മണ്മറഞ്ഞു പോകുന്ന കൗതുകങ്ങൾ
Page 2
Prepared by
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
മീന്‍കൂട്
ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏര്‍പ്പാടാണിത്. പ്രധാന ജലാശയത്തില്‍നിന്നും കൈത്തോട് തുടങ്ങുന്നയിടത്തു തന്നെ ഒഴുക്കുവരുന്ന ഭാഗത്തിന് അഭിമുഖമായി നിലത്തുചേര്‍ത്തു വച്ചശേഷം രണ്ടു നീണ്ട കമ്പുകള്‍ X ആകൃതിയില്‍ ഇരുവശത്തുനിന്നും നിലത്ത് കുത്തി കൂടിനെ അതിനിടയില്‍ ഉറപ്പിച്ച് മേല്‍ഭാഗത്ത് കമ്പുകള്‍ കൂട്ടിക്കെട്ടുക. തെങ്ങോല മുറിച്ചത് കൊണ്ടോ വാഴക്കച്ചി കൊണ്ടോ കൂടിനു ചുറ്റുമുള്ള ഭാഗങ്ങള്‍ മീനുകള്‍ കടന്നുപോകാത്തവണ്ണം മറയ്ക്കുക. സാധാരണയായി വൈകിട്ട് കൂട് ഒരുക്കിവച്ചാല്‍ പ്രഭാതത്തിനുമുമ്പ് തന്നെ എടുക്കാറുണ്ട്. പുതുവെള്ളം വരുമ്പോള്‍ കൂട് വയ്ക്കുന്നത് പ്രധാനമാണ്. വരാല്‍, കാരി, മുഷി, ആരകന്‍, ളാപ്പ, കൂരി, കുറുവാ, പരല്‍ തുടങ്ങിയ മീനുകളെയാണ് ഇങ്ങനെ പിടിക്കാറുള്ളത്.
മുളവാരി,പനയീര്‍ക്കില്‍,തെങ്ങിന്‍റെ ഈര്‍ക്കില്‍ ഇവ മെടഞ്ഞാണ് വിവിധ വലുപ്പത്തിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നത്. വാളക്കൂടുകള്‍ നിര്‍മ്മിക്കുന്നത് മുളവാരി കീറിയത് കൊണ്ടാണ്. സാധാരണയായി കണ്ടുവരുന്ന ചെറിയ കൂടുകള്‍ തെങ്ങിന്‍റെ ഈര്‍ക്കില്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്.
ഇതുണ്ടാക്കുന്നതിനു നന്നായി ചീകി ഉണക്കിയെടുത്ത ഈര്‍ക്കില്‍ മെലിഞ്ഞ ഇഴക്കയര്‍ കൊണ്ട് മെടഞ്ഞു ഈര്‍ക്കില്‍ചെറ്റ നിര്‍മ്മിക്കുക. നീളം കൂട്ടുന്നതിനു ഈര്‍ക്കില്‍ അറ്റത്തു ഒന്നിനോടൊന്നു ചേര്‍ത്തുവയ്ക്കാം. കൂടാതെ കൂടിനു കൂടുതല്‍ ബലം കിട്ടാന്‍ മൂന്നു ഈര്‍ക്കില്‍ ഒരുമിച്ചുവച്ചു മെടയുകയുമാവാം. ഇങ്ങനെ മെടഞ്ഞുണ്ടാക്കിയ ചെറ്റയുടെ വീതി കൂടിന്‍റെ ചുറ്റളവ് ആയതിനാല്‍ അത് മുന്‍പേ തീരുമാനിച്ചിരിക്കണം. അതെ ചുറ്റളവ് വരുന്ന മൂന്നു വളയങ്ങള്‍ ബലമുള്ള മരക്കമ്പ് കൊണ്ട് വളച്ചുകെട്ടി തീയില്‍ കാട്ടി വഴക്കി എടുക്കണം. കൂടിന്‍റെ പിന്‍ഭാഗത്ത് വരേണ്ട രണ്ടു വളയങ്ങള്‍ നിശ്ചിത വലുപ്പത്തില്‍ ഇതേപോലെ ഉണ്ടാക്കി എടുക്കണം. പിന്‍ഭാഗത്തെ വളയത്തിന് ഒരു വലിയ കണ്ണന്‍ചിരട്ട ഇറുക്കി കടത്താവുന്ന വിസ്താരമേ പാടുള്ളൂ.വളയങ്ങള്‍ക്കു പുറത്തുകൂടി ഈര്‍ക്കില്‍ചെറ്റ മുറുക്കി ചുറ്റി ഇഴക്കയര്‍ കൊണ്ട് തുന്നിച്ചേര്‍ത്താല്‍ കൂടിന്‍റെ പ്രധാന ഭാഗമായി.
ഇനി നാക്കൂടാണ്. ഇതിനുള്ളിലൂടെയാണ് മീനുകള്‍ അകത്തേയ്ക്ക് കടക്കുന്നത്. ബലമുള്ള ഈര്‍ക്കിലുകള്‍ കൊണ്ട് മെടഞ്ഞതാണിത്. ചെറ്റ കോട്ടിവച്ച് ഓരോ ഈര്‍ക്കിലിന്‍റെയും അഗ്രഭാഗം ഒന്നിടവിട്ട് കടത്തിവിട്ട് നാക്കൂടൊരുക്കുന്നു. ഈര്‍ക്കിലിന്‍റെ അറ്റം കൂര്‍പ്പിച്ചതായിരിക്കും. ചെറ്റയുടെ ഇരുപാര്‍ശ്വവും അഭിമുഖമായി ചേര്‍ത്ത് കയര്‍കൊണ്ട് തുന്നുന്നു. റ ആകൃതിയില്‍ അഗ്രഭാഗം കയറു കൊണ്ട് ബന്ധിപ്പിച്ച മറ്റൊരു മരക്കമ്പ് നാക്കൂടിനു ബലമായി മുന്‍ഭാഗത്ത് ചേര്‍ത്ത് തുന്നുന്നു. ഈ നാക്കൂട് മുമ്പ് ഉണ്ടാക്കിവച്ച പ്രധാന ഭാഗത്തിന്‍റെ മുന്‍ഭാഗത്ത് കടത്തിവച്ച് കയര്‍ കൊണ്ട് ബന്ധിപ്പിച്ചാല്‍ കൂട് റെഡി! പിന്‍ഭാഗത്തു കൂടിയാണ് മീനെ പുറത്തെടുക്കേണ്ടത്. അവിടെ കയര്‍ കൊണ്ട് കെട്ടിയുറപ്പിക്കാന്‍ ഒരു കണ്ണന്‍ചിരട്ടയും വേണമെന്ന് മാത്രം.
ഒഴുക്കുനീറ്റിലൂടെ പുളച്ചെത്തുന്ന മീനുകള്‍ക്ക് കടന്നു പോകാന്‍ നാക്കൂടിന്‍റെ ഉള്ളിലേയ്ക്കുള്ള വഴിയേ ഉള്ളൂ. നാക്കൂടിന്‍റെ ഈര്‍ക്കിലുകള്‍ക്കിടയിലൂടെ ഞെരുങ്ങി അകത്തു കടക്കുന്ന മീനുകള്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിയില്ല. കടന്നുവന്ന വഴി തിരിച്ചുപോയാല്‍ കൂര്‍ത്ത ഈര്‍ക്കിലുകള്‍ കുത്തിക്കയറും. പിന്‍ഭാഗത്തെ ചിരട്ട അടച്ചിരിക്കുമല്ലോ. മീനുകള്‍ അങ്ങനെ കൂടില്‍ അകപ്പെടുന്നു. വൈകിട്ട് വച്ച് പുലര്‍ച്ചെ എടുക്കുമ്പോള്‍ നിറയെ മീനുകള്‍ ഉണ്ടാവും.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
തിരികല്ല്
കരിങ്കല്ലു കൊണ്ടുണ്ടാക്കിയ വൃത്താകാരത്തിലുള്ള തിരികല്ലിന്റെ അടിയിലും മുകളിലും ആയി രണ്ടു കരിങ്കൽ പാളികൾ ഉണ്ടായിരിക്കും. അടിഭാഗത്തുള്ള പാളിയിൽ ചെറിയൊരു കമ്പി നടുവിലായി ഉറപ്പിച്ചിരിക്കുമതിനു മുകളിൽ മറ്റേ കല്ലു വയ്ക്കുന്നു. താഴത്തെ കല്ലിൽ ഉറപ്പിച്ചിരിക്കുന്ന കമ്പി കടന്നു പോകാനും ധാന്യങ്ങൾ ഇട്ടു കൊടുക്കാനും ഒരു ദാരം മുകളിലത്തെ കല്ലിൽ കാണും മുകളിലത്തെ കല്ലിൽ ഒരു കൈപിടിയും കാണും അതിൽ പിടിച്ചു വേണം കല്ല് കറക്കാൻ. മിക്ക കേരളീയ ഭവനങ്ങളിലും ഇത്തരം കല്ല് 1950-55 വരെ ഉണ്ടായിരുന്നു. കല്ലുകൊത്താനുണ്ടോ എന്നു ചോദിച്ചു വന്നിരുന്ന കല്ലുകൊത്തുകാരാണ് ഇവ നിർമ്മിച്ചിരുന്നത്.പണ്ടുകാലത്തു കേരളത്തിൽ ചെറുപയർ, ഉഴുന്ന് എന്നിവയുടെ തൊലികളയാനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്ന സൂത്രകല്ലാണ് തിരികല്ലു. ഗ്രൈൻഡറുകളും മിക്സികളും പ്രചരിച്ചതോടെ തിരികല്ലുകൾ അപ്രത്യക്ഷമായി.
വലിയ അളവിൽ ധാന്യം പൊടിക്കാൻവേണ്ടി, വലിയ തിരികല്ലുകൾ കന്നുകാലികളെ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
പഞ്ചമുഖമിഴാവ്
അഞ്ചു വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണമാണ് പഞ്ചമുഖമിഴാവ് അഥവാ കടമുഴ. പഞ്ചമുഖവാദ്യം, ഐം-മുഖ മുഴവം, കടപഞ്ചമുഖി എന്നീ പേരുകളുമുണ്ട്. മണ്ണുകൊണ്ട് ഘടാകൃതിയിൽ മെനഞ്ഞെടുത്ത പ്രധാനഭാഗവും അതിനു മുകളിലായി നാട്ടിയിരിക്കുന്ന അഞ്ച് നാളികളുമാണ് ഇതിന്റെ ഭാഗങ്ങൾ. വലിച്ചുമുറുക്കിയിരിക്കുന്ന മൃഗചർമ്മത്തിൽ ശബ്ദമുണ്ടാക്കിയാണ് ഈ മിഴാവ് ഉപയോഗിക്കുന്നത്. താണ്ഡവനൃത്തം, ചടുലനൃത്തങ്ങൾ എന്നിവയ്ക്ക് ഈ വാദ്യം ഉപയോഗിക്കുന്നു, പ്രായേണ അന്യം നിൽക്കുന്ന വാദ്യവാദന സമ്പ്രദായമാണ് പഞ്ചമുഖമിഴാവിന്റേത്.
മിഴാവ് എന്ന മലയാള പദം തമിഴിലെ മുഴവം (മുഴക്കം) എന്ന പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കണം. ചോഴമണ്ഡലം എന്നറിയപ്പെട്ട, തമിഴ്‌നാട്ടിലെ ചോഴ രാജഭരണ പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളിൽ മാത്രം ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പഞ്ചമുഖ വാദ്യം, ഐം-മുഖ മുഴവം എന്നീ പേരുകളിൽ ഉപയോഗിച്ചു വന്ന തോൽ വാദ്യോപകരണമാണ് പഞ്ചമുഖ മിഴാവ്. തമിഴ് സാഹിത്യത്തിൽ കുടമുഴ, കുടപഞ്ചമുഖി എന്നിങ്ങനെ പല പേരുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പഞ്ചമുഖ മിഴാവ് ഇന്ന് തമിഴ്‌നാട്ടിലെ വിരലിലെണ്ണാവുന്ന ചില മഹാക്ഷേത്രങ്ങളിൽ മാത്രമാണുപയോഗിക്കുന്നത്.
