിക്കാറുണ്ട്. വനങ്ങളിൽ ഏറുമാടങ്ങൾ നിർമ്മിച്ചിരിക്കുന്നത് വനപാലകർക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണ്. വൻമരങ്ങളുടെ മുകളിലെ ഉറപ്പുള്ള ശിഖരങ്ങളിലാണ് ഇത്തരം വീടുകൾ നിർമ്മിക്കുക.

ആദിവാസികളാണ് ഏറുമാടങ്ങൾ കൂടുതലായും ഉപയോഗിച്ചിരുന്നത്. സുരക്ഷിതത്വം തേടിയാണ്‌ ഇവർ മരങ്ങളുടെ മുകളിൽ കുടിൽ കെട്ടിയിരുന്നത്‌. ഇവരുടെ വാസ്തുവിദ്യകളിൽ വളരെ പ്രചാരം നേടിയതും ഈ ഏറുമാടങ്ങളാണ്. ഈറ്റ, മുള, വൈക്കോൽ, പുല്ല് കാട്ടുവള്ളികൾ മുതലായ വസ്തുക്കളാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിക്കുക. ഇന്ന് ടൂറിസം മേഖലകളിൽ ഏറുമാടങ്ങൾ ജനപ്രിയമാണ്.

തുറന്ന ഏറുമാടം സാധാരണ ഏറുമാടം പോലെ വീടുകൾ അല്ല ഇവക്ക് മേല്കുര ഉണ്ടാകാറില്ല , വനം അടുത്തുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും ഗ്രാമങ്കളിലും ആനയും മറ്റു കൃഷി നശിപിക്കുന മൃഗങ്ങളും വരുന്നത്‌ നോക്കി കാണുവാൻ ആണ് തുറന്ന ഏറുമാടം ഉപയോഗിക്കുനത്. സാധാരണ ഒന്നിൽ കൂടുതൽ ആളുകൾ രാത്രിയും പകലുമായി മാറി മാറി ഇരികുകയാണ് പതിവ്.