അറിവുകൾ പങ്കുവെക്കാം

Page 1

                                            
    

🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

കമണ്ഡല മരം അഥവാ തിരുവട്ടക്കായ് മരം

അസാധാരണമായ പൂക്കളും പഴങ്ങളും ഉൽ‌പാദിപ്പിക്കുന്ന ഒരു ചെറിയ നിത്യഹരിതമാണ് ഭാരതത്തില്‍ കമണ്ഡല മരം എന്നറിയപ്പെടുന്ന കലബാഷ് ട്രീ (Calabash tree). കേരളത്തിൽ ഇതിന്റെ ഫലത്തിന് പറയുന്ന പേര് തിരുവട്ടക്കായ് എന്നാണ്.

തമിഴിൽ നിന്നാണ് തിരുവട്ടക്കായ് എന്ന പേര് വന്നത്. 'വട്ടത്തിലുള്ള കായ' ദൈവമായ ശ്രീബുദ്ധൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് തമിഴിൽ 'തിരു' എന്ന് ചേർക്കപ്പെട്ടത്. ഇംഗ്ലീഷിൽ ഇതിന് Beggers bowl (ഭിക്ഷക്കാരുടെ പാത്രം) എന്നും പറയുന്നു.

ശ്രീബുദ്ധനും ബുദ്ധഭിക്ഷുക്കളും ഭിക്ഷ യാചിക്കാനും, ഭക്ഷണം കഴിക്കാനും, വെള്ളം സൂക്ഷിക്കാനും  ഉപയോഗിച്ചിരുന്നതും, പിന്നീട് ഹിന്ദു സന്യാസിമാരും വ്യാപകമായി ഇതേ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. നല്ല വലിപ്പവും ഉറപ്പുമുള്ള ഈ കായ്കളുടെ മുകൾഭാഗം തുളച്ച് ഉൾഭാഗം ചുരണ്ടിക്കളഞ്ഞ് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ വെള്ളം സൂക്ഷിക്കാനുള്ള കമണ്ഡലുവായി ഉപയോഗിച്ചിരുന്നത്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം.

ലോകത്തിലെ ഏറ്റവും വലിയ അഗ്രികൾച്ചറൽ തീം പാർക്കായ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ എഞ്ചിനീയറായ NKകുര്യൻറെ ഉടമസ്ഥതയിലുള്ള 'മാങ്കോ മെഡോസി'ൽ ഈ വൃക്ഷം സമൃദ്ധമായി വളരുന്നുണ്ട്.

സെന്റ് ലൂസിയ(St.Lucia)യുടെ ദേശീയ വൃക്ഷമാണ് കലബാഷ് ട്രീ. ശാസ്ത്രീയ നാമം ക്രസന്റിയ കുജെറ്റ് (Crescentia cujete)എന്നാണ്. കലബാഷ് വൃക്ഷം ആഫ്രിക്കയിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഗയാന, സുരിനാം തുടങ്ങിയ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലകളിലും ഇത് വളരുന്നു. മധ്യ, തെക്കേ അമേരിക്ക, വെസ്റ്റ് ഇൻഡീസ്, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ ഫ്ലോറിഡ എന്നിവിടങ്ങളിലും ഈ മരങ്ങളുണ്ട്. ഗയാനയിൽ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളിൽ ഒന്നാണ് കലബാഷ് ട്രീ. ഈ മരത്തിൽ നിന്ന്  പാത്രങ്ങളും കപ്പുകളും ബേസിനുകളും നിര്‍മ്മിക്കാനുള്ള ധാരാളം കായകള്‍ ലഭിച്ചിരുന്നു.