പഞ്ചമുഖ വാദ്യം എന്നും അറിയപ്പെടുന്ന ഈ വാദ്യോപകരണം വലിയ ലോഹനിർമിതമായ ഒരു ഭരണിയുടെ രൂപത്തിലാണ് നിർമ്മിക്കുന്നത്. പ്രത്യേക പീഠത്തിലോ നാലുചക്രങ്ങളുള്ള ഒരു സംവിധാനത്തിലോ ആണ് ഈ വാദ്യം സ്ഥാപിക്കുന്നത്. അഞ്ച് മുഖങ്ങൾക്കും ശിവന്റെ മുഖങ്ങളുടെ പേരുകളാണത്രേ നൽകപ്പെട്ടിരിക്കുന്നത്. ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിങ്ങനെയാണ് മുഖങ്ങളുടെ പേരുകൾ. ഓടുകൊണ്ടുണ്ടാക്കുന്ന ഭാഗത്തുനിന്ന് അഞ്ച് നാളികൾ മുകളിലേയ്ക്ക് ഉയർന്നു നിൽക്കും. ഇവ മൃഗത്തോലുകൊണ്ടാണ് മൂടിയിരിക്കുന്നത്. തോൽ മുറുക്കിയ മുഖങ്ങളെല്ലാം സാധാരണഗതിയിൽ ഒരേ നിരപ്പിലായിരിക്കും. ചില ഉപകരണങ്ങളിൽ മദ്ധ്യത്തിലുള്ള മുഖം മറ്റു മുഖങ്ങളേക്കാൾ അൽപ്പം ഉയർന്നാണ് നിൽക്കുന്നത്.
തിരുവാരൂർ, തിരുത്തുറൈപൂണ്ടി എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളിൽ ഇന്നും പഞ്ചമുഖ മിഴാവ് ഉപയോഗിക്കുന്നുണ്ട്. തിരുവാരൂർ ക്ഷേത്രത്തിലുള്ള പഞ്ചമുഖ മിഴാവ് ഏറെ സവിശേഷതകളുള്ളതാണ്. പാമ്പു വരിഞ്ഞു മുറുക്കിയതു പോലെയാണ് ഈ മിഴാവിന്റെ ഒരു മുഖം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ മുഖം സ്വസ്തിക ചിഹ്നം പോലെയും, മൂന്നാമത്തെ മുഖം താമരപ്പൂവിന്റെ ആകൃതിയിലും, നാലാമത്തെ മുഖം സാധാരണ രൂപത്തിലുമാണെങ്കിൽ, നടുവിൽ ഉള്ള അഞ്ചാമത്തെ മുഖം താരതമ്യേന കൂടുതൽ വലിപ്പം ഉള്ളതായി കാണുന്നു.
മാനിന്റെ തോൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ പഞ്ചമുഖ മിഴാവ് ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവർ ഈ ക്ഷേത്രത്തിലുണ്ട്.
രണ്ട് കൈകളുമുപയോഗിച്ചാണ് ഈ ഉപകരണം വായിക്കുന്നത്. ഒറ്റയ്ക്കും ശുദ്ധമദ്ദളത്തിനൊപ്പവും വായിക്കാറുണ്ട്. തബലയുടെ ശബ്ദവുമായി ഇതിന് സാമ്യമുണ്ടത്രേ. മൃഗത്തോൽ അയയ്ക്കുകയോ മുറുക്കുകയോ ചെയ്ത് ശബ്ദം നിയന്ത്രിക്കാവുന്നതാണ്. ഈ വാദ്യം വായിക്കാൻ പരമ്പരാഗതമായി അനുവാദം ലഭിച്ചവരെ പരശൈവർ എന്നാണ് വിളിക്കുന്നത്.
2010-ൽ കോയമ്പത്തൂരിൽ നടന്ന തമിഴ് ക്ലാസിക്കൽ മഹാസമ്മേളനത്തിൽ 700 മുതൽ 800 വർഷം വരെ പഴക്കമുള്ള ചില സംഗീതോപകരണങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. അക്കൂട്ടത്തിൽ, മുഴുവനായും ചെമ്പു കൊണ്ടു നിർമ്മിച്ച, ഒന്നര മെട്രിക് ടൺ ഭാരമുള്ള പഞ്ചമുഖ മിഴാവ് ഏറെ ശ്രദ്ധയാകർഷിച്ച ഒരു ഇനമായിരുന്നു.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
പാള
പണ്ടുകാലത്ത് കിണറ്റിൽ നിന്നും വെള്ളം കോരാൻ പാള പാത്രരൂപത്തിൽ കെട്ടി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ചില ഗ്രാമപ്രദേശങ്ങളിൽ പാളയും കയറും നിലവിലുണ്ട്.
പാളപാത്രത്തിൽ വെള്ളം കോരിയാൽ കിണർ ശുദ്ധമാകുമെന്ന് അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നു.അതുപോലെ പാളപ്പാത്രത്തിൽ കോരിയെടുക്കുന്ന വെള്ളം കൂടുതൽ പരിശുദ്ധമാണെന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. കുളവും കിണറുമൊക്കെ വറ്റിച്ച് പുതുവെള്ളം ഊറ്റായി ഉറവയിലെത്തുമ്പോൾ കമുകിൻപാള ഓലയോടെ കിണറ്റിലും കുളത്തിലും ഒരു നിശ്ചിത സമയത്തേയ്ക്ക് കെട്ടിയിടുന്ന പതിവുണ്ടായിരുന്നു. ശുചീകരണമായിരിക്കാം ഇതുകൊണ്ട് പഴമക്കാർ ഉദ്ദേശിച്ചിരുന്നതെന്ന് അനുമാനിക്കാം. അടയ്ക്ക അല്ലങ്കിൽ പാക്ക് എന്ന കായ്ഫലം തരുന്ന വൃക്ഷമാണ് കവുങ്ങ്. ചിലയിടങ്ങളിൽ ഈ വൃക്ഷത്തെ അടയ്ക്കാമരം എന്നും പറയുന്നു.കവുങ്ങിന്റെ പൂങ്കുലയെ മൂടിയിരിക്കുന്ന പോള അല്ലങ്കിൽ കവുങ്ങിന്റെ ഇലയെ തടിയോട് ചേർത്തു നിർത്തുന്ന ഭാഗമാണ് കവുങ്ങിൻ പാള. നിത്യജീവിതത്തിൽ ആവശ്യമായ അനേകം വസ്തുക്കൾ ഉണ്ടാക്കാൻ പൂർവികർ പാള ഉപയോഗിച്ചിരുന്നു. അതിന്റെ പല പരിഷ്കൃതരൂപങ്ങൾ ഇന്ന് നിലവിലുണ്ട്.
ശുചിത്വമുള്ളതും ദുർഗന്ധമില്ലാത്തതും വിഷമില്ലാത്തതും ഭാരം കുറഞ്ഞതുമാണ് പാള.പരിസ്ഥിതിക്ക് ഇണങ്ങുന്ന പാളപാത്രങ്ങൾ, പാളത്തൊപ്പികൾ തുടങ്ങിയവ നിർമ്മിക്കാൻ ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ പാള ഉപയോഗിക്കുന്നു. ഉചിതമായ ആകൃതിയിൽ പാളമുറിച്ച് വിശറിയായി ഉപയോഗിക്കാം. ഇതിനെ പാളവിശറിയെന്നും ചിലർ വീശുപാളയെന്നും വിളിക്കുന്നു. ഹോമം നടക്കുമ്പോൾ പഴയകാലത്ത് ഹോമാഗ്നി വീശിക്കത്തിക്കാൻ വീശുപാള ഉപയോഗിച്ചിരുന്നു. പാള കൈപിടിക്കാനുള്ള വാലോടുകൂടി മുറിച്ചെടുത്താണ് ഇത് നിർമ്മിക്കുന്നത്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പാള നമസ്ക്കാരം. ആചാരപരമായി പാളയിൽ ഭക്ഷണം വിളമ്പുന്നു. വേറേ ചില ക്ഷേത്രങ്ങളിലും ഈ ആചാരമുണ്ട്.
നിലത്ത് ചാണകം മെഴുകുമ്പോൾ പാളമുറിച്ച് കഷണങ്ങളാക്കി ചാണകം വടിച്ചിരുന്നു.
ഫ്രിഡ്ജൊക്കെ നമ്മുടെ നാട്ടിൽ വ്യാപകമാകും മുൻപ് ഇറച്ചി നാലഞ്ച് ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ പാളകൊണ്ട് പ്രത്യേക തരത്തിൽ തയ്യാറാക്കിയ പാളപ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഇത്തരം പാത്രങ്ങളിൽ ഇറച്ചി നിറച്ച് കെട്ടിത്തൂക്കുമായിരുന്നു.
പണ്ട് കാലത്ത് കർഷകർ വെയിലിൽ നിന്നും സംരക്ഷണം നേടാൻ പാളത്തൊപ്പി ഉപയോഗിച്ചിരുന്നു. ഇന്നും ചിലയിടങ്ങളിൽ പാളത്തൊപ്പി ഉപയോഗിക്കാറുണ്ട്.
കണ്ണൂരിൽ ഇതിനെ കൊട്ടമ്പാളയെന്ന് വിളിക്കുന്നു. കാലവും കൃഷിരീതികളും മാറിയെങ്കിലും കൊട്ടമ്പാളയണിയുന്ന കയ്യൂരുകാരുടെ ശീലത്തിന് യാതൊരു മാറ്റവും ഇതുവരെ വന്നിട്ടില്ല.കവുങ്ങിൻ പാളയുപയോഗിച്ച് ഇവിടെ കൊച്ച് കുട്ടികൾ പോലും കൊട്ടമ്പാള നിർമ്മിക്കുന്നു. പാള വെള്ളത്തിൽ കുതിർത്ത് വളച്ചെടുത്ത് പാള നാരുകൾ കൊണ്ടു തന്നെ ഭംഗിയായി കെട്ടി കൊട്ടമ്പാള നിർമ്മിക്കും. ഉള്ളിൽ അറകളുള്ള കൊട്ടമ്പാളയുണ്ട്. പണം സൂക്ഷിക്കാനും മറ്റും ഈ അറകൾ ഉപയോഗിക്കും. അതിഥികളെ പാളത്തൊപ്പിയണിയിക്കുന്ന പരമ്പരാഗത രീതിയും ഇവിടെയുണ്ട്.
കാസർകോട് ജില്ലയിലെ കവുങ്ങ് കൃഷിക്കാർ പരമ്പരാഗതമായി പാളത്തൊപ്പി ധരിക്കുന്നവരാണ്. മലയോര കർഷകരും പാളത്തൊപ്പി ധരിക്കാറുണ്ട്.
പ്ലാസ്റ്റിക്ക് കാരിബാഗുകൾക്ക് അനുയോജ്യമായ ഒരു ബദൽ എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിൽ പാളകൊണ്ടുണ്ടാക്കിയ ബാഗുകൾ നിർമ്മിക്കുന്നുണ്ട്.
മരണാനന്തരക്രീയയായ സഞ്ചയന ചടങ്ങിൽ അസ്ഥി പെറുക്കിയിട്ട് ശുദ്ധിയാക്കുന്നത് പ്രത്യേകരീതിയിൽ കോട്ടിയെടുത്ത പാളപ്പാത്രത്തിലാണ്.
പാളപ്പട്ടയുടെ ഇലഭാഗം ഉപയോഗിച്ച് ചൂൽ നിർമ്മിക്കാം. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഇന്നും പാള ഉപയോഗിക്കുന്നു. വിവാഹത്തിന് സദ്യവട്ടങ്ങൾ തയ്യാറാക്കുമ്പോൾ വലിയ പാത്രങ്ങളിൽ നിന്നും കറികൾ കോരിമാറ്റാനും പാത്രത്തിലെ വെള്ളം വടിച്ചെടുക്കാനും ഒരു പ്രത്യേക തരം കോട്ടിയ പാള പാത്രം ഉപയോഗിച്ചിരുന്നു.
പാളവണ്ടിയിൽ പ്രീയപ്പെട്ടവരെ ഇരുത്തി വലിച്ച് കളിച്ച കാലം ഓർക്കുന്നവരാണ് നാമെല്ലാം. പാളയിലിരുത്തി വലിക്കുന്നത് ഒരു ഗ്രാമീണ വിനോദമാണ്. നമ്മുടെയെല്ലാം കുട്ടിക്കാലത്തെ ഓർമ്മയാണ് പാളവണ്ടി. വലിച്ച് വലിച്ച് പാള കീറുന്നതിനൊപ്പം നിക്കറും കീറി അടികിട്ടിയ ഓർമ്മകൾ അയവിറക്കുന്നവരുണ്ടാകും. പ്രായപൂർത്തിയാകും മുൻപ് ഇരുചക്രവാഹനങ്ങളുമായി ഇറങ്ങുന്ന നമ്മുടെ കുട്ടികൾക്ക് ഈ പാളവണ്ടിയെപ്പറ്റി വല്ല അറിവും ഉണ്ടാകുമോ ?
