Homepage Backup

മലയാളീ കലക്ടേഴ്സ്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നാണയം-സ്റ്റാമ്പ്-കറന്‍സി-പുരാവസ്തു എന്നിവ ശേഖരിക്കുന്ന മലയാളികള്‍ക്ക് പരസ്പരം വിജ്ഞാന ശകലങ്ങള്‍ പങ്കുവയ്ക്കുവാനും, സൗഹൃദം നിലനിര്‍ത്താനും കളക്ഷന്‍ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും പോസ്റ്റു ചെയ്യുവാനും അവസരമൊരുക്കുന്ന മലയാളീ കലക്ടേഴ്സ് എന്ന വാട്സ്ആപ് ഗ്രൂപിന്‍റെ മറ്റൊരുസംരംഭമാണ് ബ്ലോഗ്.

"To be human is to have a collection of memories that tells you who you are and how you got there." -Rosecrans Baldwin


ലോക മലയാളീ കലക്ടേഴ്സ്  സംഗമം

2014 ല്‍ രൂപംകൊണ്ട മലയാളി കലക്ടേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ കീഴില്‍ നാണയം സ്റ്റാമ്പ് കറൻസി പുരാവസ്തു ശേഖരണം ഹോബിയാക്കിയ മലയാളികളുടെ സൗഹൃദ സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ലോക മലയാളീ കലക്ടേഴ്സ്  സംഗമം അരങ്ങേറി. 

മലപ്പുറം : പുരാവസ്തു, നാണയം, സ്റ്റാമ്പ്  സൂക്ഷിപ്പുകാരുടെ സംസ്ഥാന തല കൂട്ടായ്മയായ മലയാളി കളക്ടേഴ്സ് ഗ്രൂപ്പ് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജുമായി സഹകരിച്ച് 'സമന്വയം 2018 ' എന്ന പേരിൽ പുരാവസ്തു നാണയ സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിച്ചു.

2018 ഡിസംബർ 7, 8 (വെള്ളി, ശനി) ദിവസങ്ങളിൽ വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ IAS  ഉദ്ഘാടനം ചെയ്തു.
പ്രദർശന ഉദ്ഘാടനം ഡോ. ഹുസൈൻ രണ്ടത്താണിയും മലയാളി കളക്ടേഴ്സ് സംഗമ ഉദ്ഘാടനം എം.ഇ.എസ് സംസഥാന സെക്രട്ടറി ഡോ.എൻ.എം മുജീബ് റഹ്മാനും  നിർവഹിച്ചു.

രാവിലെ 10 മുതൽ വൈകീട്ട് 7 വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമായിരുന്നു.

ഡിസംബർ 7 വെള്ളിയാഴ്ച്ച നാല് വിഭാഗങ്ങളിലേക്ക് നടnn പ്രദർശന മത്സരത്തിൽ വിജയികളായവർക്ക് ''ബെസ്റ്റ് മലയാളി കലക്ടർ'' അവാർഡ് നൽകി. അവാർഡ് ദാനം പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.

8ന് ശനിയാഴ്ച്ച നടന്ന സെമിനാറിൽ പുരാവസ്തു സൂക്ഷിപ്പും സംരക്ഷണവും, ടിപ്പു സുൽത്താൻ നാണയ പഠനം, തപാൽ സ്റ്റാമ്പിന്റെ ചരിത്രം, കേരളത്തിന്റെ താളിയോല പാരമ്പര്യം എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ അലി.എം.സി, ഡോ.എൻ. ശ്രീധർ, ഒ.കെ പ്രകാശ്, സന്തോഷ് ഇളയിടം, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എസ്.എസ്.എ ട്രയിനർ ഡാമി പോൾ മോഡറേറ്ററായിരുന്നു. 

പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടന്ന  ക്വിസ് മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും കാശ്പ്രൈസും അടങ്ങുന്ന സി.ഹസീന താഴേക്കോട് സ്മാരക അവാർഡ്‌ നൽകി.

പുരാതന കാർഷിക ഉപകരണങ്ങൾ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത വെള്ളിനാണയം, ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്,  പ്രാചീന റോമൻ നാണയങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ വോൾ മാഗസിൻ എന്നിവ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

സംഘാടക സമിതി ചെയർമാൻ  കെ.പി.എ.റഫീഖ് രാമപുരം, ബി.എം.എ.കരീം പെരിന്തൽമണ്ണ, ഉമ്മർ ചിറക്കൽ, ഡോ.അബ്ദുൽ ഹമീദ്.സി, പ്രൊഫ.ഷാജിദ് വളാഞ്ചേരി, ഹാരിസ് .പി, ഷമീർ ബാബു.എ, സൈതലവി.എം.പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.