കലബാഷ് വൃക്ഷത്തിന്റെ വിവരണം
ഇതൊരു സപുഷ്പിയായ മരമാണ്. മോശം ഡ്രെയിനേജുള്ള പ്രദേശങ്ങളിൽ പോലും വളരാൻ കഴിയുന്നു. ഇവ പത്ത് മീറ്റർ വരെ ഉയരത്തിൽ വളരുന്നു, നല്ല കട്ടിയുള്ള പുറംതോടാണ് കമണ്ഡലുവിന്. അകത്ത് ദുർഗന്ധം വമിക്കുന്ന പൾപ്പാണ്.

അലങ്കാര വസ്തുക്കളും സംഗീത ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുന്നു. വേവിച്ചത് ഭക്ഷ്യയോഗ്യമാണെന്നും അല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പച്ചക്ക് കഴിച്ചാൽ ദൂഷിതാഹാര (poison)മാണെന്നതില്‍ തര്‍ക്കമില്ല.

പൂക്കൾ വൃത്താകൃതിയിലും മണി(bell)യുടെ ആകൃതിയിലും ഇളം മഞ്ഞ കലർന്ന തവിട്ടുനിറത്തിലുമാണ്. അവ രാത്രിയിൽ മാത്രം പൂക്കുകയും നേരിയ ദുർഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പിറ്റേന്ന് ഉച്ചയോടെ പൂക്കൾ വാടിപ്പോകും. രാത്രികളില്‍ വവ്വാലുകളാൽ പരാഗണം നടത്തപ്പെടുന്നു. പഴങ്ങൾ പാകമാകാൻ ആറുമാസമെടുക്കും.




കടപ്പാട്:  കെ.പി.എ. റഫീക്ക്

🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

കൊച്ചിയിലെ പട്ടേല്‍ തീയേറ്റര്‍

കൊച്ചിയില്‍ വളരെ പ്രത്യേകതകള്‍ ഉള്ള ഒരു സിനിമശാല ഉണ്ടായിരുന്നു. അത്‌ ഓല കൊണ്ടോ മറ്റോ മറച്ച സിനിമ കൊട്ടക ആയിരുന്നില്ല. അത്‌ അക്കാലത്ത്‌ ഡാമുകള്‍ ഉണ്ടാകാന്‍ ഉപയോഗിച്ച ചുണ്ണാമ്പും ,സുർക്കയും മിക്‌സ്‌ ചെയ്യത്  കല്ല്‌ കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാര സദ്യശ്യമായ വലിയൊരു മണിമാളിക ആയിരുന്നു.

കേരളത്തില്‍ ആദ്യമായി ട്യൂബ്‌ ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആണ്‌. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌.  ഇത്‌ കാണാന്‍ അന്യ നാടുകളില്‍ നിന്ന്‌ വരെ ആളുകള്‍ വരുമായിരുന്നു. കേരളത്തിലെ തന്നെ മികച്ച കലാസ്യഷടിയായിരുന്നു. ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി. ഇത്‌ കാണാന്‍ മാത്രം കേരളത്തിന്റെ പല ഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു.

അത്‌ പണിയാന്‍ നേതൃത്വം  നല്‍കിയത്‌ കൊച്ചിയെ കൊച്ചിയാക്കിയ പ്രഗല്‍ഭ എന്‍ജിനിയർ ആയ റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന എന്‍ജിനിയർ ആയിരുന്നു എന്നത്‌ തന്നെ ഒരു ചരിത്രത്തിന്റെ ഭാഗമാണ്‌. 

ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ. ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന കലാസനേഹി ആയിരുന്നു.

പട്ടേല്‍ സേട്ടിന്‌ കണ്ണെത്താത്ത ദൂരത്തോളം തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു. പട്ടേല്‍ സേട്ടുവിന്റെ തെങ്ങിന്‍ തോപ്പ്‌ നിന്നിടത്താണ്‌ ഇന്നത്തെ നേവിയുടെ എയർപോർട്ടും, വാത്തുരുത്ത് മേഖലയും, അതിനോട്‌ ചേർന്ന നേവി ക്വാർട്ടഴ്‌സും.

പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌. തന്റെ തോപ്പ്‌ വിറ്റ്‌ കിട്ടിയ പണം കൊണ്ടാണ്‌ പട്ടേല്‍ സേട്ട്‌ തിയേറ്റർ പണിതത്‌. അദ്ദേഹം ഒരു മതേതര വാദിയും കലാസനേഹിയും ആയിരുന്നു. അദ്ദേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെ കുറിച്ച്‌ പറഞ്ഞത്‌, എല്ലാ മതസ്തരും ഒന്നിച്ചിരുന്ന്‌ ആസ്വാദിക്കുന്ന ദേവാലയം ആണ്‌ സിനമശാല എന്നാണ്‌.

മദിരാശിയിലെ കാസിനോവിലെ സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌ തന്റെ തിയേറ്ററിന്‌ അക്കാലത്തെ മദ്രാസ്‌ കാസിനോവിന്റെ മാത്യകയില്‍ ആണ്‌ നിർമ്മിച്ചത്‌. റോബർട്ട്‌ ബ്രിസറ്റോ ആ വെല്ലുവിളി ഏറ്റെടുത്തു. ഈ വിശാലമായ അതിമനോഹര തിയേറ്ററില്‍ ഒരു തൂണ്‌ പോലും ഇല്ല എന്നത്‌ അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലൊരു ഉദാഹരണം ആണ്‌. തൂണുകള്‍ ഇല്ലാത്ത രണ്ട്‌ നിലകെട്ടിടം. ഇതിന്റെ ഉല്‍ഘാടനത്തിന്‌ പട്ടേല്‍ ഹെലികോപറ്ററില്‍ വന്നിറങ്ങിയെന്നും ആകശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അറിയുന്നു. ഫിലിം പെട്ടി വന്നിറങ്ങിയതും ഹെലികോപറ്ററില്‍ ആയിരുന്നു.

പിന്നീട്‌ പ്രസിദ്ധമായ ഹിന്ദി ചലചിത്രങ്ങള്‍ കൊച്ചിയില്‍ (എറണാകുളത്ത്‌) വന്നത്‌ പട്ടേല്‍ തിയേറ്ററിലാണ്‌. ടെന്‍ കമാന്റ്‌മെന്റസ്‌ എന്ന വിശ്വവിഖ്യാതമായ ചിത്രം കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണെന്ന്‌ പല പഴയ ആളുകളും അഭിമാനത്തോടെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. കേരളത്തില്‍ ആദ്യമായി മോണിങ് ഷോ തുടങ്ങിയതും പട്ടേല്‍ തിയേറ്ററില്‍ ആയിരുന്നു. കേരളത്തിലെ ആദ്യകാല എ ക്ലാസ്‌ തിയേറ്ററുകളില്‍  ഒന്നാണ്‌ പട്ടേല്‍ തിയേറ്റര്‍. അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്തിരുന്നത്‌. അത്‌ കാണാന്‍ അന്നത്തെ സിനിമ പ്രേമികള്‍ മലബാറില്‍ നിന്ന്‌ പോലും എത്തിയിരുന്നു. ഗെയിറ്റ് വേ ഓഫ് കൊച്ചി എന്നറിയപ്പെടുന്ന മേഖലയില്‍ ആണ് പട്ടേല്‍ തിയേറ്റര്‍ തല ഉയര്‍ത്തി നിന്നിരുന്നത്. 

പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്‌. അത്‌ രണ്ട്‌ മഹാ ഗായകരുടെ സംഗമത്തെ  കുറിച്ചാണ്‌. ലോകം ആദരിക്കുന്ന മുഹമ്മദ്‌ റാഫിയുടെയും കൊച്ചിയുടെ മഹാനായ ഗായകന്‍ മെഹ്ബൂബ്‌ ഭായുടെയും സംഗമം ആയിരുന്നു അത്‌. 1958 ല്‍ അനാഥ സംരക്ഷണത്തിന്റെ ധനശേഖരണാർത്ഥം ആണ്‌ മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌. അന്ന്‌ ഏറ്റവും മനോഹര കെട്ടിടമായ പട്ടേല്‍ തിയേറ്ററില്‍ വെച്ചാണ്‌ റാഫിയുടെ പ്രോഗ്രാം നടന്നത്‌. നിറഞ്ഞ സദസ്‌ കൈയ്യടിയോടെ റാഫിയെ സ്വീകരിച്ചു. റാഫി പാടി "ഗംഗാ കീ മേവൂദ്‌''.... ജനം ആർത്തിരിമ്പി. അടുത്ത പാട്ട്‌ പാടാന്‍ റാഫി മൈക്കെടത്തപ്പോള്‍ കൊച്ചയിലെ ജനം ആർത്തു വിളിക്കാന്‍ തുടങ്ങി. 'മെഹ്ബൂബ്‌ പാടണം ' മെഹ്ബൂബ്‌ കാണികള്‍ക്കിടയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വിളിച്ച്‌ പറഞ്ഞു  കൊണ്ടിരുന്നു. 'മെഹ്ബൂബ്‌ പാടണം ' സദസ്സിലെ ആവശ്യത്തിന്‌ വഴങ്ങി റാഫി മെഹ്ബൂബിനെ വേദിയിലേയക്ക്‌ ക്ഷണിച്ചു. ജനം കൈയ്യടിയോടെ പാട്ടിന്റെ തമ്പുരാനെ ആനയിച്ചു. റാഫിയുടെ കടുത്ത ആരാധകനായ മെഹ്ബൂബ്‌ പാടി. 

''സുഹാനി രാത്‌'' ....

നിശബദ്ധമായ സദസ്സ്‌. തന്റെ തന്നെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി പാടുന്ന ഭായ്‌. പാട്ട്‌ തീര്‍ന്നപ്പോള്‍ സദസ്സ്‌ കൈയ്യടിക്കാന്‍ പോലും മറന്ന നിമിഷം. റാഫി കെട്ടിപിടിച്ച്‌ ആ വേദിയില്‍ നിന്ന്‌ പറഞ്ഞു. ''മെഹബൂബ്‌ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല ബോംബയിലേയക്ക്‌ വരൂ നിങ്ങള്‍ ലോകം അറിയുന്ന പാട്ടുകാരനാകും'' ഭായിയെ അറിയാവുന്ന എല്ലാവർക്കും കാര്യം അറിയാമായിരുന്നു, ഭായ്‌ക്ക്‌ ഏറ്റവും വലുത്‌ കൊച്ചിയും കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹഫിലും, കൊട്ടിപ്പാട്ടും ആണെന്ന്. "സുഹാനി രാത്‌ ദില്‍ ചുക്കി'' എന്ന റാഫിയുടെ പാട്ടിന്റെ ഈണത്തില്‍ 1951 ല്‍ മെഹബൂബ്‌ തന്റെ ആദ്യ സിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയട്ടുണ്ട്‌. 

സുഹാനി രാത്‌ ദില്‍ ചുക്കി... മലയാളം ''അകലെ ആര്‌ കൈവിടും നീ താനെ നിന്‍ സഹായം'' . ആ ഗാനത്തിന്‍റെ ലിങ്ക് താഴെ...
https://www.youtube.com/watch?v=-3AekkYg9Ws

പട്ടേല്‍ വലിയൊരു ധാനദർമ്മിയും അതോടപ്പം തന്നെ ചീട്ടുകളി ഭ്രമം ഉള്ള ആളും ആയിരുന്നു. വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ടു കളിക്കാന്‍ പോകുമാിരുന്നു. പലപ്പോഴും തോല്‍വി ആയിരുന്നു ഫലം. ലക്ഷങ്ങള്‍ ചൂത്‌ കളിയിലൂടെ ഒഴുകി പോയി. പിന്നീട്‌ കടം പറഞ്ഞ്‌ കളിക്കാന്‍ തുടങ്ങി. ജേയ്‌ക്കബ്‌ എന്ന കച്ചവടക്കാരനാണ്‌ പലപ്പോഴും പട്ടേലിന്റെ കടങ്ങള്‍ ക്ലബ്ബുകളില്‍ വീട്ടിയിരുന്നത്‌.