പാളയെന്ന അസംസ്കൃത വസ്തു ലഭിക്കാൻ മരങ്ങൾ മുറിക്കേണ്ടതില്ല എന്നത് ഒരു പ്രധാന സവിശേഷതയാണ്.ഒരു വർഷം ഒരു കവുങ്ങിൽ നിന്നും അഞ്ച് അല്ലങ്കിൽ ആറ് പാള ലഭിക്കും. വർഷത്തിൽ ഏഴ് പാളലഭിക്കുന്ന കവുങ്ങുകൾ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുണ്ട്.
വാണിജ്യാടിസ്ഥാനത്തിൽ പാളയുപയോഗിച്ചൂള്ള വസ്തുക്കൾ ഉണ്ടാക്കുന്നവർ ആദ്യം ചെയ്യുന്നത് പാളശേഖരണമാണ്. ഈർപ്പം നീക്കം ചെയ്യാനായി പാള നന്നായി ഉണക്കുന്നു. ഇതു മൂലം ഫംഗസ് ഒഴിവാക്കാൻ സാധിക്കും. വീണ്ടും ശുദ്ധജലത്തിൽ കഴുകിയ ശേഷം ആവി കയറ്റി സംസ്ക്കരിച്ചെടുക്കുന്നു.
കേരളത്തിലേക്കാളുപരി മറ്റ് സ്റ്റേറ്റുകളിൽ പാളയുപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മിതി വളരെ കൂടുതലാണ്.
ക്ഷേത്രങ്ങളിലും, പാർട്ടികൾക്കും പിക്ക്നിക്കുകളിലും പാള പ്ലേറ്റും ഗ്ലാസുകളും ധാരാളമായി ഉപയോഗിക്കുന്നു.
ചില ആയുർവേദ മരുന്നുകളും ചൈനീസ് പാരമ്പര്യമരുന്നുകളും പാളപ്പാത്രങ്ങളുപയോഗിച്ചാണ് ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും.
പാളയുടെ പരമ്പരാഗതമായ ഉപയോഗം മിക്കതും കാലഹരണപ്പെടുകയും പുതിയ ചിലത് രൂപപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും "കുത്തുപാള " എന്ന ശൈലി അന്നും ഇന്നും നിലവിലുണ്ട്. ദാരിദ്ര്യത്തിലേക്ക് തള്ളിവിടുക, പിച്ചതെണ്ടിക്കുക എന്നീ അർത്ഥങ്ങളിലാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
ഭിക്ഷാടനത്തിനായി പണ്ട് കാലത്ത് പാളപ്പാത്രം ഉപയോഗിച്ചിരുന്നു. കുത്തുപാളയ്ക്ക് ഭിക്ഷാ പാത്രം എന്നും അർത്ഥമുണ്ട്. പാള കുമ്പിൾ പോലെ കോട്ടിയുണ്ടാക്കിയ പാത്രമാണ് കുത്തുപാള. കുത്തിയെടുക്കുന്ന ഏത് പാളയേയും കുത്തുപാളയെന്ന് വേണമെങ്കിൽ പറയാം. പാളകൂട്ടിക്കെട്ടി വിവിധ രൂപത്തിലും വലിപ്പത്തിലുമുണ്ടാക്കുമ്പോൾ തെങ്ങോല മടലിന്റെ മേൽഭാഗത്തെ തൊലിയോ പാളയുടെ തന്നെ നാരോ കോർത്ത് കെട്ടാനായി ചരടായി ഉപയോഗിക്കുന്നു. മുളം ചീന്ത് ഉപയോഗിച്ചും പാളകോട്ടാം.
കന്നുകാലികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് കൂമ്പാള. കമുകിൻ പൂങ്കുലയെ ആവരണം ചെയ്യുന്ന ഇളം മഞ്ഞ നിറത്തിലുള്ള പോളയാണ് കൂമ്പാള. വിളറുക എന്നതിന് "കൂമ്പാള പോലെയായി " എന്ന് പറയാറുണ്ട്.
കൂമ്പാളയുപയോഗിച്ച് ഡയപ്പറും സാനിറ്ററി നാപ്കിനും ഉണ്ടാക്കാനുള്ള ഗവേഷണങ്ങൾ ഇപ്പോൾ നടക്കുകയാണ്.ഇതിന്റെ ആദ്യരൂപം തയ്യാറാക്കി ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തിലെ കുട്ടികൾ തന്നെ അവതരിപ്പിച്ചിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ ഗവേഷണങ്ങൾ നടക്കുന്നത്.
പുതിയകാലത്ത് പാത്രം, തവി, കപ്പ്, കരണ്ടി, ഗ്രോബാഗ്, തവി തുടങ്ങിയവ പാളകൊണ്ട് ഉണ്ടാക്കുന്നുണ്ട്. ചിലർ പാള കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട്. ആന്തൂറിയം പൂക്കളടക്കം കൃത്രിമപ്പൂക്കൾ പാളകൊണ്ട് നിർമ്മിക്കുന്നവരുണ്ട്. പാള കൊണ്ട് നിർമ്മിച്ച ഗ്രോബാഗുകൾ പ്രകൃതി സൗഹൃദമാണ്. ചില ക്ഷേത്രങ്ങളിലെ നിവേദ്യപാത്രം പാളകൊണ്ട് ഉണ്ടാക്കിയതാണ്. ചിലയിടങ്ങളിൽ ഭസ്മം സൂക്ഷിക്കാനും പാളപാത്രങ്ങൾ ഉപയോഗിക്കുന്നു.
പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം വന്നതോടെ കവുങ്ങിൻ പാള കൊണ്ട് നിർമ്മിച്ച സഞ്ചികൾക്ക് പ്രചാരമേറിയിട്ടുണ്ട്.
പാളകോട്ടിയുണ്ടാക്കിയ പാനപാത്രങ്ങൾ പണ്ട് ഉപയോഗിച്ചിരുന്നു. അതിന്റെ പരിഷ്കൃത രൂപമായ പാളഗ്ലാസ് ഇന്ന് ധാരാളമായി മെഷീൻ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നു.പാള ഉപയോഗിച്ച് പണ്ട്കാലത്ത് ചെരുപ്പ് നിർമ്മിച്ചിരുന്നു. ഇന്നതിന്റെ പരിഷ്കൃത രൂപം ഉണ്ടായിട്ടുണ്ട്.കാണാൻ കൗതുതമുള്ള തരം ചെരുപ്പുകൾ.
"ചേനപ്പാടി കേളച്ചാരുടെ പാളതൈരുണ്ടോ " എന്നത് ആറമ്മുള വള്ളസദ്യക്കിടെ വള്ളക്കാരുടെ പ്രശസ്തമായ വിളിച്ച് ചോദ്യമാണ്.ഈ ചോദ്യം വളരെ പ്രശസ്തവുമാണ്. പണ്ട് കാലത്ത് പാളതൈര് എന്നത് ഒരു പൈതൃക വിഭവമാണ്. അക്കാലത്ത് പാളതൈര് തലച്ചുമടായി വിറ്റിരുന്നു. പാത്രങ്ങളിൽ ഉറയൊഴിക്കുന്ന തൈരിൽ നിന്നും വ്യത്യസ്ഥമായ രുചിയും മണവും പാള പാത്രങ്ങളിൽ സൂക്ഷിക്കുന്ന തൈരിനും മോരിനും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. മഴയത്ത് ചേമ്പിലയും, വാഴയിലയും പലപ്പോഴും കുടകളായി മാറാറുണ്ട്. ഓലക്കുടയ്ക്ക് മുൻപേ കേരളത്തിൽ പാളക്കുട ഉപയോഗിച്ചിരുന്നു.
കേരളത്തിലെ ചില അനുഷ്ഠാന കലാരൂപങ്ങളിൽ കോലം ഒരു പ്രധാന ഘടകമാണ്. കലാരൂപങ്ങളായ തിറയാട്ടം, തെയ്യം, പടയണി, മുടിയേറ്റ്, തീയ്യാട്ട് തുടങ്ങിയ കലാരൂപങ്ങളിൽ കോലനിർമ്മാണത്തിന് പാള ഉപയോഗിക്കാറുണ്ട്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
ഓലക്കുടയും വിസ്മൃതിയിലേക്ക്
കത്തിജ്ജ്വലിക്കുന്ന സൂര്യനിൽനിന്നും കോരിച്ചൊരിയുന്ന പേമാരിയിൽനിന്നും മാനവസമൂഹത്തിന് സംരക്ഷണം നൽകിപ്പോന്ന ഓലക്കുടകൾ വിസ്‌മൃതിയുടെ അത്യഗാധതയിലേയ്‌ക്ക് താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ചില ധന്യമുഹൂർത്തങ്ങളിൽ ഇവ തങ്ങളുടെ പ്രഭാവം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാചുര്യലുപ്തമായിക്കൊണ്ടിരിക്കുന്ന ഓലക്കുടകളുടെ നിർമ്മാണം ഒരു കുടിൽ വ്യവസായമായി ഇന്നും പേരിന് നിലനിൽക്കുന്നു. പാണൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ് ഇതിൽ ഏർപ്പെടുന്നത്. പാരമ്പര്യമായി ഒരേതൊഴിൽ ചെയ്യുന്ന വിഭാഗക്കാർ ആ തൊഴിലുമായി ബന്ധപ്പെട്ട പേരുകളിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ഇത്തരത്തിൽ ഉണ്ടായ ഒരുജാതിപ്പേരാണ് ‘കണിയാൻ’ എന്ന് അനുമാനിക്കാം.
പ്രാചീനകാലങ്ങളിൽ ഓലക്കുടകളുടെ ആവശ്യം വൈവിധ്യപൂർണ്ണമായിരുന്നു. കേരളത്തിലുടനീളമുളള ജനങ്ങൾ ശീലക്കുടകൾക്കുപകരം ഓലക്കുടകളാണ് ഉപയോഗിച്ചിരുന്നത്. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും മത്സ്യബന്ധനത്തിലേർപ്പെടുന്നവരും മറ്റും ഓലക്കുടകൾ ഉപയോഗിച്ചുവന്നിരുന്നു. എല്ലാവരും ഒരേ രീതിയിലുളള കുടയായിരുന്നില്ല ഉപയോഗിച്ചിരുന്നത്. ധർമ്മവും പ്രയുക്‌തിയും പ്രദേശവും അനുസരിച്ച് കുടയുടെ ആകൃതിക്കും വലിപ്പത്തിനും ‘ഭാഷ’യ്‌ക്കും വ്യത്യാസം ഉണ്ടായിരുന്നു.
ഉത്തരകേരളത്തിൽ കൃഷിപ്പണിയിലേർപ്പെടുന്നവർ ഉപയോഗിക്കുന്ന കുടയ്‌ക്ക് ‘കളക്കുട’ എന്നു പറഞ്ഞുവരുന്നു. ‘കള’ എന്നു പറഞ്ഞാൽ കൃഷിയുടെ ഇടയിൽ കാണുന്ന ഉപയോഗശൂന്യമായ പാഴ്‌ച്ചെടികളാണ്. കളകൾ പറിക്കുന്ന കാലം കോരിച്ചൊരിയുന്ന മഴയുടെ കാലഘട്ടമാണ്. അപ്പോഴാണ് കൃഷിപ്പണിക്കാർക്ക് ഓലക്കുടയുടെ ആവശ്യം വരുന്നത്. അതിൽനിന്നാണ് ഈ കുടകൾക്ക് ‘കളക്കുട’ എന്ന പേരുവന്നത്. കൃഷിയുടെ മറ്റുസന്ദർഭങ്ങളിലും മഴയുണ്ടെങ്കിൽ ഓലക്കുട ഉപയോഗിക്കും. കുഴിവ് അധികമുളള കുടകളാണിവ. കന്നുപൂട്ടുന്നവർ കാലില്ലാത്ത തൊപ്പിക്കുടയാണ് ഉപയോഗിക്കുന്നത്. എന്നാൽ മത്സ്യബന്ധനത്തിനു പോകുന്നവർ ചെറിയ തൊപ്പിക്കുടയാണ് തലയിൽ ധരിക്കുന്നത്. മത്സ്യബന്ധനത്തിനു പോകുന്നവർ ഉപയോഗിക്കുന്ന കുടയെ അപേക്ഷിച്ച് അല്പം വിസ്‌താരം കൂടിയതാണ് കന്നുപൂട്ടുന്നവർ ഉപയോഗിക്കുന്ന കുട.
സ്‌ത്രീപുരുഷഭേദമനുസരിച്ച് കുടയുടെ ആകൃതിക്ക് വ്യത്യാസം ഉണ്ടായിരിക്കും. മേൽപ്പറഞ്ഞ കളക്കുട സ്‌ത്രീകളുംപുരുഷൻമാരും ഉപയോഗിച്ചിരുന്നു. സ്‌ത്രീകൾ ചെറിയ കാലുളള കളക്കുടയും പുരുഷൻമാർ കാലില്ലാത്ത കളക്കുടയും ഉപയോഗിച്ചുവന്നു. കളക്കുടയുടെ ‘കാല്’ പിടിച്ച് നടക്കാനും, ഞാറ് പറിച്ചുനടുമ്പോഴും കളപറിക്കുമ്പോഴും കാല് അവരുടെ ദേഹത്ത് ചേർത്ത് കുട നിർത്താനും ഉപയോഗിച്ചിരുന്നു. പുരുഷൻമാർ ഇവയെ ദേഹത്ത് ചേർത്ത് നിർത്തിയിരുന്നത് ഒരു ചരടിന്റെ സഹായത്താലാണ്. എന്നാൽ കന്നുപൂട്ടുക, വരമ്പ് കൊത്തുക എന്നീ കൃഷിപ്പണിയിൽ ഏർപ്പെടുന്ന പുരുഷൻമാർ തൊപ്പിക്കുടയാണ് ധരിക്കുക. കൃഷിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനും പോകുന്നവർ നീളമുളള കാലോടുകൂടിയ സാധാരണ കുടയാണ് ഉപയോഗിച്ചുവന്നത്. നെൽവയലുകളിൽ കൊയ്‌ത്തുകാലത്ത് ഉടമസ്‌ഥർക്ക് പിടിക്കാൻ കണിശർ കുട കൊടുക്കുമായിരുന്നു.
ഉത്തരകേരളത്തിലെ ബ്രാഹ്‌മണസ്‌ത്രീകൾ കാല് അധികം നീളമില്ലാത്ത വലിയ കുടയാണ് എടുത്തുവന്നിരുന്നത്. ഇതിനെ ‘മറക്കുട’ എന്നു പറഞ്ഞുവരുന്നു. ഈ കുട മറച്ചുപിടിച്ചാൽ ദേഹത്തിന്റെ മുക്കാൽ ഭാഗം മറഞ്ഞുനിൽക്കും. മറയ്‌ക്കാൻ ഉപയോഗിക്കുന്ന കുട എന്ന നിലയ്‌ക്കാകണം ഇവയ്‌ക്ക് ‘മറക്കുട’ എന്ന പേരുവന്നത്. പെൺകുട്ടികൾ എടക്കുന്ന ചെറിയ വട്ടക്കുടകളും നിലവിലുണ്ടായിരുന്നു. ഇവയെ ‘കന്നിക്കുട’ എന്നുപറഞ്ഞുവന്നു. നമ്പൂതിരിമാരുടെ വിവാഹത്തിന് മുൻകാലങ്ങളിൽ വരൻ ഓലക്കുട എടുക്കണമെന്നാണ് നിയമം. അതിന് ഏഴുകമ്പുവേണമെന്ന നിർബന്ധവുമുണ്ടായിരുന്നു. ‘വേളി’ക്ക് ഉപയോഗിക്കുന്ന ഇത്തരം കുടകൾക്ക് ‘വേളിക്കുട’ എന്നുപറയും. ഇവയെ ‘കന്നിക്കുട’ എന്നുപറഞ്ഞുവന്നു. അത്യുത്തരകേരളത്തിലെ തീയർ തുടങ്ങിയ സമുദായക്കാരുടെ കാവുകളിലും കഴകങ്ങളിലും ഉത്സവത്തിന് കുടപിടിക്കുവാൻ പ്രത്യേകം അവകാശപ്പെട്ട വ്യക്‌തികൾ ഉണ്ടാകും. അവരെ ‘കൊടക്കാരൻ’എന്നാണ് വിളിക്കുക. ഇയാൾ പ്രസ്‌തുതസമുദായത്തിൽപ്പെട്ടവൻ തന്നെയായിരിക്കും.
ആചാരാനുഷ്‌ഠാനങ്ങളോടനുബന്ധിച്ച് ഓലക്കുടയുടെ ആവശ്യം ഇന്നും നിലനിൽക്കുന്നു. ആചാരപ്പെട്ടവർ ഓലക്കുട മാത്രമേ ഉപയോഗിക്കൂ. ക്ഷേത്രങ്ങളിലും കാവുകളിലും ഇവയുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്. കാവുകളിൽ ഉത്സവത്തിന് കുരുത്തോലകൊണ്ടലങ്കരിച്ച ചെറിയ കുടകൾ നീളമുളള നേരിൽ കമ്പിൽ ബന്ധിച്ചാണ് ഉപയോഗിക്കുന്നത്. ഇത്തരം ഉത്സവക്കുടകൾ ക്ഷേത്രങ്ങളിലും കാവുകളിലും എത്തിക്കുന്നത് സവിശേഷമായ ഒരാചാരമാണ്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കുരമ്പ
വടക്കൻ കേരളത്തിൽ പുരാതന കാലം മുതൽക്ക് കർഷകർ മഴക്കാലത്ത് ഉപയോഗിച്ച് വരുന്ന ഒരുപകരണമാണ് കുരമ്പ . തലയും ശരീരഭാഗങ്ങളും മഴയിൽ നിന്നും മറയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ആധുനിക കുടയുടേയും മഴക്കോട്ടിന്റേയും വരവോടെ കുരമ്പ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഇന്നും ആദിവാസിമേഖലയിൽ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. നാടൻപാട്ടുകളിൽ ഇത് ഇടംപിടിച്ചിട്ടുണ്ട്. കുരമ്പ രണ്ടു തരത്തിലുണ്ട്.
തെങ്ങോലക്കുരമ്പ
തെങ്ങിന്റെ പച്ചയോല
തീയിൽ വാട്ടി കയ്യുള വള്ളി കൊണ്ട് തുന്നിക്കെട്ടിയാണ് സാധാരണ തെങ്ങോലക്കുരമ്പ ഉണ്ടാക്കുന്നത്.പനയോലകൾ ഉപയോഗിച്ചും ഇതുണ്ടാക്കാം. പനനാരും കുരമ്പ നെയ്യാൻ ഉപയോഗിക്കാറുണ്ട്.
മരക്കുരമ്പ
മുളയുടേയോ ഊഴിയുടേയോ ചീളുകൾ കൊണ്ട് ഘടന നിർമ്മിച്ച് അതിൽ കൊരമ്പക്കൂവയുടെ ഇലകൾ കൊണ്ട് അടുക്കി വെച്ച് തുന്നിയാണ് മരക്കുരമ്പ തയ്യാറാക്കുന്നത്. സാധാരണ കുരമ്പ ഭാരം കുറഞ്ഞതും മടക്കി വെക്കാവുന്നതുമാണ്. മരക്കുരമ്പ മടക്കി വെക്കാനാവില്ല. പക്ഷേ, ഇത് കൂടുതൽ കാലം ഈടു നിൽക്കും.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
പുലച്ചിക്കല്ലുകള്‍
മഹാശിലായുഗ സ്മാരകങ്ങളായ Menhir അഥവാ നടുക്കല്ല് കേരളത്തിൽ തന്നെ പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കല്ലുകൾ പലയിടത്തും പ്രാദേശികമായി അറിയപ്പെടുന്നതു് പുല്ലച്ചിക്കല്ല് എന്നാണ്. തമിഴും മലയാളവും വേർപിരിയും മുമ്പ് ' പുരട്ച്ചിക്കല്ല്' അഥവാ വീരക്കല്ല് എന്ന പേരിൽ ഗോത്രയുദ്ധങ്ങളില്‍ കൊല്ലപ്പെട്ട വീരന്മാരുടെ ഓർമ്മയ്ക്കായി അവരുടെ ശവകുടീരത്തിൽ കല്ലുകൾ സ്ഥാപിച്ചിരുന്നു. പുരട്ച്ചിക്കല്ല് എന്നത് രൂപാന്തരം പ്രാപിച്ച് പുലച്ചിക്കല്ല് എന്നായി മാറി. മലയാളത്തിന്റെ പ്രഭാവത്തോടെ പുരട്ച്ചി എന്ന തമിഴ് വാക്ക് നമുക്ക് അന്യമായി. അതോടെ പുലച്ചിക്കല്ലിൽ പുലച്ചിക്ക് എന്താണ് കാര്യം എന്ന അന്വേഷണമായി. അതുകാരണം ശാപം കിട്ടി ശിലയായി മാറിയ പുലയ സ്ത്രീകളുടെ ഐതീഹ്യം മിക്കയിടത്തും ഇതിനോടനുബന്ധിച്ച് നിലവിലുണ്ടാകും.
പ്രാചീന കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നവയാണ് മഹാശിലാസ്മാരകങ്ങള്‍. മനുഷ്യനിര്‍മിതമായ കല്‍ഗുഹകള്‍, മുനിയറകള്‍ (dolemenoid cist), കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, നന്നങ്ങാടി, പാണ്ടു കുഴി, നന്നങ്ങാടി (മുതുമക്കത്താഴി) തുടങ്ങിയവയാണ് മറ്റു പ്രധാന മഹാശിലായുഗ അവശേഷിപ്പുകള്‍. ശവസംസ്കാരം നടത്തിയ സ്ഥലത്ത് ഓലക്കുടയുടെ ആകൃതിയില്‍ ഉയര്‍ത്തിവെച്ചിട്ടുള്ള ഒറ്റക്കല്‍ സ്മാരകമാണ് കുടക്കല്ല് . തൊപ്പിയുടെ ആകൃതിയില്‍ കല്ലുകൊണ്ടുതീര്‍ത്ത സ്മാരകങ്ങളാണ് തൊപ്പിക്കല്ലുകള്‍ . പാറയുടെ നാലു പാളികള്‍ കുത്തനെ നിര്‍ത്തി അഞ്ചാമത്തെ പാളി മുകളിലിട്ട് മൂടിയുണ്ടാക്കുന്ന സ്മാരകങ്ങളാണ് മുനിയറകള്‍ . വീതികൂടിയ ഒറ്റക്കല്‍ സ്തംഭമാണ് പുലച്ചിക്കല്ല് അഥവാ പടക്കല്ല്. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമാണ് നന്നങ്ങാടി . മൃതദേഹങ്ങളുടെ ഒപ്പം ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.
കേരളത്തില്‍ ഇരുമ്പുയുഗസാന്നിധ്യം പലതും അടയാളപ്പെടുത്തിയിട്ടുള്ളത് മഹാശിലാ സ്മാരങ്ങളിലാണ്.
വന മേഖലയില്‍നിന്നു കണ്ടെത്തിയ പുലച്ചിക്കല്ലുകളില്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യോദ്ധാവ്, അമ്പുംവില്ലും, സൂര്യചന്ദ്രന്‍മാര്‍ എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തവ ഉള്‍പ്പെടുന്നു. സതിയനുഷ്ഠിച്ച സ്ത്രീകളെ ധീരവനിതകളായി ചിത്രീകരിച്ചുള്ള സതിക്കല്ലുകളും ഉണ്ടാകാം.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കിണ്ണം
അടുക്കളയിൽ അരി കഴുകാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുന്ന പാത്രമാണ് കിണ്ണം. അരികുകൾ മടങ്ങി മുകളിലോട്ട് ഉയർന്നതും അടിഭാഗം പരന്നതും വൃത്താകൃതിയിലുള്ളതുമായ പാത്രമാണ് കിണ്ണം. ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന കിണ്ണത്തിലാണ് കേരളീയർ ഒരു കാലത്ത് ഭക്ഷണം കഴിച്ചിരുന്നത്. പല വലിപ്പത്തിൽ കിണ്ണങ്ങൾ ഓരോ വീട്ടിലും കാണപ്പെട്ടിരുന്നു. കുഴിക്കിണ്ണം, ചേമ്പലങ്ങാടൻ കിണ്ണം എന്നിങ്ങനെ പലതരം കിണ്ണങ്ങളുണ്ട്. കിണ്ണം നിർമ്മിച്ചിരുന്നത് ഓട്ടുപാത്രം നിർമ്മിക്കുന്ന മൂശാരിമാർ ആയിരുന്നു. സ്റ്റീൽ പാത്രങ്ങളും സ്ഫടിക പാത്രങ്ങളും ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ വീടുകളിൽ ഓട്ടുകിണ്ണം ഉപയോഗിക്കാതായി.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
മെതിയടി
മരം കൊണ്ടു നിർമ്മിച്ച പഴയ കാല പാദരക്ഷ( ചെരുപ്പ്)യാണ് മെതിയടി എന്ന് അറിയപ്പെടുന്നത്.