മറ്റൊരിക്കല്‍ ചീട്ടുകളിയില്‍ പണം നഷടപ്പെട്ട പട്ടേല്‍ സേട്ടിന്‌ നാലര ലക്ഷം രൂപ കൈയ്യില്‍ കൊടുത്ത്‌ പട്ടേല്‍ തിയേറ്റർ എഴുതി വാങ്ങുകയായിരുന്നു ജേക്കബ്‌. ജേക്കിന്റെ അപ്പനും അനുജനും കൂടി പാർട്ടണർഷിപ്പില്‍ പട്ടേല്‍ തിയേറ്റർ നടത്തി. ക്രമേണ സിനിമ ഇല്ലാതെ തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു. പിന്നീട്  ജേക്കബ്‌ മറ്റ്‌ രണ്ടു പേരെയും ഒഴിവാക്കി പട്ടേല്‍ തിയേറ്റർ എന്നത്‌ ഒരു കണ്‍വെന്‍ഷന്‍ ഹാളാക്കി മാറ്റി, മംഗലം എന്ന പേരില്‍ കല്ല്യാണമണ്ഡപം തുടങ്ങി. അധികം നാള്‍ കഴിഞ്ഞില്ല അതും  പൂട്ടേണ്ടതായി വന്നു. വീണ്ടും ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥ പ്രേതം പോലെ നിന്നു.

ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഡ്യന്‍ വന്‍ ദാരദ്രത്തിന്റെ ദുരന്ത പൂർണ്ണമായ ജീവിതത്തിലേയക്ക്‌ നയിക്കപ്പെട്ടു. ജീവിത വഴിയില്‍ മറ്റൊരു വിധി വൈപരീത്യം ആയിരുന്നു  തന്റെ തന്നെ പേരിട്ട, താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍ യാചകനാണ്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ പുവർ ഹൗസില്‍ (ദരിദ്രർക്കുള്ള താമസ സ്ഥലം, ആരുമില്ലാത്തവരുടെ താമസ സ്ഥലം) കൊണ്ട്‌ പോയിട്ടു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇറക്കി കൊണ്ടു വന്നു. പന്നീട്‌ അദ്ദേഹം ദുരിത പൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌, ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി.

പല സ്ഥലങ്ങളിലായി ആയിരകണക്കിന്‌ ഏക്കർ തോട്ടങ്ങള്‍. എത്രയെത്ര വീടുകള്‍. പക്ഷേ, മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ മുഷിഞ്ഞ ഏതാനും കടലാസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ അധികം പാവങ്ങള്‍ക്ക്‌ വീടുകള്‍ വെച്ച്‌ കൊടുത്ത ആ ധനാഡ്യന്‌ അവസാനം തലചായ്‌ക്കാന്‍ അലഞ്ഞു  തിരിയേണ്ടി വന്ന ദുരന്തം ഭീകരമാണ്‌.