മൂന്നു സെന്റി മീറ്റർ വീതിയുള്ള മരക്കഷ്ണത്തിൽ മുൻവശത്തായി ഉയരമുള്ള ഒരു കുറ്റിയുണ്ടാവും (കുരുട്). പെരുവിരലിന്റെയും അതിന് അടുത്തുള്ള വിരലിന്റെയും ഇടയിലായി കുരുട് ഇറുക്കി പിടിച്ചാണ് നടക്കുക. കുമ്പിൾ മരം കൊണ്ടാണ് പഴയകാലത്ത് സാധാരണയായി മെതിയടി നിർമ്മിച്ചിരുന്നത്. ഇപ്പോൾ മെതിയടിയുടെ രൂപത്തിൽ മരമല്ലാത്ത മെറ്റീരിയലുകൾ ഉപയോഗിച്ച് പാദരക്ഷകൾ നിർമ്മിക്കുന്നുണ്ട്. പച്ചിലമരം കൊണ്ടുണ്ടാക്കുന്ന മെതിയടി പ്രമേഹത്തിന് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
ഡേവി ലാംപ്
സർ ഹംഫ്രി ഡേവി രൂപകല്പന ചെയ്ത ഒരു സുരക്ഷാ വിളക്കാണ് ഡേവി ലാംപ്.കൽക്കരിഖനികളിൽ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു രക്ഷാദീപമാണിത്. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളുടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് മുൻ കാലങ്ങളിൽ കൽക്കരി ഖനനം നടത്തിയിരുന്നത്. ഖനിയിലെ മീഥേൻ-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഡേവി സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഡേവി രൂപകല്പന ചെയ്തു.
1816 മുതൽതന്നെ ഇത്തരം രക്ഷാദീപങ്ങൾ ഖനികളിൽ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഡേവി തന്നെ ഇവയുടെ പരിഷ്കരിച്ച അനവധി മാതൃകകൾ പുറത്തിറക്കി. പില്ക്കാലത്ത് നേരിയ മാറ്റങ്ങളോടെ വികസിപ്പിച്ചെടുത്ത ഈ രക്ഷാദീപങ്ങളുടെ ഉപയോഗം വഴി ഖനികളിലെ സ്ഫോടനമരണങ്ങളും ശ്വാസം മുട്ടിയുള്ള മരണങ്ങളും വലിയൊരളവുവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ഡേവി ലാമ്പ് Protector Garforth GR6S എന്ന സുരക്ഷാ വിളക്കാണ്. അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യം മനസ്സിലാക്കൻ ഇംഗ്ലണ്ടിലെ ഖനികളിൽ ഈ സുരക്ഷാ വിളക്കുകളാണുപയോഗിക്കുന്നത്. കുറച്ചുകൂടി മോടിപിടിപ്പിച്ച ഇത്തരം വിളക്കുകളാണ് ഒളിമ്പിക്സിലും മറ്റും ദീപശിഖാ പ്രയാണത്തിനുപയോഗിക്കുന്നത്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
പുള്ളുവൻ കുടം
ഒരു കേരളീയ വാദ്യോപകരണമാൺ പുള്ളുവൻ കുടം. പുള്ളുവപ്പാന എന്നും പേരുണ്ട്. മണ്ണുകൊണ്ടാണ് ഈ വാദ്യം നിർമ്മിക്കുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ കുടത്തിന്റെ അടിഭാഗം തുരന്നെടുത്തുകളയും. അവിടെ കാളക്കിടാവിന്റെയോ ഉടുമ്പിന്റെയോ തുകൽ ഒട്ടിക്കും. കുടത്തിന്റെ പകുതിയോളം ഭാഗം മൂടത്തക്കവിധമാണ് തുകൽ ഒട്ടിക്കുന്നത്. ഈ തുകൽ കുടത്തിന്റെ വായ്ഭാഗത്തേക്ക് വലിച്ച് കെട്ടും. തുകൽ ഒട്ടിച്ച് ഭാഗത്ത് രണ്ട് ചെറുദ്വാരങ്ങളുണ്ടാക്കി അതിലൂടെ ചരട് കൊരുത്തു കെട്ടുന്നു. ഇതിൽ കൊട്ടിയാണ് പുള്ളുവക്കുടം വായിക്കുന്നത്.
പുള്ളുവക്കുടത്തിന്റെ ഉല്പത്തിയേക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്.
അഗ്നിദേവൻ ദഹനക്കേട് മാറ്റുന്നതിനായി ഖാണ്ഡവവനം ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന സമയം. പൊള്ളലേറ്റ ഒരു പാമ്പ് രക്ഷിക്കണമെന്നപേക്ഷിച്ചുകൊണ്ട് ഒരു പുള്ളുവത്തിയുടെ അടുത്തെത്തി. പുള്ളുവത്തി പാമ്പിനെ വേഗം ഒരു കുടത്തിൽ കയറ്റി. അങ്ങനെ പാമ്പ് തീയിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇതുകണ്ട ബ്രഹ്മാവ് പുള്ളുവത്തിയെ അനുഗ്രഹിച്ചു. പുള്ളുവത്തിയുടെ കുടം കൊട്ടിയാൽ പാമ്പുകളെ പ്രീതിപ്പെടുത്താമെന്നായിരുന്നു അനുഗ്രഹം. ഇങ്ങനെയാണത്രെ പുള്ളുവക്കുടം എന്ന വാദ്യമുണ്ടായത്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
തവിൽ
ദക്ഷിണേന്ത്യയിൽ വളരെയധികം പ്രചാരമുള്ള വദ്യോപകരണമാണ് തകിൽ. തകിലും നാദസ്വരവും ഇടകലർത്തിയാണ് മേളമുണ്ടാക്കുക. കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിവാഹങ്ങളിൽ കല്ല്യാണ വാദ്യമായി ഉപയോഗിക്കുന്നത വാദ്യമാണിത്. കാവടി ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത വാദ്യമാണിത്.
ഒരു അവനദ്ധവാദ്യമാണ് തകിൽ. അവനദ്ധമെന്നാൽ കെട്ടിയുണ്ടാക്കിയത്, തുകൽ കെട്ടിയത് എന്നൊക്കെയാണർഥം. ഇത്തരത്തിലുള്ള മുപ്പതിലേറെ വാദ്യങ്ങൾ കേരളത്തിൽ നിലവിലുണ്ട്. അവയിലൊന്നാണ് തകിൽ. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രചാരമുള്ള ഒരു വാദ്യമാണിത്. ഇതിന് തവിൽഎന്നും ഒരു നാമഭേദമുണ്ട്.
ഏറെക്കുറെ മൃദംഗത്തിന്റെ ആകൃതിയാണ് തകിലിനുള്ളത്. എന്നാൽ നടുഭാഗം വീർത്തുരുണ്ടിരിക്കും. ഇരു തലകളേക്കാളും അല്പം വണ്ണക്കൂടുതൽ കുറ്റിയുടെ നടുഭാഗത്തിന് ഉണ്ടായിരിക്കും. ഇടന്തലയേക്കാൾ ചെറുതാണ് വലന്തല. ഇരുവശത്തും തുകൽ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. തുകൽ കുറ്റിയുമായി ബന്ധിപ്പിക്കുന്നത് വട്ടങ്ങളിലൂടെയാണ്. വട്ടത്തിന്റെ ചട്ടം ഉരുണ്ടതായിരിക്കും. തുകൽ വാറുകൾ കൊണ്ടാണ് വട്ടങ്ങൾ കുറ്റിയിൽ ഉറപ്പിക്കുന്നത്. ഇടന്തലയിൽ നിന്നും വലന്തലയിൽ നിന്നും ഉയരുന്ന നാദങ്ങൾ വ്യത്യസ്തങ്ങളാണ്. നിർമ്മാണ രീതികൊണ്ടും വലിപ്പ വ്യത്യാസം കൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. ഇടന്തലയ്ക്കലുള്ള തോലിന്റെ ഉൾഭാഗത്ത് ഒരു തരം പശ പുരട്ടി പരുവപ്പെടുത്തുകയാണ് പതിവ്. അതിനെ പദം ചെയ്യുക എന്നു പറയുന്നു. ഇരു തലകളിലും അനുവർത്തിക്കുന്ന വാദനരീതിയും വ്യത്യസ്തങ്ങളാണ്. ഇടന്തലയിൽ കൈവിരലുകളിൽ ലോഹച്ചുറ്റുകളിട്ട ശേഷമാണ് വാദനം ചെയ്യുന്നത്. വലന്തല അല്പം വളഞ്ഞ കോലുകൊണ്ട് കൊട്ടുകയാണ് പതിവ്.
നാഗസ്വരത്തോടൊപ്പം കച്ചേരികളിൽ അകമ്പടി വാദ്യമായി ഉപയോഗിക്കുന്ന വാദ്യമാണ് തകിൽ. നാഗസ്വരക്കച്ചേരികളിൽ രണ്ട് തകിൽ വിദ്വാന്മാരിരുന്ന് നടത്താറുള്ള തനിയാവർത്തനം ഈ വാദ്യത്തിന്റെ ഏറ്റവും ആകർഷകമായ പ്രയോഗമുഹൂർത്തമാണ്. ദേവന്മാരെ പള്ളിയുണർത്താൻ ക്ഷേത്രങ്ങളിൽ തകിൽ കൊട്ടുന്ന പതിവുണ്ട്. ഉത്തരകേരളത്തേക്കാൾ ദക്ഷിണകേരളത്തിലാണ് തകിലിന് പ്രചാരമുള്ളത്. തമിഴകത്ത് ആവിർഭവിച്ച വാദ്യമാണ് തകിൽ എന്നതാകാം ഇതിനു കാരണം. തമിഴ്നാട്ടിന്റെ തനതു വാദ്യകലയിലൊന്നായ നെയ്യാണ്ടിമേളത്തിൽ തകിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഈ മംഗളവാദ്യം വിവാഹാദി കർമങ്ങളിൽ ഉപയോഗിച്ചുവരുന്നു. ക്ഷേത്രങ്ങളിൽ ശീവേലി, ദീപാരാധന എന്നീ സന്ദർഭങ്ങളിൽ തകിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ വേലകളിക്ക് തകിൽ പശ്ചാത്തലവാദ്യമായി ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു തകിൽവാദനസന്ദർഭമാണ് ഒറ്റയും തകിലും. ഒറ്റ ഇന്ന് പ്രചാരത്തിലില്ലാത്ത ഒരു വാദ്യമാണ്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
മണൽ ഘടികാരം
മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ് ഘടികാരം അഥവാ ക്ലോക്ക്. ഭൂമി സൂര്യനുചുറ്റും പരിക്രമണം നടത്തുന്നതും അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി, വർഷം, ദിവസം എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന് മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ (ക്ലോക്കുകൾ) ഉപയോഗിച്ചിരുന്നു. പ്രധാനമായും ഭൂമിയുടെ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്.
പണ്ടുകാലത്ത് ചെറിയ സമയമളക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് മണൽ ഘടികാരം. ഇംഗ്ലീഷിൽ ഇതിനെ Hourglass, Sandglass, Sand timer, Sand clock എന്നെല്ലാം വിളിക്കുന്നു. ലംബമായി ഘടിപ്പിച്ച രണ്ട് ഗ്ലാസ് ബൾബുകൾ ചേർന്നതാണ് ഇതിന്റെ പ്രധാന ഘടന. ഗ്ലാസ് ബൾബുകൾക്കിടയിലെ സുഷിരത്തിലൂടെ മുകളിലെ ബൾബിൽ നിന്ന് താഴെയുള്ള ബൾബിൽ മണൽ വീണു നിറയാനെടുക്കുന്ന സമയം അവലംബിച്ചിട്ടുള്ളതാണു മണൽ ഘടികാരത്തിന്റെ ഉപയോഗരീതി. മണലിന്റെ അളവ്,ഇനം,ഗ്ലാസിന്റെ വലിപ്പം,സുഷിരത്തിന്റെ വ്യാസം എന്നീ ഘടകങ്ങൾ അളന്നുകിട്ടുന്ന സമയത്തെ സ്വാധീനിക്കുന്നു.
അർദ്ധഗോളാകാരങ്ങളായ രണ്ട് അറകളെ നേർത്ത ഒരു ദ്വാരം കൊണ്ട് ബന്ധപ്പെടുത്തി, സ്ഫടികം കൊണ്ട് നിർമ്മിച്ച ഈ ഉപകരണത്തിൽ മണൽ നിറച്ചിരിക്കും. ഓരോ തവണയും തലതിരിച്ചു വക്കുമ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മണൽ മുഴുവൻ ചോർന്നുപോകാനെടുക്കുന്ന ചെറിയ സമയം മാത്രമാണ് ഇതുകൊണ്ട് അളക്കാൻ കഴിഞ്ഞിരുന്നത്. ഈ സമയത്തിന് കൃത്യമായ ആവർത്തനസാദ്ധ്യത ഉണ്ടായിരുന്നു. മണൽ ഘടികാരത്തിന്റെ ഉദ്ഭവത്തെപറ്റി അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ക്രിസ്തു വർഷം, എട്ടാം നൂറ്റാണ്ടിൽ Luitprand എന്ന സന്യാസിയാണ് മണൽ ഘടികാരം യൂറോപ്പിൽ അവതരിപ്പിച്ചത് എന്ന് കരുതുന്നു.
മണൽ ഘടികാരം പോലെ തന്നെ ,നമ്മുടെ നാട്ടിൽ ഉപയോഗിച്ചിരുന്ന ഒരു തരം ജലഘടികാരമാണ് നാഴികവട്ട. ജലം നിറച്ച ഉരുളിയിൽ ചെറിയ ദ്വാരമുള്ള ഒരു പാത്രം വയ്ക്കുന്നു.കൃത്യം ഒരു നാഴിക കഴിയുമ്പോൾ ഈ ദ്വാരത്തിൽ കൂടി ജലം പാത്രത്തിൽ കയറി പാത്രം മുങ്ങുന്നു. ഇങ്ങനെ ദ്വാരമുള്ള ചെറിയ പാത്രം മുങ്ങാനെടുക്കുന്ന സമയമാണ് "ഒരു നാഴികവട്ട "..!!
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
തുടി
ഒരു കേരളീയ തുകൽ വാദ്യമാണ് തുടി. ഏകദേശം ഉടുക്കിന്റെ ആകൃതിയാണിതിന് എങ്കിലും അതിനെക്കാൾ അല്പം വലിപ്പം കൂടിയതുമാണ്. രണ്ട് വശത്തും തുകൽ പൊതിഞ്ഞിരിക്കും. ഇടയ്ക്കപോലെ ചുമലിൽ തൂക്കിയിടുകയും ചെയ്യുന്ന്. ഒരു വശത്ത് കോലുകൊണ്ട് തട്ടിയാണ് തുടി വായിക്കുന്നത്. ഇരുവശത്തുമുള്ള തുകൽ വട്ടങ്ങളെ കോർത്തുകെട്ടിയ ചരടിൽ, ഇടുങ്ങിയ മധ്യഭാഗത്ത് അമർത്തുമ്പോൾ ശബ്ദത്തിന് വ്യത്യാസം ഉണ്ടാകുന്നു. പൂതം, തിറയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്കാണ് തുടി ഉപയോഗിക്കുന്നത്. ഇതിൽ പൂതത്തിന്റെ ചുവടുകൾക്ക് അനുസരിച്ച് പലരീതിയിൽ കൊട്ടുന്നു. കുറുന്തുടി, നെടുന്തുടി, കടുന്തുടി തുടങ്ങിയവ തുടിയിലെ ചില രൂപങ്ങളാണ്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
ഡമരു
ഒരു സംഗീതോപകരണം. തുടി, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുടെ പ്രാചീന രൂപം. അകം പൊള്ളയായ ഒരു ചെറിയ ഉരുളൻ തടിയുടെ രണ്ട് അറ്റവും തുകൽ കൊണ്ട് പൊതിഞ്ഞൊരു വാദ്യമാണിത്. ആ തുകലിൽ കമ്പുകൊണ്ടോ കൈകൊണ്ടോ തട്ടി നാദം സൃഷ്ടിക്കുന്നു. ശിവന്റെ കൈയ്യിലെ വാദ്യോപകരണമായി ഡമരു പുരാണങ്ങളിൽ കാണപ്പെടുന്നു.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
വില്ല് (വാദ്യം)
കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഇത് പല രൂപത്തിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ഓണക്കാലത്ത് കലാപ്രകടനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ് "ഓണവില്ല് ". ചില പ്രദേശങ്ങളിൽ ഓണത്തെയ്യം (ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.
ഓണവില്ല്
'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ടു്.
മുള, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഞാൺ മുള കൊണ്ടാണ് നിർമ്മിക്കുന്നത്. സ്വല്പം വളച്ചു നിർത്തുന്ന പാത്തിയിൽ ഞാൺ വലിവോടെ ഉറപ്പിക്കും. ഇതിന്നായി ഞാണിന്റെ രണ്ടറ്റത്തും ഓരോ ചെറിയ കുട ഉണ്ടാകും.
ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേർത്താണ് ഇടത്തേ കൈ കൊണ്ട് വില്ല് പിടിക്കുന്നത്. തുടർന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോൽ കൊണ്ട് ഞാണിൽ കൊട്ടും. ഞാൺ ആവശ്യാനുസരണം അമർത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്.
വില്പ്പാട്ടിലെ വില്ല്
ദക്ഷിണകേരളത്തിൽ നിലവിലുള്ള ഒരു കലാപ്രകടനമായ വില്ലുപാട്ടിന്ന് മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാൺ കയർ കൊണ്ടാണ് കെട്ടുന്നത്. ഇതിന്റെ പാത്തിയിൽ ഏതാനും മണികൾ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നിൽ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണിൽ രണ്ട് കോലുകൾ കൊണ്ട് ശക്തിയോടെ കൊട്ടുമ്പോൾ വില്ലിൽ കെട്ടിയിരിക്കുന്ന മണികൾ ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ് ഇതു വാദ്യമായി ഉപയോഗിക്കുന്നത്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കുടം
വാവട്ടം കുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രമാണ് കുടം.
കളിമണ്ണ്, ലോഹം, ലോഹസങ്കരം, പ്ലാസ്റ്റിക്, സ്ഫടികം എന്നിവയാണ് പൊതുവെ കുടത്തിന്റെ നിർമ്മാണ വസ്തുക്കൾ. ഉപയോഗം, അസംസ്കൃത വസ്തുവിന്റെ ലഭ്യത എന്നിവ നിർമ്മാണത്തെ സ്വാധീനിക്കുന്നു.
സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഓട് എന്നിവ കൊണ്ടുള്ള കുടങ്ങൾ വളരെക്കാലമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അലൂമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്ക് എന്നിവയാൽ നിർമ്മിതമായ കുടങ്ങൾ താരതമ്യേന അടുത്ത കാലത്താണ് പ്രചാരത്തിലായത്. സ്വർണ്ണം, വെള്ളി എന്നിവയാൽ നിർമ്മിതമായ കുടങ്ങൾ വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണത്തിനും പൂജാ പാത്രമായും ഇവ ഉപയോഗിക്കപ്പെടുന്നു. ജലം ഉൾപ്പെടെയുള്ള പദാർത്ഥ സംഭരണത്തിനും ഉപയോഗിക്കുന്നു. ചെത്തുകാരൻ കള്ള് കുടത്തിൽ കള്ള് ശേഖരിക്കുന്നു. തെയ്യം അനുഷ്ടാനത്തിൽ കലശക്കുടം ഉപയോഗിക്കുന്നു. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന നന്നങ്ങാടി വലിയ മൺകുടം തന്നെയായിരുന്നു.
സംഗീതത്തിൽ വിവിധ രൂപങ്ങളിൽ കുടം ഉപയോഗിച്ചു വരുന്നു
ഘടം
കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന കുടം തന്നെയാണ് ഘടം.
പുള്ളുവൻ കുടം
ഒരു കേരളീയ വാദ്യോപകരണമാണ് പുള്ളുവൻ കുടം. മണ്ണുകൊണ്ട് തന്നെയാണ് ഈ വാദ്യം നിർമ്മിക്കുന്നത്. കുടത്തിന്റെ അടിഭാഗം തുരന്നെടുത്ത് അവിടെ തുകൽ ഒട്ടിക്കുന്നു.
വില്ലുപാട്ട്
കളിമൺകുടമാണ് വില്ലുപാട്ടിൽ ഉപയോഗിക്കുന്നത്. വയ്ക്കോൽ ചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയ കമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കോൽത്താഴുകൾ
വീടുകളും കടകളും മറ്റും ഭദ്രമായി പൂട്ടിവെക്കാൻ സങ്കീർണ്ണമായ പലതരം പൂട്ടുകൾ ഉപയോഗിക്കാറുണ്ട്. അവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ പൂട്ടാണ് കോൽത്താഴുകൾ . ക്ഷേത്രത്തിൽ ശ്രീകോവിലും പൂജാമുറികളുമൊക്കെ പൂട്ടാൻ ഉപയോഗിക്കുന്ന പൂട്ടുകളാണ് ഇത്.
പ്രധാനമായും ക്ഷേത്ര ശ്രീകോവിൽ, പൂജാമുറി തുടങ്ങിയവ പൂട്ടുവാനായിട്ടാണ് കോൽത്താഴ് ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ കൂടുതൽ അടച്ചുറപ്പ് ആവശ്യമുള്ള മുറികൾക്കാണ് ഇത്തരം താഴിട്ട് പൂട്ടാറുണ്ടായിരുന്നത്. സാധാരണ ഓടിലാണ് ഇത് നിർമ്മിക്കുന്നത്. രൂപത്തിൽ വാദ്യോപകരണമായ തിമിലയുടെ ആകൃതിയാണ് കോൽത്താഴിനുള്ളത്.
പ്രധാനമായും രണ്ടുഭാഗമാണ് താഴിനുള്ളത്. കോൽ എന്ന് വിളിക്കുന്ന താക്കോൽ ഇട്ട് തള്ളി തുറക്കുമ്പോൾ ത്രികോണാകൃതിയിൽ പുറത്തേക്ക് തുറന്നുവരുന്ന ഒരു ഭാഗവും, അടുത്തത് തിമിലാകൃതിയുള്ള രണ്ടാമത്തെ ഭാഗവുമാണ്. കോൽത്താഴിട്ടു പൂട്ടുന്ന അവസരത്തിൽ ത്രികോണാകൃതിയിലുള്ള താഴിന്റെ ഈ ഭാഗം വലിപ്പം കുറഞ്ഞ് ഉള്ളിൽകടക്കുകയും അതിനുശേഷം വികസിക്കുകയും താഴ് പൂട്ടുകയും ചെയ്യുന്നു. തുറക്കാൻ ഉപയോഗിക്കുന്ന കോൽ താഴിനുള്ളിൽ ഇടുമ്പോൾ ഈ ത്രികോണാകൃതിയിലുള്ള താഴിന്റെ ഭാഗം വലിപ്പം കുറയുകയും, കോൽതാക്കോലിട്ട് ബലമായി അകത്തേക്ക് തള്ളുമ്പോൾ താഴ് പുറത്തേക്ക് തുറന്നുവരികയും ചെയ്യുന്നു. എല്ലാ കോൽ താക്കോലുകളും കണ്ടാൽ ഒരുപോലെ ഇരിക്കുമെങ്കിലും, ഒരു താക്കോൽ ഒരു താഴിനുമാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അത്രയ്ക്കു വിചിത്രവും പ്രത്യേകതയും ഉള്ളതായിരുന്നു ഇതിന്റെ നിർമ്മാണം.
പുരാതനകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഈ താഴ്, പുതിയ താഴിന്റെ ആവിർഭാവത്തോടെ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും ഇന്നും പല പുരാതന ക്ഷേത്രങ്ങളുടേയും, പഴയ തറവാടിന്റേയും പൂജാമുറികളും മറ്റും ഇതിട്ട് പൂട്ടാറുണ്ട്.
ആഡംബരത്തിനും ഭംഗിക്കും പ്രാധാന്യം കൊടുത്ത് നിർമ്മിക്കുന്ന ഇന്നത്തെ കൊട്ടാരസദൃശമായ വീടുകളുടെ കൊത്തുപണികൾ നിറഞ്ഞ കനത്ത വാതിലുകളിലും പഴമയുടെ പെരുമ വിളിച്ചോതുന്ന കോൽത്താഴുകൾ അപൂർവ്വമായെങ്കിലും കണ്ടു തുടങ്ങിയിട്ടുണ്ട്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
Knups (നുപ്സ്)
(മേഘാലയയിലെ പരമ്പരാഗത ഖാസി കുടകൾ)
മഴ വന്നാൽ കുട വേണം മഴ അതിശക്തമാണെങ്കിൽ കുടയും കരുത്തുള്ളതാക്കണം. അപ്പോൾ കോരിച്ചൊരിയുന്ന മഴ പെയ്യുന്ന മൗസിൻറവും ചിറാപുഞ്ചിയുമൊക്കെ ഉള്ള മേഘാലയക്കാർക്ക് അവരുടെ കുട തീർച്ചയായും കരുത്തൻ തന്നെ ആകണം .അതാണ് knups.