മംഗലം കല്ല്യാണ മണ്ഡപവും കുറെനാള്‍ പൂട്ടികിടന്നു. പന്നീടാണ്‌ കൊച്ചിയിലെ തന്നെ ലത്തീഫും, അദ്ദേഹത്തിന്റെ അളിയനായ  ചക്കരപറമ്പ്‌ സ്വദേശിയായ അനീസും അനീസിന്റെ ബന്ധുവായ അല്‍ത്താഫും, സാദിക്കും ചേർന്ന്‌ ഈ ബില്‍ഡിംഗ്  ജേക്കബിന്റെ കൈയ്യില്‍ നിന്ന്‌ പാട്ടത്തിന്‌ എടുക്കുകയും "ഹൈപ്പർ മാർക്കറ്റ്‌'' എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. കേരളത്തിലെ തന്നെ ആദ്യത്തെ  ഹൈപ്പർ മാർക്കറ്റ്‌ ആയിരുന്നു അത്. തുടക്കത്തില്‍ മികച്ച പ്രതികരണം ആയിരുന്നു ജനങ്ങളില്‍ നിന്ന്‌. എല്ലാ സാധനങ്ങളും കിട്ടുന്ന ആദ്യ 'മാള്‍ കണ്‍സെപ്റ്റ്‌ ' തോപ്പുംപടിയിലെ ഈ ഹൈപ്പർ മാർക്കറ്റ്‌ ആയിരുന്നു. ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. വീണ്ടും പ്രശനങ്ങള്‍ ആയി. ഇത്തവണ പാർട്ടണർഷിപ്പ്‌ പ്രശനങ്ങള്‍ ആയിരുന്നു കാരണം. പ്രശനങ്ങള്‍ വഷളായി അടിപിടിയില്‍ കലാശിച്ചു. വിണ്ടും ആ ബില്‍ഡിംഗ്  പൂട്ടിയിട്ടു.

പലരും പലതും പറഞ്ഞു ''നല്ലവനായ പട്ടേല്‍ സേട്ടിനെ പറ്റിച്ച്‌, തിയേറ്റര്‍  ജേക്കബ്‌ തട്ടിയിടുത്തതിന്റെ ശാപമാണ്‌ ആരും അവിടെ വാഴത്തത്‌''. പാർട്ടണർഷിപ്പ്‌ കേസ്‌ വിധിയായി അനീസിന്റെ കൈയ്യില്‍ വീണ്ടും ഈ ബില്‍ഡിംഗ് വന്നു. അനീസ്‌, അല്‍ത്താഫ്‌, ഷാജി എന്നിവർ പാർട്ടണർഷിപ്പില്‍ വീണ്ടും പുതുക്കി പണിതു. മികച്ച ഫുഡ്‌കോർട്ട്‌ ഉള്‍പ്പെടെയുള്ള സൗകര്യത്തോടെ നല്ലരും ഷോപ്പിങ്ങ്‌ സെന്റർ. പക്ഷേ  വീണ്ടും അവസ്ഥ പഴയത്‌ പോലെയായി. കാര്യങ്ങള്‍ ആവർത്തിച്ചു കൊണ്ടിരുന്നു. അനീസ്‌ മറ്റ്‌ രണ്ട്‌ പാർട്ടണമാരെ  ഒഴിവാക്കി ഒറ്റയക്ക്‌ നടത്തി. ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയില്‍ നടക്കുന്നു.

കൊച്ചിയിലെ തന്നെ നല്ലൊരു എ സി കോണ്‍ഫ്രന്‍സ്‌ ഹോള്‍. മികച്ച നിലവാരത്തില്‍ കുറഞ്ഞ വാടകയക്ക്‌ നല്‍കുന്നു. അതോടപ്പം സെയത്ത്‌ എന്ന മികച്ച റെസ്റ്ററന്‍റ്. കൊച്ചിയിലെ മികച്ച കുഴിമന്തി കിട്ടുന്ന സ്ഥലം എന്ന പേരിലാണ്‌ ഇപ്പോള്‍ ഈ സ്ഥാപനം അറിയപ്പെടുന്നത്‌. പട്ടേല്‍ തിയേറ്റർ ഇന്ന്‌ മറീനമാള്‍ കണ്‍വന്‍ഷന്‍ സെന്റർ എന്നാണ്‌ അറിയപ്പെടുന്നത്‌. 

വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇത്തരത്തിലുള്ള മൂസാ സേട്ടിന്റെ കഥ സിദ്ധീക്‌ ലാല്‍ പറയുന്നുണ്ട്



കടപ്പാട്: Haris aboo