മുളയും ഇലയുംകൊണ്ടു നിർമിക്കുന്ന പരമ്പരാഗത കുട ആണ് knups. തലയും ശരീരവും ഒരു പോലെ മൂടുന്നു എന്നതാണ് knups ന്റെ ഏറ്റവും വലിയ ഗുണം.വർഷത്തിന്റെ അധിക സമയവും മഴ പെയ്യുന്ന നാട്ടിൽ മഴയെ പേടിക്കാതെ രണ്ടുകയ്യും സ്വതന്ത്ര മായി ഉപയോഗിച്ചു ജോലിചെയ്യാൻ വേണ്ടിയാണ് നുപ്സ് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്.പിന്നീട് അത് മേഘാലയൻ ജീവിതത്തിന്റെ ഭാഗമായി മാറി. ശക്തമായ കാറ്റിൽ പോലും പറന്നു പോകില്ല എന്നത് നുപ്സ് നെ ജനപ്രിയമാക്കുന്നു.വലിയ ആലിപ്പഴം പൊഴിയുന്ന സമയങ്ങളിൽ പരിക്കുകൾ കൂടാതെ രക്ഷപ്പെടാനും നുപ്സ് സഹായിക്കുന്നു.
120 രൂപ മുതൽ 150 രൂപ വരെയാണ് നുപ്സ് ന്റെ വില. തല മാത്രം മൂടുന്ന ഇതിന്റെ ചെറിയ മോഡൽ knup rit( നപ്രിട്) എന്ന പേരിൽ അറിയപ്പെടുന്നു.പുതിയ തലമുറ ഫാഷൻ ന്റെ പേരിൽ കുടയ്ക്ക് പുറകെ പോകുന്നുണ്ടെങ്കിലും മേഘാലയൻ കാലാവസ്ഥക്ക് അനുയോജ്യമായ knups ന് ഇപ്പോഴും നല്ല പ്രചാരം ഉണ്ട്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
ആവണപ്പലക
പണ്ടുകാലത്ത് ധ്യാനത്തിനും,നാമം ജപിക്കുന്നതിനും പൂജയ്ക്കും ആവണപ്പലക ഉപയോഗിച്ചിരുന്നു.ഏതാണ്ട് വൃത്താകൃതിയിലുള്ളതും, പ്ലാവിന്റെ തടികൊണ്ട് നിർമ്മിച്ചതുമായ ഈ പലകയുടെ ചുറ്റുപാടുമുള്ള അരിക് ലളിതമായ അലങ്കാരവേലകളോടുകൂടിയതാണ്. പിടിക്കാൻ പാകത്തിൽ മനോഹരമായ ഒരു കൈപ്പിടിയും, ചുമരിൽ തൂക്കിയിടാനായി കൈപ്പിടിയുടെ അറ്റത്ത് ഒരു ചെറുദ്വാരവും ഉണ്ടാകാറുണ്ട്. കൂര്‍മ്മാകൃതിയിലുള്ളതാണ് ആവണപ്പലക. കൂര്‍മ്മാസനത്തില്‍ ഇരിക്കുകയാണെന്നതാണ് സങ്കല്പം.ആമപ്പലകയെന്നും ഇതിനു പേരുണ്ട്. പൂർണ്ണതയിൽ നിന്നും ചെയ്യുന്നതാണ് പൂജ. മൂലാധാരം തൊട്ട് സഹസ്രാരചക്രം വരെ പൂർണ്ണ ചൈതന്യത്തോടെ ഇരിക്കുന്ന സാധകൻമാർക്കും പൂജാരിമാർക്കും തന്റെ ചൈതന്യം ഒട്ടും തന്നെ നഷ്ടപ്പെടാതെ പൂജാവേളയിൽ ഇരിക്കാൻ ഇതു പോലെ പൂർണ്ണ വലിപ്പത്തിലുള്ള ആവണപ്പലകകൾ ഉപയോഗിക്കുന്നു.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
പേജർ
1995 ൽ ആരംഭിച്ച ഇന്ത്യക്കാരന്റെ ആഡംബര സന്ദേശ ഉപകരണം. 1990 കഴിഞ്ഞുള്ള ഉദാരവ്യവസായനയത്തിന്റെ ഭാഗമായാണ് പേജർ ഇന്ത്യയിലെത്തുന്നത്. യാത്രക്കിടയിലും മറ്റും ചെറിയ സന്ദേശങ്ങൾ ബീപ് ശബ്ദത്തോടെ കൈമാറാം. അക്കാലത്ത് 2 മില്യൺ പേജർ ഉപഭോക്താക്കൾ ഇന്ത്യയിലുണ്ടായിരുന്നു. മോട്ടോറോളക്കാണ് കുത്തക - 80 %. ബാക്കി BPL, മൊബിലിങ്ക് ,പിന്നൊന്നും. അക്കാലത്ത് പേജർ വിലപിടിപ്പുള്ളതാണ് - രൂപ 10,000 ന് മുകളിൽ . കാളർ സാങ്കേതികതയാണ് അടിസ്ഥാന പ്രവർത്തന തത്വം. മൊബൈൽ ഫോൺ വന്നതോടെ പേജറിന് ഡിമാന്റ് കുറഞ്ഞു. ആദ്യകാലത്ത് മൊബൈൽ ഉപയോഗം ചെലവേറിയതിനാൽ ,പേജർ കുറച്ചു കാലം കൂടി പിടിച്ചു നിന്നു. ഇപ്പോൾ ഇന്ത്യയിൽ ആകെ 50,000 പേജർ ഉപഭോക്താക്കളുണ്ടത്രേ. ലാൻഡ് ഫോൺ -മൊബൈൽ ഫോൺ ഘട്ടങ്ങളിലെ ഇടനിലക്കാരനായി പേജർ അറിയപ്പെടുന്നു. മുൻ പേജർ കമ്പനികൾ ,പിന്നീട് പേജറിന് ആവശൃം കുറഞ്ഞതോടെ മൊബൈൽ ഫോൺ രംഗത്തേക്ക് മാറി. വ്യക്തിതിഗത കരുതൽ ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കുതിരവിളക്ക്
മദ്ധ്യകാലഘട്ടത്തിൽ യൂറോപ്പിലെങ്ങും ഉപയോഗിച്ചിരുന്ന രജകീയവിളക്കാണ് കുതിരവിളക്ക്.ഈ വിളക്കു മാതൃകയുടെ ഉല്പത്തി ഗ്രീസിലാണ്.അതുകൊണ്ട് ഇതിന് യവന വിളക്ക് എന്നും പേരുണ്ട്.യൂറോപ്യന്മാരുമായുള്ള കച്ചവടത്തിലൂടെ ഇത് തിരുവിതാം കൂറിലും എത്തിച്ചേർന്നു.തക്കലക്കടുത്തുള്ള പദ്മനാഭപുരം കൊട്ടാരത്തിൽ ചെന്നാൽ ഇതു കാണാം.
പദ്മനാഭപുരം കൊട്ടാരത്തിൽ പോയിട്ടുള്ളവർക്ക് സുപരിചിതമാണ് ഈ വിളക്ക്. സാധാരണ നമ്മുടെ തൂക്ക് വിളക്കുകൾ വിളക്കിന്റെ നടുഭാഗത്ത് ആയിരിക്കും തൂക്കിയിടാനുള്ള ചങ്ങല വരുന്നത്. എന്നാൽ ഈ വിളക്കിൽ ഒരു സൈഡിൽ പിടിപ്പിച്ച കുതിരയുടെ മുകളിലാണ് ചങ്ങല ബന്ധിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും അല്പംപോലും ചെരിവ് ഇല്ലാതെയുള്ള ഈ വിദ്യ ഏറെ ആകർഷണീയമാണ്.
ഏത് ദിശയില്‍ കറക്കിവിട്ടാലും തിരിച്ചു പൂര്‍വ്വസ്ഥിതിയില്‍ എത്തുന്ന എത്തുന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ഗുരുത്വാകർഷണ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിർമ്മിതി.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
ചക്ക്
കൊപ്ര, എള്ള് തുടങ്ങിയവ ആട്ടി എണ്ണയുണ്ടാക്കാൻ കേരളത്തിലും മറ്റും പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന സംവിധാനമാണ് ചക്ക്. മരം കൊണ്ടു നിർമ്മിച്ച വലിയ ഒരു കുഴിയിൽ ഭാരമുള്ള കുഴ അമർത്തി തിരിച്ചാണ് എണ്ണ എടുക്കുന്നത്. കുഴ തിരിക്കാനായി കെട്ടിയ വലിയ തണ്ടിൽ കാളകളെ കെട്ടി ചുറ്റും നടത്തിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇതുപോലുള്ള ഉപകരണങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നു.
ആട്ടുകല്ലിന്റെ ആകൃതിയിലുള്ള പാറയിൽ കൊത്തിയെടുത്ത ഭാഗവും അരകല്ലിനു പകരം ഉലക്ക പോലുള്ള ഒന്നാണ് ഉപയോഗിക്കുന്നത്. പൂവണം എന്ന മരമാണ് ഇതിന് ഉപയോഗിക്കുന്നത്. ഉലക്കയാണ് തിരിക്കുന്നത്. ആട്ടുകല്ലിന്റെ ആകൃതിയിലുള്ള ഭാഗത്ത് എണ്ണ എടുക്കേണ്ട സാധനങ്ങൾ ഇട്ടുകൊടുക്കുന്നു. ചക്ക് ആട്ടുമ്പോൾ ഇട്ട നാളികേരം ചതഞ്ഞ് അരഞ്ഞ് എണ്ണ ചക്കിന്റെ വശത്തുള്ള ദ്വാരത്തിലൂടെ പുറത്തുവരുന്നത് ശേഖരിക്കുന്നു. ചക്കിന്റെ മുകളിലെ മേൽപ്പുരയ്ക്ക് ‘’’ആലത്തട്ടി’’’ എന്നു പറയും. ഉലക്കയിൽ നിന്ന് നീണ്ടു നിൽക്കുന്ന പലകയുടെ അറ്റത്താണ് മൃഗങ്ങൾക്കുള്ള നുകം പിടിപ്പിക്കുന്നത്. പലക, ഉലക്കയിൽ പിടിപ്പിക്കുന്ന ഭാഗത്തെ ‘’’ഒട്ടകം’’’ എന്നാണ് പറയുന്നത്. ഉലക്കയുടെ അറ്റത്തുനിന്നും താഴേക്ക് ‘’കൊക്കിയും’’’ ഒട്ടകത്തിന് മുകളിലേക്ക് ‘’’കരിയലും’’’ ഉണ്ട്.
കാളകളെയും കഴുതകളെയും കുതിരകളെയും മറ്റും ചക്ക് തിരിക്കാൻ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. യന്ത്രവൽക്കരണത്തോടെ ഈ രീതി ക്രമേണ അന്യം നിന്നു പോയി.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കൊതിക്കല്ല്
തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളെ വേർതിരിക്കാനായി സ്ഥാപിച്ച അതിർത്തി കല്ലുകളാണ് "കൊതിക്കല്ലുകൾ" എന്നറിയപ്പെടുന്നത്. രണ്ടടി വീതിയിലും, ആറടി മുതൽ പത്ത് അടി വരെ നീളമുള്ള ചതുരാകൃതിലുള്ള കരിങ്കൽതൂണിന്റെ (കൊതിക്കല്ല്) മൂന്ന് അടി ഉയരമുള്ള ഭാഗമാണ് മണ്ണിന് മുകളിൽ കാണുന്നത്. കല്ലിന്റെ ഒരു ഭാഗത്ത് കൊച്ചിയെ സൂചിപ്പിക്കുന്ന "കൊ" എന്നും, മറുഭാഗത്ത് തിരുവിതാം കൂറിനെ സൂചിപ്പിക്കുന്ന "തി" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനാലാണ്, ഈ അതിർത്തിക്കല്ലുകൾക്ക് "കൊതിക്കല്ലുകൾ" എന്ന പേര് വന്നത്.!!
കൊതിക്കല്ലുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണിന്ന് അവശേഷിക്കുന്നത്. കല്ലിലെ എഴുത്തുകൾക്ക് മങ്ങലേറ്റ് തുടങ്ങിയിട്ടുണ്ട്. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശപ്രകാരം ദിവാൻ രാമയ്യർ ദളവ നിർമിച്ച ഇല്ലിക്കോട്ടയുടെ ഭാഗമായാണ് കൊതിക്കല്ലുകൾ. രാജ്യസുരക്ഷയ്ക്കും വിവിധ ഉത്പന്നങ്ങൾ കൊച്ചിയിലേക്ക് കടത്തുന്നത് തടയുന്നതിനുമായിട്ടായിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇല്ലിക്കോട്ട നിർമിച്ചത്. കോട്ടയം ജില്ലയിലെ, വെള്ളൂർ പഞ്ചായത്തിലെ തൊട്ടൂർ ചാലാശേരി മുതൽ ചെമ്പ് പഞ്ചായത്തിലെ കീച്ചേരി വാലാത്തല വരെയുള്ള പത്ത് കിലോമീറ്റർ ദൂരത്തിലാണ് ഇല്ലിക്കോട്ട സ്ഥാപിച്ചത്.
തിരുവിതാംകൂർ-കൊച്ചി അതിർത്തിയിൽ തിരുവിതാംകൂറിന്റെ ഭാഗത്ത് 12-അടിയിലധികം ആഴത്തിലും പത്തടിയിലധികം വീതിയിലും ചരിച്ച് കിടങ്ങ് നിർമിച്ചാണ് കോട്ട കെട്ടിയത്. കോട്ട നിർമാണത്തിനായി മാറ്റിയ മണ്ണിൽ ഇല്ലിച്ചെടി വെച്ചുപിടിപ്പിച്ചതിനാലാണ് ഇത് ഇല്ലിക്കോട്ട എന്നറിയപ്പെട്ടിരുന്നതെന്ന് പഴമക്കാർ പറയുന്നു. കാർഷികവിളകളും പുകയില ഉത്‌പന്നങ്ങളും വിലക്കുറവായിരുന്ന തിരുവിതാംകൂറിൽനിന്ന് വില കൂടുതൽ ലഭിച്ചിരുന്ന കൊച്ചിയിലേക്ക് കടത്തുന്നത് തടയാനായി കോട്ടയോട് ചേർന്ന് പഴയ രീതിയിലുള്ള ചെക്ക് പോസ്റ്റുകളും എക്‌സൈസ് സ്റ്റേഷനുകളും ഉണ്ടായിരുന്നു.
വാച്ചറും പെറ്റി ഓഫീസറും ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്തിരുന്നു. അവിടെ ഉണ്ടായിരുന്ന എക്‌സൈസ് ഓഫീസുകളും ഇല്ലിക്കോട്ടയും കാലപ്പഴക്കത്താൽ നാമാവശേഷമായി. രാജഭരണകാലത്തെ ശേഷിപ്പുകളായ കൊതിക്കല്ലുകളെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ തിരുവിതാംകൂർ-കൊച്ചി അതിർത്തിയിലെ കോട്ടയും രാജഭരണ കാലത്തെ വിവരങ്ങളും പുതുതലമുറയ്ക്ക് വെറും കേട്ടുകേൾവി മാത്രമാകും..
കൊതിക്കല്ലുകൾ ആകൃതിയിലും, വലിപ്പത്തിലും, അക്ഷരങ്ങളുടെ എഴുത്തിനും കുറച്ച് വിത്യാസങ്ങൾ കാണാറുണ്ട്.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
കാഞ്ചിത്തെറ്റാലി
മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത്. പൂവരശിന്‍റെ(ചീലാന്തി) തടി കൊണ്ട് തോക്കിന്‍റെ ആകൃതിയില്‍ കൊത്തിയെടുക്കുന്ന തെറ്റാലിയില്‍, കഴുന്നുംകോല്‍(അമ്പ്) ഉറപ്പിച്ചുവയ്ക്കേണ്ട ഭാഗം നേര്‍രേഖയില്‍ കുറതീര്‍ത്ത് പൊഴിച്ചെടുക്കുന്നു. കാഞ്ചിയും വട്ടും ഉറപ്പിക്കുന്ന ഭാഗം സിലിണ്ടര്‍ ആകൃതിയില്‍ ഉള്ളില്‍ പൊഴിച്ചിരിക്കും. കാഞ്ചി കടത്തുന്ന പൊഴി അടിഭാഗത്തു കൂടി ഇതിലേക്ക് തുറന്നിരിക്കും. കന്നിന്‍കൊമ്പില്‍ കൊത്തിയെടുത്ത വട്ടും കാഞ്ചിയും ചലിക്കാവുന്ന വിധത്തില്‍ അലകിന്‍റെ ആണികള്‍ കൊണ്ട് തെറ്റാലിയില്‍ ഘടിപ്പിച്ചിരിക്കുന്നു. തെറ്റാലിയുടെ മുമ്പറ്റത്ത് ഇരുമ്പുകമ്പി ദൃഡമായി കടത്തി ഉറപ്പിച്ചിരിക്കുന്നു. അതിന്‍റെ ചുരുട്ടിയ അഗ്രങ്ങളില്‍ റബ്ബര്‍ ബാന്‍ഡ് നിര്‍മ്മിക്കാനെടുക്കുന്ന റബ്ബര്‍ കുഴല്‍ കീറിയെടുത്ത് കെട്ടിയുറപ്പിച്ചിരിക്കുന്നു. രണ്ടുവശത്തുനിന്നുമുള്ള റബ്ബര്‍നാടകളുടെ അറ്റങ്ങള്‍ ദൃഡമായ ചണക്കയര്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. കമുകിന്‍റെ അലകുകൊണ്ട് ചീകിയുണ്ടാക്കിയ കഴുന്നുംകോലാണ് എയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഇതിന്റെ കൂര്‍ത്ത അറ്റത്ത് മുപ്പല്ലി ഘടിപ്പിച്ചിരിക്കും. കഴുന്നുംകോലിന്‍റെ പിന്‍ ഭാഗത്ത് ചെറിയ ദ്വാരമിട്ട് പ്ലാസ്റ്റിക്‌നൂല്‍ കൊണ്ട് തെറ്റാലിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
തെറ്റാലി എയ്യുന്നതിനു തൊട്ടു മുമ്പുള്ള സമയത്ത് മാത്രമേ കുലയ്ക്കാറുള്ളൂ. അതിനായി തെറ്റാലി കീഴോട്ടായി നിലത്തു കുത്തിപ്പിടിക്കുന്നു. അറ്റത്തുള്ള ഇരുമ്പുകമ്പിയില്‍ കാലുകള്‍ കൊണ്ട് ചവിട്ടിപ്പിടിച്ച് ചണക്കയര്‍ പിടിച്ചുവലിച്ച് കടിപ്പിച്ചുനിര്‍ത്തിയ വട്ടിന്‍റെ പിന്നില്‍ പിടിച്ചിടുന്നു. കഴുന്നുംകോല്‍ വട്ടിന്‍റെ ഇടയിലേയ്ക്ക് കടത്തി തെറ്റാലിയില്‍ ചേര്‍ത്തുവയ്ക്കുന്നു.ഇനി വളരെ കരുതലോടെയേ ഇത് ഉപയോഗിക്കാവൂ. പുഴകളിലെ വരാല്‍(ബ്രാല്‍), കരിമീന്‍, ചേറുമീന്‍ എന്നീ മത്സ്യങ്ങളെയാണ് ഇതുപയോഗിച്ച് സാധാരണയായി പിടിക്കുന്നത് . ഉപരിതലത്തിലേക്ക് പൊങ്ങിവരുന്ന അവസരത്തില്‍ ഉന്നം പിടിച്ച് കാഞ്ചിവലിക്കും. കടിച്ചുനിന്നിരുന്ന കാഞ്ചി വട്ടില്‍നിന്നും വേര്‍പെടുമ്പോള്‍ റബ്ബര്‍നാടയുടെ ഇലാസ്തികതയാല്‍ ശക്തിയായി കറങ്ങുകയും ചണക്കയര്‍ കഴുന്നുംകോലിന്നെ ശക്തിയായി പൊഴിയിലൂടെ മുന്നോട്ടു തെറിപ്പിക്കുകയും ചെയ്യുന്നു. കഴുന്നുംകോലിലെ മുപ്പല്ലി മീനിന്‍റെ മേല്‍ തറച്ചുകയറും. നീണ്ട പ്ലാസ്റ്റിക് ചരട് ഉള്ളതിനാല്‍ കഴുന്നുംകോല്‍ പിടക്കുന്ന മത്സ്യത്തോടൊപ്പം കരയ്ക്കെടുക്കാം.
🌲🌲🌱🌱🌿🌳🎋 🥀🥀🥀🥀 🌲🌲🌱🌱🌿🌳🎋 |
മഷി ഗുളിക
പഴയകാലത്ത് എഴുതാനായി ഫൗണ്ടൻ പേനയിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് മഷി ഗുളിക. ഉദ്ദേശം നാല്‍പ്പത്, നാല്‍പത്തഞ്ച് വര്‍ഷം മുന്‍പ് വരെ ഉപയോഗത്തിലുണ്ടായിരുന്ന വസ്തുവാണ് ഈ ഗുളിക. മഷിപ്പേനകളില്‍ നിറയ്ക്കാൻ മഷിയായി രൂപപ്പെടുത്തി എടുത്തിരുന്നത് ഇത്തരം ഗുളികകളാണ്. ഈ ഗുളിക സാധാരണ പച്ചവെള്ളത്തിലോ അല്ലങ്കിൽ തിളപ്പിച്ചാറിയ വെള്ളത്തിലോ ലയിപ്പിച്ച ശേഷം കോട്ടൺ തുണിയില്‍ അരിച്ചെടുത്ത് പേനയില്‍ ഒഴിച്ചാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. കരടില്ലാതെ, നേർമ്മയായി പൊടിച്ച് വേണം മഷി ഗുളിക വെള്ളത്തിൽ ലയിപ്പിക്കേണ്ടത്.
മഷി ഗുളിക വെള്ളത്തിൽ ലയിപ്പിച്ച് കുമ്മായത്തിൽ ചേർത്ത് വിവിധ നിറങ്ങളിൽ അക്കാലത്ത് പോസ്റ്ററുകൾ എഴുതിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചുമരെഴുത്തിനും ചിഹ്നങ്ങൾ വരയ്ക്കാനും വിവിധ വർണ്ണങ്ങളിലുള്ള മഷി ഗുളിക കുമ്മായത്തിൽ ലയിപ്പിച്ച് ക്ലാഞ്ഞിൽ കൊണ്ട് വിവിധ വർണ്ണങ്ങളിൽ എഴുതിയിരുന്നു. വീട് മോടികൂട്ടാൻ കുമ്മായത്തിനൊപ്പം ചിലർ മഷി ഗുളിക ചേർക്കുമായിരുന്നു. സസ്യങ്ങളിൽ നിന്നും പ്രാചീനകാലത്ത് മഷി നിർമ്മിച്ചിരുന്നു.
"കടുക്കാമഷി" പണ്ട് നിലവിലുണ്ടായിരുന്നു. കടുക്കാമഷിയെക്കുറിച്ച് വിഖ്യാത സാഹിത്യകാരൻ തകഴി പറഞ്ഞതിങ്ങനെയാണ്. " കടുക്ക കൊണ്ട് മഷിയുണ്ടാക്കുന്നതു തന്നെ വലിയ ജോലിയായിരുന്നു. കടുക്കാത്തോട് തല്ലിപ്പൊട്ടിച്ച് വെള്ളത്തിലിട്ട് അതിൽ തുരുമ്പിച്ച ഇരുമ്പ് കഷണം ഇട്ട് തിളപ്പിച്ച വെള്ളം വറ്റിച്ചാണ് കടുക്കാമഷി ഉണ്ടാക്കിയിരുന്നത് " ഇതിൽ പടിക്കാരം (ആലം) ചേർത്താൽ നല്ല കടുത്ത മഞ്ഞ നിറം ലഭിക്കും. അന്നഭേദി (അയൺസൾഫേറ്റ്) ചേർത്താൽ കറുത്ത മഷി ലഭിക്കും. താന്നിക്ക ഉപയോഗിച്ചും മഷിയുണ്ടാക്കിയിരുന്നു. നെല്ലിക്ക, ബീറ്റ്റൂട്ട്, മഞ്ഞൾ തുടങ്ങിയവയും മഷി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.